- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ; എതിർപ്പ് ശക്തമാക്കി യുഡിഎഫും ബിജെപിയും; സർക്കാർ നിലപാടിൽ ദുരൂഹതയെന്ന് വി.മുരളീധരൻ; കമ്മീഷൻ റെയിലെന്ന് കൊടിക്കുന്നിൽ; ഉദ്യോഗസ്ഥരെ തടഞ്ഞ് ജനങ്ങൾ; സർവേയ്ക്ക് എത്തിയവരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു; പ്രതിഷേധം കടുക്കുന്നു
തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാന സർക്കാർ ആവർത്തിക്കുമ്പോൾ എതിർപ്പ് ശക്തമാക്കി യുഡിഎഫും ബിജെപിയും രംഗത്ത്. അതേ സമയം സർവേയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തുണ്ട്.
പദ്ധതിയുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി അബ്ദുറഹിമാൻ ആവർത്തിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി രണ്ടുകാര്യത്തിലുള്ള വ്യക്തതയാണ് ആവശ്യപ്പെട്ടത്. സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് പറഞ്ഞു. ഇക്കാര്യത്തിൽ പരിശോധിച്ച ശേഷം മറുപടി നൽകും.
രണ്ടുവിഭാഗങ്ങളും തമ്മിൽ ചർച്ച ചെയ്തു വിഷയം പരിഹരിക്കും. കേന്ദ്ര സർക്കാർ പദ്ധതിക്ക് അനുകൂലം തന്നെയാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാനത്തിന്റെ ഭാവിയെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് സിൽവർ ലൈൻ പദ്ധതി. സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് അനുയോജ്യമായുള്ള സീറോ പൊല്യൂഷൻ പദ്ധതി കൂടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ റെയിൽ വലിയ ദുരൂഹതകൾ നിലനിൽക്കുന്നുണ്ടെന്നും വലിയ തുക വായ്പയെടുത്ത് പദ്ധതി നടപ്പാക്കുമ്പോൾ കടം തിരിച്ചടക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് സർക്കാർ വ്യക്തമാക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. പദ്ധതി ആവശ്യമില്ലെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ നിലപാടെന്നാണ് മനസ്സിലാവുന്നതെന്നും എന്നിട്ടും സർക്കാർ പദ്ധതിക്കായി വാശി പിടിക്കുന്നത് എന്തിനാണെന്നറിയില്ലെന്നും പറഞ്ഞ മുരളീധരൻ പക്ഷേ പദ്ധതിക്കെതിരെ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തില്ലെന്നും വ്യക്തമാക്കി.
കെ റെയിൽ പദ്ധതിയെന്നാൽ കമ്മീഷൻ റെയിൽ പദ്ധതിയെന്നാണെന്നും ബംഗാളിൽ നിന്നുള്ള ഫണ്ട് വരവ് നിലച്ചതിനാൽ അടുത്ത 25 വർഷത്തേക്കുള്ള ഫണ്ടിനായി മാത്രം സിപിഎം പടച്ചു വിട്ട പദ്ധതിയാണ് കെ റെയിലെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റെയിൽവേക്ക് കെ റെയിൽ പദ്ധതിയുടെ അധികബാധ്യതയേറ്റെടുക്കാനാവില്ലെന്ന് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. കേരളത്തിന് സ്വന്തം നിലയിൽ വിദേശവായ്പയുടെ അധികബാധ്യത ഏറ്റെടുക്കാനാവുമോയെന്നും കേന്ദ്രമന്ത്രി ആരാഞ്ഞു. ഇക്കാര്യം പരിശോധിച്ച് മറുപടി നൽകാമെന്നാണ് മുഖ്യമന്ത്രി റെയിൽവേ മന്ത്രിക്ക് മറുപടി നൽകിയത്.
അതേസമയം കെ റെയിൽ പദ്ധതിക്കെതിരെ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ കഴക്കൂട്ടം കരിമണലിൽ പ്രദേശവാസികൾ തടഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. വൻ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥർ സർവ്വേ കല്ലിടാൻ എത്തിയപ്പോൾ ആണ് നാട്ടുകാരും ചില സംഘടനകളും ചേർന്ന് പ്രതിഷേധമുയർത്തിയത്. പദ്ധതിയുടെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുമ്പോൾ കല്ലിടാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. നിലവിൽ അലൈന്മെന്റ് അന്തിമമല്ലെന്നും കല്ലിട്ടാലും കെ റെയിൽ പാതയിൽ മാറ്റം വരുമെന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നതെന്നും നാട്ടുകാർ പ്രതികരിക്കുന്നത്.
കണ്ണൂരിൽ കെ റെയിൽ പദ്ധതിയുടെ ഭൂ സർവ്വേക്കെത്തിയവരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. വളർത്തുനായയുടെ കടിയേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂർ വലിയന്നൂർ സ്വദേശി ആദർശ്, ഇരിട്ടി സ്വദേശി ജുവൽ പി.ജെയിംസ് എന്നിവർക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ വളപട്ടണം പൊലിസിൽ പരാതി നൽകുമെന്ന് സർവ്വേ ഏജൻസി അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ വളപട്ടണം ചിറക്കലിലാണ് സംഭവം. കെ- റെയിൽ സർവ്വേക്കായി നാല് ബാച്ച് ഉദ്യോഗസ്ഥരാണ് എത്തിയത്. ഇതിൽ ആദർശും ജുവലും അടക്കം മൂന്ന് പേർ ഒരു വീട്ടുപറമ്പിൽ സ്ഥല നിർണയം നടത്തുമ്പോഴാണ് നായയുടെ കടിയേറ്റത്.
ഗേറ്റ് കടന്ന് അകത്ത് എത്തിയ ഉടൻ വീട്ടിലെ ഗൃഹനാഥനും മകനുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് വീട്ടമ്മ നായയെ അഴിച്ചുവിട്ടത്. കുറച്ചുകൊണ്ട് ഓടിയെത്തി നായ ഇരുവരെയും കടിക്കുകയും ചെയ്തു. കാലിനാണ് കടിയേറ്റത്. മതിൽ ചാടികടന്ന് ഓടിയതുകൊണ്ടാണ് ഇരുവരും രക്ഷപെട്ടത്. സർവേ സംഘത്തിലെ മറ്റുള്ളവരും നാട്ടുകാരും ചേർന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിൽ സർവേ ഏജൻസി, കെ റെയിൽ അധികൃതർക്ക് പരാതി നൽകി. സംഭവത്തിൽ പൊലീസിന് പരാതി നൽകാൻ ഒരുങ്ങുകയാണ് സർവേ ഏജൻസി. ബോധപൂർവ്വം നായയെ അഴിച്ചുവിട്ട് കടിപ്പിക്കുകയാണെന്ന് സർവേ ഏജൻസി ആരോപിക്കുന്നു.
വി.മുരളീധരൻ പ്രതികരിച്ചത്.
കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ നിലപാടിൽ ദുരൂഹതയുണ്ട്. ഈ പദ്ധതിയിൽ പാരിസ്ഥിതിക സാമൂഹിക ആഘാത പഠനം നടന്നിട്ടില്ല. കേരളത്തിൽ പുതിയ പാതയുടെ ആവശ്യമില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. നിലവിലെ പാത ശക്തിപ്പെടുത്തിയും വികസിപ്പിച്ചും അതിവേഗ ട്രെയിൻ ഓടിക്കാമെന്നിരിക്കേ 34,000 കോടി രൂപയുടെ വായ്പയുടെ പിന്നിലെ ഉദ്ദേശമെന്താണെന്ന് അറിയില്ല. ഈ പദ്ധതി ആവശ്യമില്ലെന്നാണ് റെയിൽവേയുടെ നിലപാടെന്ന് മനസ്സിലാക്കുന്നു. ഇത്രയും വലിയ തുക വായ്പയെടുക്കുമ്പോൾ അതെങ്ങനെ തിരിച്ചടക്കും? എങ്ങനെ ഇതിനുള്ള വരുമാനം കണ്ടെത്തും? കേരളത്തിന്റെ സാഹചര്യവും ജനങ്ങളുടെ താത്പര്യവും സർക്കാർ മനസ്സിലാക്കണം. ഈ പദ്ധതി കേരത്തിന് ആവശ്യമില്ല. എന്നാൽ പദ്ധതിക്കെതിരെ കേന്ദ്രത്തിൽ താൻ സമ്മർദ്ദം ചെലുത്തില്ല. ജനങ്ങൾക്കൊപ്പം നിൽക്കും. പരിസ്ഥിതിയോടിണങ്ങിയ പദ്ധതികൾ മാത്രം മതി.
കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചത്.
കെ - റയിൽ സിപിഎമ്മിനു മാത്രം താത്പര്യമുള്ള പദ്ധതിയാണ്. ഈ പദ്ധതിയിൽ സിപിഎമ്മിന് ഇരട്ടിത്താപ്പ്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ബുള്ളറ്റ് ട്രയിനെ എതിർത്തവരാണ് സിപിഎം നേതൃത്വം. പശ്ചിമ ബംഗാളിൽ നിന്ന് ഫണ്ട് വരാതായതോടെ സിപിഎം നല്ല കമ്മീഷൻ കിട്ടുന്ന പദ്ധതിയിലേക്ക് തിരിയുകയാണ്. കെ.റയിൽ എന്നാൽ കമ്മീഷൻ റയിൽ പദ്ധതിയെന്നാണ് ഉദ്ദേശിക്കുന്നത്. ഇരുപത്തിയഞ്ച് വർഷത്തേക്കുള്ള പാർട്ടി ഫണ്ടാണ് കെ റെയിലിലൂടെ ലക്ഷ്യമിടുന്നത്. കെ.റയിൽ പദ്ധതിയുമായി മുന്നോട്ടു പോയാൽ സിപിഎം തകരും. മറ്റൊരു നന്ദിഗ്രാമായി കെ റയിൽ മാറും.
മറുനാടന് മലയാളി ബ്യൂറോ