- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ റെയിലിൽ പിന്നോട്ടില്ലെന്ന് പിണറായി വ്യക്തമാക്കിയതോടെ വീടുകളിൽ എത്തി വിശദീകരിക്കാൻ സിപിഎം; എല്ലാ വീടുകളിലും കയറി ഇറങ്ങി ലഘുലേഖ വിതരണം ചെയ്യും; വീടു നഷ്ടപ്പെടുന്നവർക്ക് പുനരധിവാസം ഉറപ്പാക്കുമെന്നും വാഗ്ദാനം; പദ്ധതി അട്ടിമറിക്കാൻ യുഡിഎഫ്-ബിജെപി-ജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടിക്കെട്ടെന്നും ലഘുലേഖയിൽ ആരോപണം
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നതിന് പിന്നാലെ സിപിഎം അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നു. പദ്ധതിയെ കുറിച്ച് വിശദീകരണം നൽകാൻ വേണ്ടി സിപിഎം സംസ്ഥാന നേതൃത്വം നേരിട്ടു രംഗത്തിറങ്ങാനാണ് ശ്രമിക്കുന്നത്. കെ റെയിൽ പദ്ധതിക്ക് ജനപിന്തുണ ലഭ്യമാക്കാൻ പ്രചാരണ പരിപാടികളുമായാണ് സിപിഎം മുന്നോട്ടു പോകുന്നത്.
പദ്ധതിയെ കുറിച്ചുള്ള ആക്ഷേപങ്ങൾക്ക് മറുപടി നിരത്തുന്ന ലഘുലേഖകളുമായിട്ടാണ് സിപിഎം പ്രചാരണത്തിനിറങ്ങുന്നത്. സംസ്ഥാന സമിതിയുടെ നേരത്തെയുള്ള തീരുമാനപ്രകാരമാണ് സിപിഎം കെ റെയിൽ പദ്ധതിക്കായി വിപുലമായ പ്രചാരണത്തിനൊരുങ്ങുന്നത്. എല്ലാ വീടുകളിലും കയറി ഇറങ്ങി ലഘുലേഖ വിതരണം ചെയ്യും.
കെ റെയിൽ സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നില്ല, തണ്ണീർത്തടങ്ങളും നെൽവയലുകളും പരമാവധി സംരക്ഷിക്കും. പ്രധാനപ്പെട്ട ആരാധനാലയങ്ങളോ മറ്റു പ്രധാനപ്പെട്ട വിശ്വാസ കേന്ദ്രങ്ങളോ കെ റെയിലിനായി പൊളിച്ചുമാറ്റേണ്ടിവരില്ല. 9314 കെട്ടിടങ്ങൾ മാത്രമാണ് ഒഴിപ്പിക്കേണ്ട വരിക. ഇവർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകുമെന്നും സിപിഎം പ്രചാരണത്തിൽ പറയുന്നു.
പദ്ധതിയെ അട്ടിമറിക്കാൻ യുഡിഎഫ്-ബിജെപി-ജമാഅത്തെ ഇസ്ലാമി അവിശുദ്ധ കൂട്ടിക്കെട്ട് ശ്രമിക്കുന്നുവെന്നും ലഘുലേഖയിൽ ആരോപിക്കുന്നു. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ തന്നെ ആശയക്കുഴപ്പം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇതിനെ രാഷ്ട്രീയമായി നേരിടാൻ സിപിഎം രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തിനുള്ള എല്ലാ സഹായങ്ങളും തടയിടാൻ ശ്രമിച്ച ബിജെപിയും യുഡിഎഫും ഇപ്പോൾ വികസന പ്രവർത്തനങ്ങളേയും തടയിടുകയാണ്. 2016ൽ കേന്ദ്ര റെയിൽവേ മന്ത്രാലയവുമായി കെ റെയിൽ പദ്ധതിക്ക് ധാരണപത്രം ഒപ്പുവെച്ചതാണ്. എന്നാൽ കേന്ദ്ര സഹായം നൽകാൻ തയ്യാറാകുന്നില്ല. ബാധ്യത മുഴുവൻ സംസ്ഥാന സർക്കാരിൽ അടിച്ചേൽപ്പിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ പദ്ധതിക്കാവശ്യമായ തുക വായ്പയിലൂടെ കണ്ടെത്താനാണ് കേരളം ശ്രമിക്കുന്നത്.
63,941 കോടി രൂപയാണ് പദ്ധതിക്ക് ചെലവു പ്രതീക്ഷിക്കുന്നത്. എന്നാൽ ഒരു ലക്ഷം കോടിയിലേറെ രൂപ ചെലവ് വരുമെന്ന് ചിലർ തെറ്റിദ്ധാരണ പരത്തുന്നു. മൂലധന ചെലവുകൾക്കായി കടമെടുക്കാതെ രാജ്യത്തിനോ സംസ്ഥാനത്തിനോ മുന്നോട്ട് പോകാനാകില്ലെന്നും ലഘുലേഖയിൽ അടിവരയിടുന്നു.
അതേസമയം കെ റെയിൽ പദ്ധതിയിൽ സർക്കാർ ജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് സിപിഐ ഇന്നലെ അഭിപ്രായം രേഖപ്പെടുത്തിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളുടെയും വിശദാംശങ്ങൾ അറിയില്ല. കെ റെയിലിൽ പദ്ധതിയെ സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം. കെ റെയിൽ വികസനത്തിന് അനിവാര്യമെന്നും പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.കെ റെയിലുമായി ബന്ധപ്പെട്ട് എത്രപേരെ കുടിയൊഴിപ്പിക്കുന്നു, ഇവരുടെ പുനരധിവാസം തുടങ്ങിയവയിൽ ഇതുവരെ വ്യക്തതതയില്ല. ഈ ആശങ്കകൾ ദൂരീകരീകരിച്ച് പദ്ധതി നടപ്പിലാക്കണമെന്ന് പ്രകാശ് ബാബു പറഞ്ഞു.
വികസന പദ്ധതികൾ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നു കൂടി നോക്കിക്കാണമെന്നും പ്രകാശ് ബാബു പറയുന്നു. പാരിസ്ഥികാനുമതിക്കും കേന്ദ്രാനുമതിക്കും ശേഷമേ ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങൂവെന്നാണ് 636 ആം ഇനമായി പ്രകടനപത്രികയിൽ പറഞ്ഞിരുന്നത്. ഇത് അട്ടിമറിച്ച് ഭൂമിയേറ്റെടുക്കൽ നടപടിയിലേക്ക് സർക്കാർ ആദ്യം നീങ്ങിയതാണ് സിപിഐ നേതൃത്വത്തെ ചൊടിപ്പിച്ചതെന്നാണ് വിവരം.
റെയിൽവേ വികസനത്തിൽ കൊച്ചി മെട്രോയ്ക്കും ലൈറ്റ് മെട്രോയ്ക്കും ശബരി റെയിൽപാതയ്ക്കും പിന്നിലായി ഇടംപിടിച്ചിരുന്ന സിൽവർലൈൻ, മുഖ്യ വികസനപദ്ധതിയായി മാറിയതിന് പിന്നിലുള്ള താൽപര്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഭൂവുടമകളുടെ പ്രതിഷേധം നിൽക്കുമ്പോഴും സിൽവർലൈനിനുള്ള ഭൂസർവേയുമായി സർക്കാർ മുന്നോട്ടുപോവുന്നത് പ്രകടനപത്രികയിലെ വാഗ്ദാനമെന്ന് ചൂണ്ടിക്കാട്ടിയാണ്. പ്രകടനപത്രികയിൽ ഉൾപ്പെട്ടു എന്നതിനാലാണു സിപിഐക്ക് പദ്ധതിയെ പരസ്യമായി എതിർക്കാൻ കഴിയാത്തത്. എന്നാൽ പ്രകടനപത്രിക തെറ്റായി അവതരിപ്പിച്ചാണ് സിൽവർലൈനിനു വേണ്ടി സർക്കാർ നടത്തുന്ന നീക്കങ്ങൾ എന്നതാണ് സിപിഐയെ ചൊടിപ്പിക്കുന്നത്. ആവശ്യമായ പഠനങ്ങളും കേന്ദ്രാനുമതിയും കിട്ടും മുമ്പേ തിടുക്കത്തിൽ പദ്ധതി നടപ്പാക്കുന്നതാണ് ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കും അസ്വാസരസ്യം ഉണ്ടാക്കിയത്.
അതേസമയം ജനങ്ങളുമായി ചർച്ച ചെയ്യാതെ കെ റെയിലുമായി മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വിമർശിച്ചു. പരിഷത്തിന്റെ ആശങ്കകൾ പരിഹരിക്കുമെന്ന് കോടിയേരി ഉറപ്പ് നൽകുമ്പോഴാണ് തുടർ വിമർശനങ്ങൾ ഉണ്ടാവുന്നതെന്ന് ശ്രദ്ധേയമാണ്.
ഇടത് സംഘടനായ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉയർത്തുന്ന വിയോജിപ്പുകൾ പരിശോധിക്കുമെന്നും ആശങ്കകൾ ദുരീകരിച്ച് മുന്നോട്ട് പോകുമെന്നും വ്യാഴാഴ്ച കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ ഉയർത്തുന്ന വിമർശനങ്ങളിൽ ഉറച്ച് നിൽക്കുകയാണ് പരിഷത്ത്. ജനകീയ കൂട്ടായ്മകൾ സംഘടിപ്പിച്ച് കെ റെയിൽ വിരുദ്ധ പ്രതിഷേധം പ്രതിപക്ഷം ശക്തമാക്കുമ്പോഴാണ് ശാസ്ത്ര സാഹിത്യ പരിഷത്തും എതിർപ്പുമായി എത്തുന്നത്. കെ റെയിൽ സമ്പന്നരുടെ പദ്ധതിയെന്നാണ് പരിഷത്തിന്റെ വിമർശനം. പിന്നിൽ 10,000 കോടിയിലേറെ റിയൽ എസ്റ്റേറ്റ് താത്പര്യങ്ങളുമുണ്ടെന്ന് വാർത്താക്കുറിപ്പിൽ സംഘടന ആരോപിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ