- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിൽ പദ്ധതി: എൽ.ഡി.എഫ് സർക്കാറിന്റെ വ്യാമോഹം വിലപ്പോകില്ല; എക്സ്‌പ്രസ് ഹൈവേയെയു കമ്പ്യൂട്ടർവത്കരണത്തെയും എതിർത്ത സിപിഎമ്മാണ് വികസന വിരോധികൾ: ഉമ്മൻ ചാണ്ടി
കോട്ടയം: വെറും രണ്ടുമണിക്കൂർ ലാഭത്തിനുവേണ്ടി ഒന്നരലക്ഷം കോടി രൂപ മുതൽമുടക്കി 1383 ഹെക്ടർ സ്ഥലം പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിടിച്ചെടുത്ത് സിൽവർ ലൈൻ പദ്ധതി നടപ്പാക്കാനുള്ള എൽ.ഡി.എഫ് സർക്കാറിന്റെ വ്യാമോഹം വിലപ്പോകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ റെയിൽ പദ്ധതിക്കെതിരെ യു.ഡി.എഫ് ജില്ല കമ്മിറ്റി കലക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തികനേട്ടം ഉദ്ദേശിച്ച് പാരിസ്ഥിതികപഠനം നടത്താതെയും കേന്ദ്ര റെയിൽവേ ബോർഡിന്റെ അംഗീകാരവും ഇല്ലാതെയുമുള്ള അപ്രായോഗിക പദ്ധതി ഉപേക്ഷിക്കുന്നതുവരെ യു.ഡി.എഫ് ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് വിഭാവനം ചെയ്ത നെടുമ്പാശ്ശേരി വിമാനത്താവള പദ്ധതിയും എക്സ്‌പ്രസ് ഹൈവേയും ഉൾപ്പെടെ എതിർക്കുകയും കമ്പ്യൂട്ടർവത്കരണത്തിനെതിരെ കമ്പ്യൂട്ടർ തല്ലിത്തകർക്കുകയും ചെയ്ത സിപിഎമ്മാണ് വികസനവിരോധികളെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.
യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. ബലം പ്രയോഗിച്ച് മരണ റെയിലിന് കല്ലിടാൻ വന്നാൽ യു.ഡി.എഫ് മനുഷ്യത്തീവണ്ടിയായി മാറി തടയുമെന്ന് സമരപ്രഖ്യാപനം നടത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. മാണി സി. കാപ്പൻ എംഎൽഎ, പി.സി. തോമസ്, കെ.സി. ജോസഫ്, ജോയി എബ്രഹാം, ജോസി സെബാസ്റ്റ്യൻ, നാട്ടകം സുരേഷ്, ഇ.ജെ. ആഗസ്തി , പി.എ. സലിം, ടോമി കല്ലാനി, അസീസ് ബഡായി, ബിൻസി സെബാസ്റ്റ്യൻ, കുഞ്ഞ് ഇല്ലമ്പള്ളി, ജോഷി ഫിലിപ്പ്, പി.ആർ. സോന, സാജു എം. ഫിലിപ്, മുണ്ടക്കയം സോമൻ, കെ.വി. ഭാസി, മധൻലാൽ, കെ.ടി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
മറുനാടന് മലയാളി ബ്യൂറോ