- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിന്റെ വേഗത സ്വയം നിയന്ത്രിക്കാം; ഡ്രൈവർക്ക് അശ്രദ്ധ സംഭവിച്ചാലും പേടിക്കണ്ട; ഒരു ട്രെയിൻ പുറപ്പെട്ട്, അഞ്ച് മിനിറ്റിനകം തന്നെ അടുത്ത ട്രെയിനിനു പുറപ്പെടാം; സിൽവർലൈനിൽ അന്താരാഷ്ട്ര നിലവാരമുള്ള ഇ.ടി.സി.എസ് ലെവൽ ടു സിഗ്‌നലിങ് എന്ന് കെ റയിൽ കോർപറേഷൻ
തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ റെയിൽപ്പാതയായ സിൽവർലൈനിൽ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിലവാരമുള്ള സിഗ്‌നലിങ് സംവിധാനം. ട്രെയിനുകൾക്ക് സിഗ്‌നൽ നൽകുന്നതിനും വേഗത നിയന്ത്രിക്കുന്നതിനും ഏറ്റവും സുരക്ഷിത സംവിധാനമായ യൂറോപ്യൻ റെയിൽ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന്റെ (ഇ.ആർ.ടി.എം.എസ്) ഭാഗമായ യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റം (ഇ.ടി.സി.എസ്) ആണ് സിൽവർലൈനിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
വിശദമായ പദ്ധതി രേഖയുടെ രണ്ടാം വാള്യത്തിന്റെ മൂന്നാം ഭാഗത്തിൽ ഈ സംവിധാനത്തെ കുറിച്ച് വിശദമാക്കുന്നുണ്ട്. ഇ.ടി.സി.എസ് സംവിധാനം ഉൾപ്പെട്ട അബ്സൊല്യൂട്ട് ആൻഡ് ഓട്ടോമാറ്റിക് സിഗ്‌നലിങ് സമ്പ്രദായം ഇന്ത്യൻ റെയിൽവേയിലെ ചില സെക്ടറുകളിൽ നിലവിലുണ്ട്. ഇതിന്റെ കുറേക്കൂടി ഉയർന്ന പതിപ്പായ ഓട്ടോമാറ്റിക് ട്രെയിൻ ഓപറേഷൻ ഓവർ ഇ.ടി.സി.എസ് -ലെവൽ ടു (level 2) ആണ് സിൽവർലൈനിൽ ഉപയോഗിക്കുക.
ഹൈ സ്പീഡ്, സെമി ഹൈസ്പീഡ് ട്രെയിനുകൾ ഒരു സെക്കൻഡിൽ 50 മുതൽ 100 മീറ്റർ വരെ സഞ്ചരിക്കും. അതുകൊണ്ടുതന്നെ പാതയോരത്തെ കളർ ലൈറ്റ് സിഗ്‌നലുകൾ നിരന്തരമായി നിരീക്ഷിച്ച് 160 കിലോമീറ്ററിൽ കുടുതൽ വേഗതയുള്ള ട്രെയിനുകൾ നിയന്ത്രിക്കാൻ എൻജിൻ ഡ്രൈവർക്ക് സാധിക്കില്ല. സിൽവർലൈൻ ഏർപ്പെടുത്തുന്ന സിഗ്‌നൽ സംവിധാനത്തിൽ ട്രെയിനിനകത്തു തന്നെ സിഗ്നൽ ലഭ്യമാകുന്ന കാബ് സിഗനലിങ് സിസ്റ്റമാണുണ്ടാകുക. യാത്രയിലുടനീളം ട്രെയിനിന്റെ വേഗത സ്വയം നിയന്ത്രിക്കാൻ കഴിയുമെന്നതാണ് കാബ് സിഗ്‌നലിംഗിന്റ പ്രത്യേകത.
ട്രെയിനുകളുടെ സ്ഥാനം, വേഗത, ആക്സിലറേഷൻ, മറ്റു ട്രെയിനുകളുടെ സ്ഥാനങ്ങൾ എന്നിവ അറിയാനുള്ള സംവിധാനം ഇ,ടി.സി.എസ് ലെവൽ ടു സിസ്റ്റത്തിലുണ്ട്. ട്രെയിനിന്റെ ലക്ഷ്യസ്ഥാനം, വേഗത, സഞ്ചരിക്കേണ്ട ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങൾ എൻജിൻ ഡ്രൈവർക്ക് കൃത്മയായി ലഭ്യമാകും. അഥവാ, ഡ്രൈവർക്ക് അശ്രദ്ധ സംഭവിച്ചാൽ പോലും എമർജൻസി സ്റ്റോപ്പ് വഴി ട്രെയിനിനെ സംരക്ഷിക്കാൻ ഈ സിസ്റ്റത്തിനു കഴിയും.
അബ്സല്യൂട്ട് സിഗ്‌നലിങ് സംവിധാനത്തിൽ രണ്ടു സ്റ്റേഷനുകൾക്കിടയിൽ ഒരു ട്രെയിൻ മാത്രമേ ഒരേ സമയത്ത് കടത്തി വിടാൻ പറ്റുകയുള്ളു. ഒരു ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തിയാൽ മാത്രമേ അടുത്ത ട്രെയിനിനു പുറപ്പെടാൻ പറ്റുകയുള്ളു. അപ്പോൾ പാതയുടെ ശേഷി പൂർണ്ണമായും ഉപയോഗിക്കാൻ കഴിയില്ല. സിൽവർലൈനിൽ ഒരു ട്രെയിൻ പുറപ്പെട്ട്, കുറഞ്ഞത് അഞ്ച് മിനിറ്റിനകം തന്നെ അടുത്ത ട്രെയിനിനു പുറപ്പെടാൻ പറ്റും. ഈ സൗകര്യമുള്ളതു കൊണ്ടു തന്നെ സിൽവർലൈനിൽ തീവണ്ടികളുടെ ഇടവേള പരമാവധി കുറക്കാൻ് പറ്റും. തുടക്കത്തിൽ, ഒരു ഭാഗത്തേക്ക് 20 മിനിറ്റ് ഇടവേളയിലാണ് സിൽവർലൈനിൽ ട്രെയിൻ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ഓട്ടോമാറ്റിക് ട്രെയിൻ ഓപറേഷൻ ഓവർ ഇ.ടി.സി.എസ് ലെവൽ ടു സംവിധാനം (എ.ഒ.ഇ) ഉപയോഗിച്ച് വണ്ടികൾ ഓടുമ്പോൾ അനവധി നേട്ടങ്ങളുണ്ട്, വാതിലുകൾ മുഴുവൻ അടഞ്ഞു കഴിഞ്ഞാൽ മാത്രമേ ഡ്രൈവർക്ക് സ്റ്റാർട്ട് ചെയ്യാൻ കഴിയുകയുള്ളു. ബട്ടൺ അമർത്തി ട്രെയിൻ സ്റ്റാർട്ട് ചെയ്തു കഴിഞ്ഞാൽ, വണ്ടിയുടെ വേഗത ഡ്രൈവർ നിയന്ത്രിക്കേണ്ടതില്ല. വളവിലും കയറ്റത്തിലുമൊക്കെ് വേഗത സ്വയം നിയന്ത്രിച്ച്, വണ്ടി മുന്നോട്ടു പോകും. ഓരോ സെക്ഷനിലും ആവശ്യമായ വേഗ നിയന്ത്രണം സിസ്റ്റം സ്വയം നടപ്പാക്കും. സ്റ്റോപ്പിൽ വണ്ടി താനേ നിൽക്കും. സ്റ്റേഷനിൽ നിൽക്കുന്നതോടെ വാതിലുകൾ താനേ തുറക്കും. യാത്രക്കാർ ഇറങ്ങുകയും കയറുകയും ചെയ്തു കഴിഞ്ഞാൽ ഡ്രൈവ്രർ ഡോറുകൾ അടക്കണം.
പൂർണ്ണമായും എൻജിൻ ഡ്രൈവറുടെ തീരുമാനത്തെ മാത്രം ആശ്രയിക്കാതെ കേന്ദ്രീകൃത സംവിധാനം വഴി ട്രെയിനിന്റെ വേഗത സ്വയം നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ട്രെയിൻ ഓപറേറ്റിങ് ഓവർ ഇ.ടി.സി.എസ് ലെവൽ ടു സംവിധാനം (എ.ഒ.ഇ) യുറോപ്പിനകത്തും പുറത്തും പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്.
കൂടുതൽ ഫലപ്രദവും സുരക്ഷിതവുമായ രീതിയിൽ റെയിൽ ഗതാഗതം നിയന്ത്രിക്കാൻ ഈ സിസ്റ്റം വഴി സാധിക്കും. ഈ സംവിധാനത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു നേട്ടം, വൈദ്യുതിയുടെ ഉപഭോഗം ഗണ്യമായി കുറക്കാൻ കഴിയും എന്നതാണ്. ഊർജം ലാഭിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ സിസ്റ്റത്തിൽ വണ്ടിയുടെ വേഗത (Driving profile) ക്രമീകരിക്കുന്നത്. ആധുനിക റെയിൽവേ ഗതാഗത സംവിധാനത്തിന്റെ ഭാഗമായ ഈ സിഗ്‌നലിങ് സംവിധാനം ഭാവിയിൽ അപ്ഗ്രേഡ് ചെയ്യാൻ പറ്റുന്ന വിധത്തിലാണ് സംവിധാനിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ