തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്വപ്‌ന പദ്ധതിയെന്ന് അവകാശപ്പെടുന്ന സിൽവർ ലൈനിന്റെ കാര്യത്തിൽ അടിമുടി കള്ളക്കളികൾ. പൊതുജനങ്ങൾക്ക് മുന്നിൽ കണക്കുകൾ പോലും വ്യക്തമാക്കാതെയാണ് പദ്ധതിയുടെ കാര്യത്തിൽ സർക്കാർ കള്ളം പറയുന്നത്. ഡിപിആറിൽ സർക്കാർ പറയുന്ന കണക്കിലും ഇരട്ടിയോളം തുക പദ്ധതി പൂർത്തീകരിക്കാൻ വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിൽവർലൈൻ പദ്ധതി പൂർത്തിയാക്കാനുള്ള ചെലവ് നിതി ആയോഗ് കണക്കാക്കിയിട്ടില്ലെന്ന കെറെയിൽ വാദം പൊളിക്കുന്ന വിവരാവകാശ രേഖയാണ് പുറത്തുവരുന്നത്. ഈ രേഖയിലാണ് പദ്ധതിയുടെ ചെലവിന്റെ കാര്യത്തിലും സർക്കാർ കണക്കുകൾ തെറ്റാണെന്ന് ബോധ്യമാകുന്നത്.

സിൽവർ ലൈൻ പദ്ധതി പൂർത്തിയാക്കാനുള്ള ചെലവ് നിതി ആയോഗ് കണക്കാക്കിയിട്ടില്ലെന്ന കെ റെയിൽ വാദം പൊളിച്ചു വിവരാവകാശ രേഖ. 2020ലെ വിപണിവിലയനുസരിച്ച് പദ്ധതി പൂർത്തിയാക്കാൻ 1,26,081 കോടി രൂപ വേണ്ടിവരുമെന്നു നിതി ആയോഗ് കണക്കാക്കിയിരുന്നതായാണു രേഖ. 2020 സെപ്റ്റംബറിൽ സംസ്ഥാന സർക്കാരുമായി നിതി ആയോഗ് നടത്തിയ ആശയ വിനിമയത്തിന്റെ (ഓഫിസ് മെമോറാണ്ടം) രേഖയിലാണ് ഇക്കാര്യമുള്ളത്.

മെട്രോ റെയിലിനെക്കാൾ ചെലവു കുറയാനുള്ള കാരണം മാത്രമാണു നിതി ആയോഗ് ചോദിച്ചതെന്നും ഒന്നേകാൽ ലക്ഷം കോടി രൂപ ചെലവു വരുമെന്ന് അവർ കണക്കാക്കിയിട്ടില്ല എന്നുമായിരുന്നു കഴിഞ്ഞ ദിവസം കെറെയിൽ അറിയിച്ചത്. എന്നാൽ യാഥാർഥ്യ ബോധത്തോടെയുള്ള ചെലവല്ല ഡിപിആറിലുള്ളതെന്നു വ്യക്തമാക്കിക്കൊണ്ടാണ് 1.26 ലക്ഷം കോടി ചെലവു വരുമെന്നു നിതി ആയോഗ് ചൂണ്ടിക്കാട്ടിയത്.

കിലോമീറ്ററിന് 121 രൂപ ചെലവാണു ഡിപിആറിലുള്ളത്. എന്നാൽ കിലോമീറ്ററിന് 238 രൂപയെങ്കിലുമാകുമെന്നു പട്ടിക നിരത്തി നിതി ആയോഗ് സമർഥിക്കുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി ഒഴിവാക്കി 49,918 കോടി രൂപ ചെലവാകുമെന്നു ഡിപിആറിൽ പറഞ്ഞപ്പോൾ, ഇത് 91,289 കോടി രൂപയാകുമെന്നാണു നിതി ആയോഗ് കണ്ടെത്തിയത്. സിൽവർലൈൻ വിരുദ്ധ സമിതി പ്രവർത്തകനായ എം ടി.തോമസിനാണു വിവരാവകാശ നിയമപ്രകാരം നിതി ആയോഗ് രേഖകൾ നൽകിയത്.

അതേസമയം, നിതി ആയോഗ് പദ്ധതിച്ചെലവിനെക്കുറിച്ചു പരാമർശിച്ച ശേഷം റൈറ്റ്‌സ് എന്ന കൺസൽറ്റൻസിയെ ഉപയോഗിച്ച് എസ്റ്റിമേറ്റ് ഓഡിറ്റ് നടത്തി നിതി ആയോഗിനെ ബോധ്യപ്പെടുത്തിയെന്നാണു കെ റെയിലിന്റെ അവകാശവാദം. പഠനം നടത്താനും ഡിപിആർ തയാറാക്കാനും കരാർ ഏൽപിച്ചതു സിസ്ട്ര എന്ന കൺസൽറ്റൻസിയെ ആണെന്നിരിക്കെ, മറ്റൊരു കൺസൽറ്റൻസിയെ ഇതിനായി ഉപയോഗിച്ചത് എന്തിനെന്ന ചോദ്യമുണ്ട്. ഇരട്ടിയോളം തുക കണക്കാക്കിയ നിതി ആയോഗിനെ എങ്ങനെ ബോധ്യപ്പെടുത്തിയെന്നു കെറെയിൽ ഇതുവരെ വിശദമാക്കിയിട്ടില്ല.

അതേസമയം ഹൈസ്പീഡ് സിൽവർ ലൈനിനായി 33,700കോടി വിദേശവായ്പയെടുക്കുന്നതിന് കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരം കേരളം ഗാരന്റി നിൽക്കുകയാണ്. വിദേശവായ്പയുടെ ബാദ്ധ്യത സംസ്ഥാനം ഏറ്റെടുക്കുന്നതായി സർക്കാർ കേന്ദ്രധനകാര്യ മന്ത്രാലയത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ് വായ്പാബാദ്ധ്യത കേന്ദ്രമേൽക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് സംസ്ഥാനം ബാധ്യതയേറ്റത്.

ഇത്രയും വായ്പയ്ക്ക് പ്രതിവർഷം 1946കോടി തിരിച്ചടവുണ്ടാവും. പദ്ധതി ചെലവ് 63,940കോടിയാണെങ്കിലാണ് ഇത്രയും വിദേശവായ്പ വേണ്ടിവരിക. ചെലവുകൾ കൃത്യമായി ചേർത്താൽ 2.25ലക്ഷം കോടിയായി പദ്ധതിച്ചെലവുയരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അങ്ങനെയെങ്കിൽ ഒന്നേകാൽ ലക്ഷം കോടിയുടെ വിദേശവായ്പ വേണ്ടിവരും. 8000കോടിയോളം വായ്പാ തിരിച്ചടവിന് സംസ്ഥാനം കണ്ടെത്തണം. ശമ്പളവും പെൻഷനും നൽകാൻ പണമില്ലാതെ കടമെടുത്ത് നട്ടംതിരിയുന്ന കേരളത്തിന് ഇത്രയും ഭീമമായ വായ്പാ തിരിച്ചടവ് സാദ്ധ്യമാവില്ല. ചുരുക്കത്തിൽ സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന ശ്രീലങ്കയെപ്പോലെ കേരളവും ഭാവിയിൽ നട്ടംതിരിയും.

ചെലവ് 1.20ലക്ഷം കോടിയാവുമെന്നാണ് നീതിആയോഗ് വിലയിരുത്തിയിട്ടുണ്ട്. പാലങ്ങൾ, കലുങ്കുകൾ, ടണലുകൾ എന്നിവയ്ക്കെല്ലാമുള്ള ചെലവ് ഡി.പി.ആറിൽ കുറച്ചുകാട്ടിയിരിക്കുകയാണെന്നും ചെലവുകൾ കൃത്യമായി ചേർത്താൽ 2.25ലക്ഷം കോടിയായി പദ്ധതിച്ചെലവുയരുമെന്നും പരിസ്ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്ണൻ പറഞ്ഞു. പാലങ്ങൾ, ടണലുകൾ എന്നിവയ്ക്കെല്ലാം 75ശതമാനം ചെലവ് കുറച്ചു കാട്ടിയിരിക്കുകയാണ്. 93ശതമാനം പാതയും ഉറപ്പില്ലാത്ത മണ്ണിലായിട്ടും അവിടത്തെ നിർമ്മാണങ്ങൾക്ക് ഉറപ്പുള്ള മണ്ണിൽ വേണ്ടത്ര തുകയാണ് വകയിരുത്തിയത്. ഭൂമിയേറ്റെടുക്കലിന് ആറായിരം കോടിയും പുനരധിവാസത്തിന് 13000 കോടിയുമുണ്ട്. സെന്റിന് 16ലക്ഷം കൊടുക്കുമെന്നാണ് സർക്കാർ വാഗ്ദാനം. അങ്ങനെയങ്കിൽ ഭൂമിവില 48,000കോടിയാവും. ഭൂമിവിലയും കുറച്ചു കാട്ടിയിരിക്കുകയാണ്.- അദ്ദേഹം പറഞ്ഞു.

വിദേശവായ്പാ തിരിച്ചടവിന് 49%ഗാരന്റി കേന്ദ്രസർക്കാരും 51%ഗാരന്റി സംസ്ഥാനവും നൽകാമെന്നായിരുന്നു പ്രാഥമികധാരണ. കേന്ദ്രഗാരന്റിയില്ലാതെ വിദേശവായ്പ ലഭിക്കില്ല. വൻകിട പദ്ധതികൾക്ക് വായ്പനൽകാൻ ജപ്പാനും ഇന്ത്യയും കരാറുണ്ട്. സംസ്ഥാനഗാരന്റി വാങ്ങിവച്ച ശേഷം, വായ്പയ്ക്ക് 100ശതമാനം തിരിച്ചടവ് ഗാരന്റി കേന്ദ്രസർക്കാരാണ് ജപ്പാൻ ബാങ്കിന് നൽകാറുള്ളത്. ഈ ബാധ്യത വഹിക്കാനാവില്ലെന്നറിയിച്ച് കേന്ദ്രം പിന്മാറിയതോടെയാണ്, തിരിച്ചടവ് ബാധ്യത പൂർണമായി സംസ്ഥാനം ഏറ്റെടുത്തത്. റെയിൽവേയ്ക്കും സംസ്ഥാനസർക്കാരിനും ഓഹരിയുള്ള കേരളാ റെയിൽ വികസന കോർപറേഷനാണ് (കെ.ആർ.ഡി.സി.എൽ) സെമി-ഹൈസ്പീഡ് റെയിലിന്റെ നിർമ്മാണവും നടത്തിപ്പും.

വായ്പ തിരിച്ചടയ്ക്കേണ്ടതും കെ.ആർ.ഡി.സി.എൽ ആണ്. കെ.ആർ.ഡി.സി.എൽ തിരിച്ചടവ് മുടക്കിയാൽ സംസ്ഥാനം ആ ബാധ്യതയേൽക്കുമെന്നാണ് സർക്കാർ കേന്ദ്രത്തെ അറിയിച്ചത്. കേരളം ഉറപ്പുനൽകിയെങ്കിലും സംസ്ഥാനത്തിന്റെ ഗാരന്റിയിൽ വിദേശബാങ്കുകൾ വികസനപദ്ധതികൾക്ക് വായ്പ നൽകില്ല. കേന്ദ്രസർക്കാരിന്റെ ഗാരന്റിയേ അവർ സ്വീകരിക്കൂ. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ, സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതത്തിൽ നിന്ന് കുറവുചെയ്യുന്ന തുക ബാങ്കിന് കൈമാറും. അതായത് കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കിട്ടാനുള്ള സാമ്പത്തിക സഹായം കിട്ടില്ല. ഇതോടെ ക്ഷേമ പദ്ധതികൾക്കും ശമ്പളത്തിനും പെൻഷനുമൊന്നും പണമില്ലാതെ സംസ്ഥാനം നട്ടംതിരിയും.