തിരുവനന്തപുരം: ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി വാശിപിടിച്ചത് കേരളം കണ്ടതാണ്. ആരെതിർത്താലും പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം പലതവണ ജനങ്ങളെ വെല്ലുവിളിക്കുന്ന വിധത്തിൽ പറഞ്ഞു. എന്നാൽ, തൃക്കാക്കരയിലെ ജനങ്ങൾ പാഠം പഠിപ്പിച്ചതോടെ ആ അഹങ്കാരത്തിൽ തൽക്കാലം അറുതിയായി. പിന്നീട് എങ്ങനെ ഈ കുരുക്കിൽ നിന്നും രക്ഷപെടാം എന്ന വിധത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നീക്കങ്ങൾ. ഇപ്പോൾ അധികാര ധാർഷ്യത്തിന്റെ ഭാഷ മാറ്റി സംസ്ഥാനത്ത് ഒറ്റയ്ക്ക് പദ്ധതി നടപ്പിലാക്കാൻ സാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.

സിൽവർലൈൻ പദ്ധതി കേന്ദ്രാനുമതിയോടെ മാത്രമേ നടപ്പാക്കാൻ സാധിക്കൂ എന്നും സംസ്ഥാനത്തിന് ഒറ്റയ്ക്കു പറ്റില്ലെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രത്തിനു വേണ്ടി സംസാരിക്കുന്നവരെല്ലാം ഈ പദ്ധതി വരാൻ പാടില്ലെന്നു പറയുകയാണ്. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്നവർ കേന്ദ്ര തീരുമാനം തിരുത്താൻ ആവശ്യപ്പെടണം. നാടിന്റെ വികസനത്തിനുള്ള പദ്ധതിയെ എൽഡിഎഫിന്റെ പദ്ധതിയെന്ന രീതിയിലാണ് ഇവിടെ അവതരിപ്പിക്കുന്നത്. സാമൂഹിക ആഘാത പഠനം നിലച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്നു തന്നെ സർക്കാർ പദ്ധതിയിൽ യുടേൺ അടക്കുന്നു എന്ന് വ്യക്തമാണ്. സിൽവർലൈൻ വേഗ റെയിൽ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും എവിടെയും ഇത് പൂർത്തിയായില്ല. 9 ജില്ലകളിലെ സമയപരിധി അവസാനിച്ചു. തൃശൂർ, മലപ്പുറം ജില്ലകളുടേത് 30നു തീരും. പഠനം തുടരണമെങ്കിൽ ഇനി പുതിയ വിജ്ഞാപനമിറക്കണം. ഇതിനു റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു കെറെയിൽ പറയുന്നു. പുതിയ വിജ്ഞാപനമിറങ്ങിയാൽ പഴയതു റദ്ദാകുമെന്നതാണു പ്രശ്‌നം. പഠനം പാതിവഴിയിൽ നിൽക്കുന്നതിനാൽ നിലവിലെ ഏജൻസികളെത്തന്നെ ഏൽപിക്കാതെവയ്യ താനും. ഇങ്ങനെയൊരു ആശയക്കുഴപ്പമുള്ളതിനാൽ നിയമോപദേശം തേടാനാണു റവന്യു വകുപ്പിന്റെ തീരുമാനം. കേന്ദ്രാനുമതി ലഭിക്കാതെ ഇനി മുന്നോട്ടുനീങ്ങുന്നതിൽ അർഥമില്ലെന്നു സർക്കാർ പരോക്ഷമായി സമ്മതിക്കുന്നതിന്റെ സൂചന കൂടിയാണ് ഈ മെല്ലെപ്പോക്ക്.

ഏജൻസികൾ ഇതുവരെ നടത്തിയ പഠനത്തിന്റെ തൽസ്ഥിതി അറിയിക്കണമെന്നാവശ്യപ്പെട്ട് റവന്യു സെക്രട്ടറി ലാൻഡ് റവന്യു കമ്മിഷണർക്കു കത്തു നൽകിയിട്ടുണ്ട്. എത്ര വില്ലേജുകളിൽ വിവരശേഖരണം നടത്തി, എത്ര ശതമാനം ജോലി പൂർത്തിയായി എന്നീ വിവരങ്ങളാണു ചോദിച്ചിരിക്കുന്നത്. ഒരു ഏജൻസിയും വിവരങ്ങൾ കൈമാറിയിട്ടില്ലെങ്കിലും പ്രാഥമിക റിപ്പോർട്ടുകൾ ലഭിച്ചതായാണു കെറെയിലിന്റെ അവകാശവാദം. ഇന്നലെ കെറെയിൽ സംഘടിപ്പിച്ച 'ജനസമക്ഷം' ഓൺലൈൻ പരിപാടിയിൽ സാമൂഹികാഘാത പഠനം എന്തായെന്ന ചോദ്യത്തിന് വിവരങ്ങൾ ക്രോഡീകരിച്ചുവരികയാണെന്നായിരുന്നു മറുപടി.

ജിയോ ടാഗിങും എങ്ങുമെത്തിയില്ല

ജനങ്ങളുടെ എതിർപ്പ് ശക്തമായ വേളയിലാണ് സിൽവർലൈൻ വേഗറെയിൽ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിൽ കല്ലിടലിൽ ജിയോ ടാഗിങ് നടത്തുമെന്ന തലത്തിലേക്ക് സർക്കാർ മാറിയത്. എന്നാൽ, ഈ തീരുമാനവും എങ്ങും നടപ്പിലായായില്ല. രണ്ട് മാസം മുൻപാണു ജിയോ ടാഗിങ് പ്രഖ്യാപിച്ചത്. സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞതിനാൽ പുതിയ വിജ്ഞാപനത്തിനു കാക്കുകയാണെന്നാണു കെറെയിലിന്റെ വിശദീകരണം. എന്നാൽ, വിശദ പദ്ധതിരേഖയ്ക്ക് (ഡിപിആർ) കേന്ദ്രാനുമതി വൈകുന്നതിന്റെ ആശങ്കയാണു സർക്കാരിന്റെ മെല്ലെപ്പോക്കിൽ നിഴലിക്കുന്നതെന്ന സൂചന ശക്തം.

ഭൂമിയേറ്റെടുക്കൽ നിയമ പ്രകാരമുള്ള വിജ്ഞാപനം വഴിയാണു സർക്കാർ സാമൂഹികാഘാത പഠനത്തിന് ഏജൻസികളെ ചുമതലപ്പെടുത്തിയത്. കണ്ണൂർ ജില്ലയിൽ പഠനം നടത്താൻ 100 ദിവസം അനുവദിച്ച് 2021 ഡിസംബർ 30ന് ആദ്യ വിജ്ഞാപനം ഇറങ്ങി. എന്നാൽ, കല്ലിടലിനെത്തുടർന്നുള്ള സംഘർഷം മൂലം എല്ലാ ജില്ലകളിലും സമയം നീട്ടി നൽകി. പഠനത്തിനു പരമാവധി 6 മാസമേ എടുക്കാവൂവെന്നു ഭൂമിയേറ്റെടുക്കൽ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതനുസരിച്ച്, കണ്ണൂരിൽ ഏജൻസിക്ക് അനുവദിച്ച സമയം കഴിഞ്ഞമാസം 29ന് അവസാനിച്ചു.

ആവശ്യമുള്ള റെയിൽവേ ഭൂമി എത്രത്തോളമെന്നു വ്യക്തത വരുത്താൻ റെയിൽവേ ബോർഡ് നിർദ്ദേശിച്ച സംയുക്ത സർവേ ഇതുവരെ പൂർത്തിയായിട്ടില്ല. അതേസമയം, കോഴിക്കോട് എലത്തൂരിൽ അലൈന്മെന്റ് മാറ്റുമെന്ന് കെറെയിൽ അധികൃതർ അറിയിച്ചു. റെയിൽവേ പാതയോടു കൂടുതൽ അടുപ്പിച്ചുള്ള അലൈന്മെന്റിനാണു തീരുമാനം. അതേസമയം സിൽവർലൈൻ പാതയുടെ ബഫർ സോണിലെ വികസന പ്രവർത്തനങ്ങൾ മരവിപ്പിക്കുമെന്നും പുതിയ കെട്ടിടം നിർമ്മിക്കാനോ, നിലവിലുള്ളതു പുതുക്കിപ്പണിയാനോ അനുവദിക്കില്ലെന്നും ജനസമക്ഷം പരിപാടിയിൽ കെറെയിൽ വ്യക്തമാക്കി. നിലവിലുള്ള കെട്ടിടങ്ങൾ പൊളിക്കേണ്ടിവരില്ല. കെറെയിലിന്റെ ആവശ്യത്തിനു റോഡോ കെട്ടിടമോ നിർമ്മിക്കേണ്ടതുണ്ടെങ്കിൽ മാത്രം ബഫർ സോണിലെ സ്ഥലം ഏറ്റെടുക്കും.

ഇപ്പോഴത്തെ നിലയിൽ കേന്ദ്രാനുമതി ഇല്ലാത്ത പദ്ധതി മുന്നോട്ടു പോകുക തീർത്തും പ്രയാസകരമാണ്. കോടികൾ മുടക്കിയത് മാത്രമാണ് മിച്ചം. നടപ്പിലാക്കാൻ സാധ്യത കുറഞ്ഞ പദ്ധതിക്ക് വേണ്ടി ഖജനാവിൽ നിന്നും വലിയ തുക മുടക്കിയതിൽ സർക്കാർ വിമർശനം നേരിടേണ്ടി വരികയും ചെയ്യും. അതേസമയം ന്ദ്ര സർക്കാരിന്റെയോ റെയിൽവേ മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെ സിൽവർലൈനിന്റെ പേരിൽ കോടികൾ മുടക്കി സർക്കാർ നടത്തിയതു പ്രഹസനമാണെന്നു വ്യക്തമായിരിക്കുകയാണ്. അനുമതിയില്ലാത്ത പദ്ധതിക്കു വേണ്ടി സർക്കാർ ചെലവഴിച്ച പണം ഉത്തരവാദപ്പെട്ടവരിൽനിന്നു തിരിച്ചുപിടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.