- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ബിജെപിയെ മറന്ന് കേന്ദ്രസർക്കാർ കെ റെയിലിന് പച്ചക്കൊടി കാട്ടുമോ? കേന്ദ്ര ബജറ്റിലെ തീരുമാനം നിർണായകമാകും; കേരളത്തിന്റെ ആവശ്യം വിദേശ വായ്പ്പാ പരിധി ഉയർത്തണം എന്നത്; കെ റെയിലിന് ചുവപ്പുകൊടി കാട്ടാൻ പോകുന്ന കേരള ബിജെപി സംഘത്തിൽ മെട്രോമാൻ ഇ ശ്രീധരനും
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ ഭാവി എന്താകും? കേന്ദ്രസർക്കാറിന്റെ അനുമതിയോടെ പദ്ദതിയുമായി മുന്നോട്ടു പോകാൻ സംസ്ഥാന സർക്കാറിന് സാധിക്കുമോ എന്ന ആശങ്ക ശക്തമായിരിക്കുമ്പോൾ കേന്ദ്രസർക്കാറിന്റെ ബജറ്റും ഏറെ നിർണായകമാകും. കേന്ദ്രസർക്കാർ ബജറ്റിൽ കേരളം പ്രതീക്ഷിക്കുന്നത് നിരവധി കാര്യങ്ങളാണ്. സംസ്ഥാനത്തിന്റെ വിദേശ വായ്പാ പരിധി ഉയർത്തണം എന്നത് അടക്കമുള്ള കാര്യങ്ങളാണ് കേന്ദ്രത്തിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്.
അഞ്ചുവർഷത്തേക്കുകൂടി ജി.എസ്.ടി. നഷ്ടപരിഹാരം. ചൊവ്വാഴ്ച നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിൽ കേരള സർക്കാരിന്റെ പ്രധാന പ്രതീക്ഷകൾ ഇവയാണ്. മുൻവർഷം ആവശ്യപ്പെട്ടവയുൾെപ്പടെ 22 ഇനങ്ങളാണ് കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്താനായി കേരളം സമർപ്പിച്ചത്. കെ-റെയിലിന്റെ നിർദിഷ്ട അർധ അതിവേഗ തീവണ്ടിപ്പാതയായ സിൽവർലൈനിന് കേന്ദ്രത്തിന്റെ അനുമതി, സാമ്പത്തിക സഹായം എന്നിവ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത രണ്ടോ മൂന്നോ വർഷം വിദേശങ്ങളിൽനിന്നുൾപ്പെടെ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ വായ്പപരിധിയിൽ ഉൾപ്പെടുത്തരുതെന്ന സംസ്ഥാനത്തിന്റെ ആവശ്യവും പ്രധാനമായും കെ-റെയിലിനെ മുൻനിർത്തിയാണ്.
33,000 കോടി രൂപയാണ് കെ-റെയിലിനായി വായ്പയെടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്. കഴിഞ്ഞവർഷവും ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും കേന്ദ്രബജറ്റിൽ ഇടംകണ്ടില്ല. കെ-റെയിലിനെതിരേ പ്രതിഷേധം അലയടിക്കുമ്പോൾ കേന്ദ്രതീരുമാനം സംസ്ഥാന സർക്കാരിന് നിർണായകമാണ്. ബജറ്റിന് മുന്നോടിയായി സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഈ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.
ജി.എസ്.ടി.യിൽ വരുമാനം കുറഞ്ഞാൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് ഈ വർഷം ജൂണിൽ അവസാനിക്കും. കേരളം ഉൾപ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളുടെയും സാമ്പത്തികസ്ഥിതി ഇതോടെ പരിതാപകരമാവും. ഇതൊഴിവാക്കാൻ അടുത്ത അഞ്ചുവർഷത്തേക്കുകൂടി നഷ്ടപരിഹാരം നീട്ടണമെന്ന് സംസ്ഥാനങ്ങൾ ഏറെനാളായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്.
അതേസമയം കെ റെയിൽ പദ്ധതിക്ക് പച്ചക്കൊടി കാണിക്കാൻ വേണ്ടി ബിജെപി സംഘവും ഡൽഹിക്ക് പോകുന്നുണ്ട്. പദ്ധതിക്ക് അനുമതി നൽകരുതെന്ന് സംഘം റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടാനാണ് നീക്കം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സംഘത്തിൽ മെട്രോമാൻ ഇ. ശ്രീധരനും ഉണ്ടാകും. അടുത്തയാഴ്ചയാണ് സംഘം ഡൽഹിയിലെത്തുക.
പദ്ധതിയെ പൂർണമായും എതിർക്കുന്ന ബിജെപി തങ്ങളുടെ നീക്കങ്ങൾക്കും എതിർപ്പിനും കൂടുതൽ ശക്തി പകരുന്നതിനാണ് ഡൽഹിയിലേക്ക് പോകുന്നത്. പദ്ധതിക്ക് ഒരു കാരണവശാലും അനുമതി നൽകരുതെന്ന ആവശ്യമാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് മുൻപിൽ സംഘം ഉന്നയിക്കുക. പ്രതിനിധി സംഘത്തിൽ കേന്ദ്ര സഹമന്ത്രി വി. മുരളീധരനും ഉണ്ടാകും എന്നാണ് വിവരം.
പദ്ധതിക്കെതിരേ വലിയ പ്രക്ഷോഭപരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ഇതിന് കേന്ദ്ര മന്ത്രാലയത്തിന്റെയും കേന്ദ്ര നേതൃത്വത്തിന്റേയും പിന്തുണ തേടിയാണ് സംഘത്തിന്റെ ഡൽഹി യാത്ര. മെട്രോമാൻ ഇ ശ്രീധരനെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത് പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിലെ ദോഷവശങ്ങൾ കൂടി കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ്.
മറുനാടന് മലയാളി ബ്യൂറോ