- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിൽ അംഗീകാരത്തിന് വേണ്ടി ഗുജറാത്ത് മോഡലിനെ പഠിച്ച കേരളം! ചീഫ് സെക്രട്ടറി വിപി ജോയിയുടെ സന്ദർശനം വലിയ ആഘോഷമാക്കി ഗുജറാത്ത് സർക്കാരും ബിജെപിയും; ഭൂപേന്ദ്ര പട്ടേലിന്റെ തുടർഭരണ മോഹത്തിന് പിണറായിയുടെ ഒരു കുതിര പവനോ? നടന്നതെല്ലാം മോദിയുടെ നയതന്ത്രം തന്നെ
തിരുവനന്തപുരം: ഡൽഹിയിലെ കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനോടു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചതനുസരിച്ചാണ് ഗുജറാത്തിലെ ഡാഷ്‌ബോർഡ് സംവിധാനത്തെക്കുറിച്ചു കേരളം പഠിക്കുന്നതെന്നു ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ കത്ത് എല്ലാത്തിനും തെളിവ്. കെ റെയിലിൽ കേന്ദ്രത്തെ അടുപ്പിക്കാനാണോ ഇതെന്ന സംശയവും ശക്തമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. ഈ സമയത്ത് കേരളത്തിലെ പ്രതിനിധി സംഘം വ്ന്നത് ഗുജറാത്തിൽ വലിയ ചർച്ചയാണ്. ഇതെല്ലാം ഗുജറാത്തിൽ ബിജെപി രാഷ്ട്രീയമായി ചർച്ചയാക്കി കഴിഞ്ഞു.
വലിയ സ്വീകരണമാണ് കേരള സംഘത്തിന് നൽകിയത്. ദേശീയ മാധ്യമങ്ങളെ അടക്കം എത്തിച്ച് ഈ പഠനം ഗുജറാത്ത് വാർത്തയാക്കി. അതിനിടെ, ഗുജറാത്തിലെ സിഎം ഡാഷ്‌ബോർഡ് ഏറെ കാര്യക്ഷമമാണെന്ന് അവിടെയെത്തി വിലയിരുത്തിയശേഷം ചീഫ് സെക്രട്ടറി പ്രതികരിച്ചു. പദ്ധതി പുരോഗതിയും ഉദ്യോഗസ്ഥ സേവനവും കൃത്യമായി വിലയിരുത്താനാകുമെന്നും ചൂണ്ടിക്കാട്ടി. ഇതെല്ലാം ഗുജറാത്തിൽ വലിയ പ്രതികരണങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഗുജറാത്തിൽ തുടർഭരണം ഉറപ്പിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമാകുകയായിരുന്നു കേരളം.
സന്ദർശന വിവരം അറിയിച്ച് കഴിഞ്ഞ 20നു ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാറിന് അയച്ച കത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന്റെ കാര്യം പറയുന്നത്. ഗുജറാത്തിലെ ഡാഷ്‌ബോർഡ് സംവിധാനം മികച്ചതാണെന്നു പിണറായിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന തന്നോട് ഗുജറാത്തിൽ പോയി ഈ സംവിധാനത്തെക്കുറിച്ചു പഠിക്കാനും നിർദ്ദേശിച്ചുവെന്നും വിശദീകരിക്കുന്നു. ഇത് മുഖ്യമന്ത്രിയും അംഗീകരിച്ചു. ഇത് ഗുജറാത്ത് മോഡലിന്റെ തിരിച്ചു വരവായി മാറുകയും ചെയ്തു.
ഗുജറാത്തിലെ സ്‌കൂളുകളുടെ പ്രവർത്തനം നിരീക്ഷിക്കാനുള്ള വിദ്യ സമീക്ഷാ കേന്ദ്രത്തിന്റെ മാതൃക പിന്തുടരാൻ കേരളം സന്നദ്ധത അറിയിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ട്വീറ്റും എത്തി. മുഖ്യമന്ത്രിയുടെ ഡാഷ്‌ബോർഡിന്റെ പ്രവർത്തനം മനസ്സിലാക്കിയ ശേഷം ചീഫ് സെക്രട്ടറി വി.പി ജോയി, സ്റ്റാഫ് ഓഫിസർ എൻ.എസ്.കെ ഉമേഷ് എന്നിവർ വിദ്യാ സമീക്ഷ കേന്ദ്രവും സന്ദർശിച്ചു. അങ്ങനെ എല്ലാ അർത്ഥത്തിലും കേരളത്തിന്റെ വരവ് ചർച്ചയാക്കുകയാണ് ഗുജറാത്തിലെ ബിജെപി.
ഓൺലൈൻ ഹാജർ, സ്‌കൂളുകളുടെ പ്രവർത്തനം എന്നിവ നിരീക്ഷിക്കാനുള്ളതാണ് ഡാഷ്‌ബോർഡ് വിദ്യ സമീക്ഷാ കേന്ദ്രത്തിന്റെ ഭാഗമാണ്. പ്രൈമറി സ്‌കൂളുമായി ബന്ധപ്പെട്ടുള്ള ഉയർന്ന സാങ്കേതികവിദ്യയുടെ ഉപയോഗം അദ്ഭുതമാണെന്നാണു വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദ്യ സമീക്ഷാ കേന്ദ്രത്തിന്റെ പ്രവർത്തനം മറ്റു സംസ്ഥാനങ്ങൾ പഠിക്കണമെന്നു കഴിഞ്ഞയാഴ്ച നിർദ്ദേശിച്ചിരുന്നു. ഇതാണ് കേരളം ശിരാസാവഹിക്കുന്നത്. കെ റെയിലിൽ കേന്ദ്രത്തിന്റെ അനുമതി അനിവാര്യമാണ്. അതുകൊണ്ട് തന്നെ മോദിയുടെ നിർദ്ദേശം കേരളം തള്ളാതെ സ്വീകരിക്കുകയായിരുന്നു എന്നാണ് സൂചന.
കെ റെയിലിലും ഇതിന് സമാനമായ സമീപനം പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് കേരള സർക്കാരിന്റെ പ്രതീക്ഷ. മോദിയുടെ ആഗ്രഹത്തിനൊപ്പമാണ് കേരളമെന്ന് വരുത്താൻ മാത്രമായിരുന്നു ഗുജറാത്ത് സന്ദർശനമെന്നും സൂചനയുണ്ട്. ഇതിന് വേണ്ടി ഖജനാവിലെ പണവും ചെലവാക്കി. എന്നാൽ ഗുജറാത്തിൽ കണ്ടതൊന്നും അതേ പടി കേരളത്തിൽ നടപ്പാക്കില്ല. അതു ചെയ്താൽ കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമുണ്ടാകും. എന്നാൽ കെറെയിലിന് വേണ്ടി എല്ലാം പോയി കണ്ടുവെന്ന് മാത്രം.
മറുനാടന് മലയാളി ബ്യൂറോ