- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഷ്ടപരിഹാര തുകയ്ക്ക് പുറമേ 4.6 ലക്ഷം രൂപ; വിപണി വിലയുടെ ഇരട്ടി തുക നഷ്ടപരിഹാരമായി ഭൂവുടമകൾക്ക് നൽകും; കാലിത്തൊഴുത്തുകൾക്ക് 25,000 രൂപ മുതൽ 50,000 രൂപവരെയും വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടമാകുന്നവർക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരം; വമ്പൻ വാഗ്ദാനങ്ങളുമായി കെ റെയിൽ പുനരധിവാസ പാക്കേജ്
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വാസസ്ഥലം നഷ്ടമാകുന്ന ഭൂവുടമകൾക്ക് വൻ നഷ്ടപരിഹാരതുക നൽകിയേക്കും. ഇതിനായി സമഗ്രമായ പുനരധിവാസ പാക്കേജ് ഒരുക്കും. പുറമേ 4.6 ലക്ഷം രൂപ നൽകുമെന്ന് പുനരധിവാസ പാക്കേജ്. അല്ലെങ്കിൽ നഷ്ടപരിഹാരവും 1.6 ലക്ഷവും ലൈഫ് മാതൃകയിലുള്ള വീടും നൽകും. വിപണി വിലയുടെ ഇരട്ടി തുകയാണ് നഷ്ടപരിഹാരമായി ഭൂവുടമകൾക്ക് നൽകുക പുനരധിവാസ പാക്കേജ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും.
വാസസ്ഥലം നഷ്ടപ്പെടുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങൾക്ക് മൂന്ന് ഓപ്ഷനുകളാണ് പാക്കേജിന്റെ ഭാഗമായി സർക്കാർ മുന്നോട്ട് വെക്കുന്നത്. ഒന്ന്, നഷ്ടപരിഹാര തുകയ്ക്ക് പുറമെ അഞ്ച് സെന്റ് ഭൂമിയും ലൈഫ് മാതൃകയിൽ വീടും. രണ്ട്, നഷ്ടപരിഹാര തുകയ്ക്ക് പുറമേ അഞ്ച് സെന്റ് ഭൂമിയും നാല് ലക്ഷം രൂപയും. മൂന്നാമത്തേത് നഷ്ടപരിഹാര തുകയ്ക്ക് പുറമേ 10 ലക്ഷം രൂപ എന്നതാണ്.
കാലിത്തൊഴുത്തുകൾ പൊളിച്ചു നീക്കപ്പെടുകയാണെങ്കിൽ അതിന് 25,000 രൂപ മുതൽ 50,000 രൂപവരെ നഷ്ടപരിഹാരം നൽകും. വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകൾക്ക് വിപണി വിലയുടെ ഇരട്ടിവരുന്ന നഷ്ടപരിഹാര തുകയ്ക്ക് പുറമേ 50,000 രൂപകൂടി നൽകും. വാടക കെട്ടിടത്തിലെ വാണിജ്യസ്ഥാപനം നഷ്ടമാകുന്നവർക്ക് 2 ലക്ഷം രൂപയും പാക്കേജിന്റെ ഭാഗമായി നൽകും. വാസസ്ഥലം നഷ്ടമാകുന്ന വാടക താമസക്കാർക്ക് 30,000 രൂപയും നൽകും.
തൊഴിൽ നഷ്ടപ്പെടുന്ന സ്വയം തൊഴിൽക്കാർ, ചെറുകിട കച്ചവടക്കാർ, കരകൗശല പണിക്കാർ മുതലായവർക്ക് 50,000 രൂപയും പ്രത്യേക സഹായമായി നൽകും. ഒഴിപ്പിക്കപ്പെടുന്ന വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് മാസം 6,000 രൂപ വീതം ആറ് മാസം നൽകും. പെട്ടിക്കടക്കാർക്ക് 25,000 രൂപ മുതൽ 50,000 രൂപവരെ സഹായമായി നൽകും. പുറമ്പോക്ക് ഭൂമിയിലെ താമസക്കാർ, അല്ലെങ്കിൽ കച്ചവടം നടത്തുന്നവർക്ക് ആ ഭൂമിയിലെ കെട്ടിടങ്ങളുടെ വിലക്ക് പുറമേ 5000 രൂപവീതം ആറ് മാസം നൽകുന്ന പദ്ധതിയും പാക്കേജിന്റെ ഭാഗമായുണ്ട്.
പദ്ധതി ബാധിക്കുന്ന കുടുംബാംഗങ്ങളിലെ യോഗ്യരായ ഉദ്യോഗാർഥികൾക്ക് പദ്ധതിയുടെ നിയമനങ്ങളിൽ പ്രത്യേക പരിഗണന നൽകും. കച്ചവട സ്ഥാപനം നഷ്ടപ്പെടുന്നവർക്ക് കെ റെയിൽ നിർമ്മിക്കുന്ന വാണിജ്യ സമുച്ഛയങ്ങളിലെ കടമുറികളിൽ മുൻഗണന നൽകാനും പാക്കേജിൽ തീരുമാനിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ