- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശബരിമല യുവതീ പ്രവേശനത്തിൽ നവോത്ഥാന നായകനാകാൻ ഒരുങ്ങിയപ്പോൾ ലോക്സഭയിൽ 19 സീറ്റിലും തോറ്റു; സിൽവർ ലൈനിലെ പിടിവാശിയിൽ വികസന നായകനാകാൻ തുനിഞ്ഞപ്പോൾ തൃക്കാക്കരയിലും അടിപതറി; ശബരിമല മോഡലിൽ കെ റെയിലിലും എൽഡിഎഫ് യുടേൺ അടിക്കുമോ? വരാനിരിക്കുന്ന വീടു കയറി മാപ്പിരക്കുന്ന പഴയ കാലമോ?
കൊച്ചി: തോൽവികളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ടു പോകുമെന്നാണ് തൃക്കാക്കരയിലെ തോൽവി പ്രഥമികമായി അവലോകനം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയ കാര്യം. തൃക്കാക്കര നൽകുന്ന പാഠം ജനങ്ങൾക്ക് വേണ്ടാത്ത വികസനം അടിച്ചേൽപ്പിക്കൽ ആണോ? സംസ്ഥാന സർക്കാറിന്റെ വികസന പദ്ധതിയിലെ നാഴിക കല്ലെന്ന് അവകാശപ്പെടുന്ന സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമെന്ന് ബലംപിടുത്തം സിപിഎമ്മിനെ പിറകോട്ട് അടിച്ചോ? ഈ സംശയം ഇതിനോടകം തന്നെ അണികൾക്കിടയിൽ ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഇതോടെ മുൻപ് ശബരിമലയിൽ നവോത്ഥാനം നടപ്പിലാക്കാൻ ഇറങ്ങി പിന്നീട് യൂ ടേൺ അടിച്ച അതേ കാര്യം കെ റെയിലിലും ആവർത്തിക്കുമോ എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. കാരണം വരാനിരിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പാണ്. അവിടെയും ഒരു വൻ തോൽവി സിപിഎമ്മിന് താങ്ങാൻ കഴിയുന്ന കാര്യമില്ല.
സിൽവർ ലൈൻ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനത്തിനായി കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടണമെന്ന സർക്കാരിന്റെ വാശിയും തൃക്കാക്കരയിലെ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് പ്രഥാമികയായ വിലയിരുത്തൽ. കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കോൺക്രീറ്റ് കല്ലിടുന്നത് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ കഴിഞ്ഞ മാർച്ച് 28-ന് വിലക്കിയിരുന്നു. സർവേ നിയമങ്ങൾക്ക് വിരുദ്ധമാണ് ഇതെന്ന് വിലയിരുത്തിയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കെ-റെയിൽ കല്ലിടുന്നത് വിലക്കിയത്. എന്നാൽ, കോടതിയുടെ ഈ ഉത്തരവ് മറികടക്കാൻ സർവേ ഡയറക്ടറെ കൊണ്ട് ഉത്തരവിറക്കിയാണ് കല്ലിടൽ തുടർന്നത്.
ആരുമറിയാതെ സാമൂഹികാഘാത സർവേ നടത്താൻ കഴിയുമ്പോൾ എന്തിനാണ് ജനങ്ങളെ ഇങ്ങനെ ഭയപ്പെടുത്തുന്നതെന്നും കോടതി ചോദിച്ചിരുന്നു. സർവേയ്ക്കായി എത്തുന്നതിനു മുൻപ് നോട്ടീസ് നൽകണമെന്ന നിർദ്ദേശം കോടതി മുന്നോട്ടുവെച്ചപ്പോഴും അതിന് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സിൽവർ ലൈൻ പദ്ധതിക്കായി സർവേ നടത്തുന്നത് ചോദ്യം ചെയ്തുള്ള ഹർജി കഴിഞ്ഞ ജനുവരിയിലാണ് ഹൈക്കോടതിയിൽ എത്തുന്നത്. ഫിസിക്കൽ സർവേ നടത്താതെ എങ്ങനെയാണ് വിശദ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കിയത് എന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ട ഹൈക്കോടതി അന്ന് ഹർജിക്കാരുടെ ഭൂമിയിൽ സർവേ നടത്തുന്നത് നീട്ടിവെക്കാനും നിർദേശിച്ചു. കോടതിയുടെ ഈ ഇടക്കാല ഉത്തരവിനെതിരേ ഉടൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയാണ് സർക്കാർ ചെയ്തത്. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് സർവേ തുടരാൻ അനുമതിയും നൽകി.
എന്നാൽ, കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ വലിയ കോൺക്രീറ്റ് കല്ലിടുന്ന പ്രശ്നത്തിന് അപ്പോഴും പരിഹാരമുണ്ടായിരുന്നില്ല. തുടർന്നാണ് കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് സിംഗിൾ ബെഞ്ച് വിലക്കിയത്. കല്ലിടാനാണെങ്കിൽത്തന്നെ സർവേ ആക്ട് പ്രകാരം അനുവദനീയമായ കല്ലാണ് ഇടേണ്ടതെന്നും കോടതി ഓർമിപ്പിച്ചു. എന്നാൽ, സർവേ ഡയറക്ടറെ കൊണ്ട് ഉത്തരവിറക്കി വലിയ കല്ലിടുന്നത് സർക്കാർ തുടരുകയായിരുന്നു. കല്ലിട്ട ഭൂമിയുടെ ഈടിന്മേൽ വായ്പ കിട്ടുമോ എന്നതടക്കമുള്ള ചോദ്യങ്ങളും കോടതി ഇതിനു പിന്നാലെ ഉന്നയിച്ചു.
ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ നിരന്തര ഇടപെടലിന്റെ തുടർച്ചയായിട്ടായിരുന്നു തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കല്ലിടൽ തിരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചയാകുമെന്ന് തുടക്കത്തിലേ തന്നെ വ്യക്തമായി. ഇതോടെ എതിർപ്പുള്ള സ്ഥലങ്ങളിൽ സിൽവർ ലൈൻ പദ്ധതിക്കായി കല്ലിടില്ലെന്നും അവിടെയൊക്കെ ജിയോ ടാഗ് ആയിരിക്കും ഉപയോഗിക്കുക എന്നതുമായ തീരുമാനത്തിൽ സർക്കാർ എത്തി. പക്ഷേ, അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഇപ്പോൾ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർനടപടികളുടെ വേഗം കുറച്ചേക്കുമെന്ന സൂചനയുണ്ട്.
തൃക്കാക്കര ഫലം പദ്ധതിയെ ബാധിക്കില്ലെന്ന് സർക്കാരും സിപിഎമ്മും അവകാശപ്പെടുമ്പോഴും പദ്ധതിക്കുവേണ്ടി ഇതുവരെ തുടർന്ന ശൈലി ഇനിയുണ്ടാകാനിടയില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. മുമ്പ ശബരിമല വിഷയത്തിലും സമാനമായി പിടിവാശിയായിരുന്നു സിപിഎമ്മിന്. പിന്നീട് മാപ്പു പറഞ്ഞ് വീടുകൾ കയറി ഇറങ്ങിയത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവാരാണ്. സമാനമായ അവസ്ഥ കെ റെയിൽ വിഷയത്തിലും ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
സർക്കാരുയർത്തിയ വികസനത്തിന്റെ രാഷ്ട്രീയം വേണ്ടത്ര ചർച്ചചെയ്തില്ലെന്നു പറയുമ്പോഴും സിൽവർലൈനിനെതിരേ ഉയർന്ന പ്രതിഷേധം പ്രതിപക്ഷം മുതലെടുത്തെന്ന വിലയിരുത്തൽ സർക്കാരിനുണ്ട്. സിൽവർലൈൻ ഉൾപ്പെടെയുള്ള സർക്കാർ വികസനപദ്ധതികളുടെ വിലയിരുത്തലായി ഉപതിരഞ്ഞെടുപ്പ് മാറുമെന്ന് ഇടതുനേതാക്കൾ ആദ്യം അഭിപ്രായപ്പെട്ടെങ്കിലും പിന്നീട് അതേക്കുറിച്ച് പരാമർശിച്ചില്ല. അതേസമയം, സിൽവർലൈനിനെതിരായ ജനകീയ പ്രതിഷേധം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന നിലപാടിൽ യു.ഡി.എഫ്. നേതാക്കൾ ഉറച്ചുനിൽക്കുകയും ചെയ്തു.
പദ്ധതിക്ക് ഇനിയും കേന്ദ്രാനുമതി ലഭിക്കാത്തതും റെയിൽവേ ഭൂമിയിൽ സർവേക്ക് അനുമതി കിട്ടാത്തതും സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. പദ്ധതിക്ക് അനുമതിതേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ കണ്ടിരുന്നു. എന്നിട്ടും റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള ഫയലിൽ നടപടിയായില്ല. കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതിക്കെതിരേ ഉയരുന്ന വിമർശനങ്ങൾ ഒരു പരിധിവരെ പ്രതിരോധിക്കാൻ സർക്കാരിനു കഴിയും. പദ്ധതിക്ക് വേണ്ടി പിടിവാശി പിടിക്കും തോറും അത് യുഡിഎഫിനെ കരുത്തരാക്കുകയേ ഊള്ളൂവെന്ന വികാരം എൽഡിഎഫിലും ഉയർന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ