തിരുവനന്തപുരം: കെ റെയിലിൽ കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിക്കാൻ മടിക്കുന്നതിന് മുമ്പിൽ സാമ്പത്തിക ബാധ്യതാ പ്രശ്‌നം. സിൽവർലൈൻ പദ്ധതിക്കു 33,700 കോടി രൂപ വായ്പയെടുക്കാൻ കെറെയിലിനു ഗാരന്റി നൽകുന്നതു സംസ്ഥാന സർക്കാരാണെങ്കിലും അതിന്റെ ബാധ്യത കേന്ദ്രസർക്കാരിന്റെ തലയിലാണ്. കേരളം അടച്ചില്ലെങ്കിൽ കേന്ദ്രം കൊടുക്കേണ്ടി വരും.

സംസ്ഥാന സർക്കാരുകൾ എടുക്കുന്ന വായ്പയുടെ തിരിച്ചടവു മുടങ്ങിയാൽ ഭരണഘടനാവകുപ്പ് 293 പ്രകാരം കേന്ദ്രത്തിനു ബാധ്യതയുണ്ട്. വിദേശ വായ്പയ്ക്ക് അനുമതി നൽകുന്നതു കേന്ദ്രസർക്കാരാണെങ്കിലും സംസ്ഥാന പദ്ധതികൾക്കു സംസ്ഥാന സർക്കാരിന്റെ ഗാരന്റി ആവശ്യപ്പെടും. വായ്പ തിരിച്ചടയ്ക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടാൽ സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതത്തിൽനിന്നാവും തുക പിടിക്കുക. ഇത് സംസ്ഥാനത്തെ സാമ്പത്തികമായി തളർത്തും. രാഷ്ട്രീയ പ്രതിഷേധവും ചർച്ചകളുമുണ്ടാക്കും. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന് വിഹിതം നൽകുന്നത് നിർത്താനും കഴിയില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രം കരുതലോടെ ഇടപെടുന്നത്.

സംസ്ഥാനങ്ങളും രാജ്യവും കടക്കെണിയിലാകാതിരിക്കാൻ സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ (ജിഎസ്ഡിപി) 29.5 ശതമാനമായി സഞ്ചിത കടം നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സംസ്ഥാനങ്ങൾ ഇതിൽ മാറ്റം വരുത്താറുണ്ട്. കേരളമാകട്ടെ കിഫ്ബിയിലൂടെ കടം എടുത്ത് മുമ്പോട്ട് പോവുകയാണ്. സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നത് പോലും കടമെടുത്താണ്. ഈ സാഹചര്യത്തിൽ കെറെയിലിലെ ബാധ്യത സർക്കാരിന് താങ്ങാനാവില്ല. പദ്ധതി ലാഭത്തിലാകാനും വർഷങ്ങൾ വേണ്ടി വരും. അതുകൊണ്ട് തന്നെ കടം എടുക്കുന്നത് കേന്ദ്രം ആശങ്കയോടെയാണ് കാണുന്നത്.

ഈ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിൽ ജിഎസ്ഡിപിയുടെ 37.1% ആകും സഞ്ചിത കടമെന്നാണു വ്യക്തമാക്കിയത്. ഇതിനു പുറമേയാണ്, കിഫ്ബി പോലെയുള്ള ഏജൻസികൾ വഴിയുള്ള കടമെടുപ്പ്. ബജറ്റിനു പുറത്താണു കിഫ്ബിയുടെ കടമെടുപ്പ് എന്നു വാദിക്കുന്നുണ്ടെങ്കിലും മോട്ടർ വാഹന നികുതിയുടെ 50% ഉൾപ്പെടെ സർക്കാർ ഖജനാവിലേക്കെത്തുന്ന വരുമാനം കിഫ്ബിയിലേക്കു പോകുന്നുണ്ട്. അതുകൊണ്ട് തന്നെ 33,700 കോടി രൂപയുടെ പകുതിയോളം വിദേശവായ്പയായി കെ റെയിലിന് വേണ്ടി വാങ്ങിക്കുന്നത് പ്രതിസന്ധി കൂട്ടും.

33700 കോടി രൂപയെന്നത് കേരളത്തിന്റെ കണക്കാണ്. കേ്ന്ദ്രം ഒരുലക്ഷം കോടിയുടെ പദ്ധതിയായാണ് കെ റെയിലിനെ കാണുന്നത്. അങ്ങനെ വന്നാൽ 80000രൂപയോളം കടമെടുക്കേണ്ടി വരും. പദ്ധതിക്ക് അനുമതി തുടങ്ങി പണി തുടങ്ങിയാൽ പദ്ധതി പൂർത്തിയാക്കാൻ വേണ്ടത്ര കടം വാങ്ങേണ്ടത് അനിവാര്യതയായി മാറും. ഈ സാഹചര്യത്തിലാണ് കേന്ദ്രം കെ റെയിലിൽ ആശങ്കയും സംശയവുമായി നിലകൊള്ളുന്നത്. ഇത് കേരളത്തിന്റെ പ്രതീക്ഷകൾക്ക് വലിങ്ങു തടിയാണ്.

അതിനിടെ കെ റെയിലിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പദ്ധതിയുടെ സവിശേഷതകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ വീടുകയറി പ്രചാരണവുമായി ഡിവൈഎഫ്ഐ രംഗത്തു വന്നി കഴിഞ്ഞു. 'കെ റെയിൽ വരണം, കേരളം വളരണം' എന്ന മുദ്രാവാക്യവുമായാണ് ഇടതു യുവജന സംഘടനയുടെ കാമ്പയിൻ. വീടും സ്ഥലവും നഷ്ടമാകുന്നവരെ നേരിട്ട് കണ്ട് നഷ്ടപരിഹാര തുക അടക്കമുള്ള കാര്യങ്ങളിൽ ബോധവത്കരണം നടത്താനാണ് തീരുമാനം. കണ്ണൂരിൽ കെ റെയിൽ സിൽവർ ലൈൻ പാത കടന്നുപോകുന്ന പ്രദേശങ്ങളിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി ലഘുലേഖകൾ വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം ഷാജർ, സംസ്ഥാന കമ്മിറ്റി അംഗം മനു തോമസ് എന്നിവർ പങ്കെടുത്തു.

പൊലീസ് സഹായത്തോടെ ബലം പ്രയോഗിച്ചുള്ള കല്ല് സ്ഥാപിക്കൽ, കടന്നുപോകുന്ന സ്ഥലങ്ങൾ ഇനിയും വെളിപ്പെടുത്താത്തത്, നഷ്ടപരിഹാരത്തിലെ അവ്യക്തത, എത്രമീറ്റർ ബഫർ സോൺ, ബഫർ സോണിന്റെ നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങളിൽ വ്യാപക ആശങ്ക നിലനിൽക്കുന്നുണ്ട്. കെ റെയിലിന് ഒരു മീറ്റർ പോലും ബഫർ സോണില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ മന്ത്രി സജി ചെറിയാൻ പിന്നീട് തിരുത്തിയിരുന്നു. താൻ പദ്ധതി വ്യക്തമായി പഠിച്ചിട്ടാണ് പറയുന്നതെന്ന് പറഞ്ഞ അദ്ദേഹം, പിന്നീട് തെറ്റുപറ്റിയെന്ന് സമ്മതിക്കുകയായിരുന്നു.

ഇരു ഭാഗത്തും അഞ്ചു മീറ്റർ വീതം ബഫർ സോണുണ്ടെന്നായിരുന്നു കെ റെയിൽ എം.ഡി വി അജിത് കുമാറിന്റെ വിശദീകരണം. പദ്ധതിയുടെ വിശദ റിപ്പോർട്ടിലും ഇരുഭാഗങ്ങളിലും ബഫർ സോണുണ്ടാകുമെന്നും അവിടെ നിർമ്മാണ നിയന്ത്രണങ്ങളുണ്ടാകുമെന്നും പറയുന്നുണ്ട്. മന്ത്രി പറഞ്ഞത് തെറ്റാണെന്നും കെ റെയിൽ എം.ഡി പറഞ്ഞതാണ് ശരിയെന്നും കോടിയേരിയും വ്യക്തമാക്കി.

അതിനിടെ, സംസ്ഥാനത്ത് കെ-റെയിൽ സർവേ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതിനാൽ ഇന്നലെ എവിടെയും സർവേ നടത്തിയില്ല. കനത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർവേ നടപടികൾ നിർത്തിവെച്ചതെന്നാണ് സൂചന. കൂടാതെ പ്രതിഷേധക്കാർക്കെതിരെ കെ-റെയിൽ സർവേ നടത്തുന്ന ഏജൻസികൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

പ്രതിഷേധക്കാർ ജീവനക്കാരെ ആക്രമിക്കുകയും സർവേ ഉപകരണങ്ങൾ കേടുവരുത്തുകയും ചെയ്യുന്നുവെന്നാണ് ഏജൻസിയുടെ പരാതി. എന്നാൽ, സംസ്ഥാനവ്യാപകമായി സർവേ നിർത്തിവെച്ചിട്ടില്ലെന്ന് കെ-റെയിൽ അറിയിച്ചു. മാർച്ച് 31നകം കെ-റെയിൽ സർവേ നപടികൾ പൂർത്തിയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.