തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സർക്കാർ. അതിന് വേണ്ടി ഏതറ്റം വരെയും പോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. കേന്ദ്രസർക്കാറിൽ നിന്നും സാങ്കേതിക അനുമതി നേടിയതിന് ശേഷം പദ്ധതിയുമായി മുന്നോട്ടു പോകുക എന്നതാണ് സംസ്ഥാന സർക്കാറിന്റെ നിലപാട്. കേന്ദ്രസഹായം ഒന്നും തന്നെ ഉണ്ടാകില്ലെന്ന് വ്യക്തമായിട്ടും സ്വന്തം പണം മുടക്കി പദ്ധതി പൂർത്തിയാക്കാനാണ് ശ്രമം.

സിൽവർലൈൻ വേഗറെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നയിച്ച സംശയങ്ങൾക്കു കേരളം ഉടൻ മറുപടി നൽകുമെന്നാണ് കേരളം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബറിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയാണു തയാറാക്കുന്നത്. പദ്ധതിയുടെ വിശദമായ ചെലവ് അടക്കമുള്ള വിവരങ്ങളാണ് കേന്ദ്രം തേടുന്നത്. ഇതിൽ വിശദമായ മറുപടി തന്നെ നൽകാനാണ് സംസ്ഥാനത്തിന്റെ ശ്രമവും.

ചർച്ചയുടെ മിനിട്‌സ് കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രാലയം സംസ്ഥാന സർക്കാരിനു കൈമാറിയിരുന്നു. ഇതിൽ ഉൾപ്പെടുത്തിയ വിഷയങ്ങളിലാണ് കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ വിശദീകരണം നൽകുന്നത്. സംസ്ഥാന സർക്കാർ സമർപ്പിച്ച പദ്ധതി രൂപരേഖയിലെ വിവരങ്ങൾ അപൂർണമാണെന്നാണു റെയിൽവേ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പദ്ധതിയുടെ ചെലവു കണക്കാക്കിയതിൽ ഉൾപ്പെടെ മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്.

സിൽവർലൈൻ പദ്ധതി സംബന്ധിച്ച സാധ്യതാപഠനം നടക്കുകയാണെന്നും റിപ്പോർട്ട് ലഭിച്ച ശേഷമേ അന്തിമ അനുമതി നൽകുന്ന കാര്യം പരിഗണിക്കൂവെന്നും അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം കേരളത്തിലെ യുഡിഎഫ് എംപിമാരെ അറിയിച്ചിരുന്നു. പദ്ധതിച്ചെലവിന്റെ ബാധ്യത റെയിൽവേ ഏറ്റെടുക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. പദ്ധതിക്കാവശ്യമായ തുക സംബന്ധിച്ച് സംസ്ഥാനം വ്യക്തത വരുത്തിയിട്ടില്ലെന്നും ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമല്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

അതേസമയം സിൽവർലൈൻ പദ്ധതിക്കെതിരായ പ്രചരണങ്ങളെ ചെറുക്കാൻ മുഖ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുകയാണ്. പദ്ധതിയെ കുറിച്ചുള്ള വിശദമായ കാര്യങ്ങൾ വിവരിക്കുന്ന സമൂഹമാധ്യമ പ്രചാരണത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടു. ബോധവൽക്കരണ വിഡിയോ അദ്ദേഹം പങ്കുവച്ചു. ഗതാഗത മേഖലയിൽ മാത്രമല്ല, സമഗ്ര വികസനത്തിനുതന്നെ മുതൽക്കൂട്ടായി മാറുന്ന പദ്ധതിയാണ് സിൽവർലൈൻ എന്നും തെറ്റിദ്ധാരണാജനകമായ വാർത്തകളിലൂടെ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പലരും നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സുസ്ഥിരവും സുരക്ഷിതവും ആയ വികസനപ്രവർത്തനങ്ങൾക്കു തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണു നമ്മുടേത്. സിൽവർലൈൻ പദ്ധതിയുടെ വിജയത്തിനായി ഒന്നിച്ചുനിൽക്കണമെന്നും ആവശ്യപ്പെട്ടു.