- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിൽ പദ്ധതിയുടെ ഡിപിആർ പുറത്തു വിട്ടു; പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും ഒപ്പം; സ്റ്റാൻഡേർഡ് ഗേഡ് സംവിധാനം രാജ്യാന്തര മാനദണ്ഡപ്രകാരം എന്ന് രേഖയിൽ; പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദമായ പട്ടിക; രഹസ്യ രേഖ എന്ന് വിശേഷിപ്പിച്ചിരുന്ന ഡിപിആർ പുറത്തുവിട്ടത് മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘന പരാതി വന്നതോടെ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ സർക്കാർ പുറത്തുവിട്ടു. നിയമസഭയുടെ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും ഡിപിആറിൽ ഉണ്ട്. തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലെപ്മെന്റ് ആണ് ഈ പരിസ്ഥിതി ആഘാത പഠനം നടത്തിയത്. സ്റ്റേഷനുകളുടെ രൂപരേഖയും ഡി.പി.ആറിലുണ്ട്.
ട്രാഫിക് സർവേ, ജിയോ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്, ടോപ്പോഗ്രാഫിക് സർവേ എന്നിവയും ഡി.പി.ആറിന്റെ ഭാഗമാണ്. പൊളിച്ചു മാറ്റേണ്ട മുഴുവൻ കെട്ടിടങ്ങളുടെയും പട്ടിക ഡിപിആറിലുണ്ട്. സ്റ്റാൻഡേർഡ് ഗേഡ് സംവിധാനം രാജ്യാന്തര മാനദണ്ഡപ്രകാരം എന്ന് രേഖയിൽ വിശദീകരിക്കുന്നു.
ഡിപിആർ പുറത്തുവിടാത്തതിന് എതിരെ മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘന പരാതി ഉണ്ടായിരുന്നു. അൻവർ സാദത്താണ് പരാതി നൽകിയിരുന്നത്. ഇത് കണക്കിലെടുത്താണ് ഡിപിആർ ഇപ്പോൾ പുറത്തുവിട്ടത്.
ആറ് വാള്യങ്ങളിലായി 3776 പേജുള്ള ഡിപിആറിൽ പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണവും നഷ്ടമാകുന്ന സസ്യജാലത്തിന്റെ വിശദമായ വിവരങ്ങളുമുണ്ട്. പൊളിക്കേണ്ട ആരാധനാലയങ്ങളുടെ ചിത്രമടക്കം ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമസഭയുടെ വെബ്‌സൈറ്റിൽ ഡിപിആർ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഓരോ മേഖലയായി തരംതിരിച്ചുകൊണ്ടാണ് ഡിപിആർ തയ്യാറാക്കിയിരിക്കുന്നത്. 2025ൽ നിർമ്മാണം പൂർത്തിയാകും.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകൾക്കായി പ്രത്യേക ട്രെയിൻ ഒരുക്കും. ട്രക്കുകൾ കൊണ്ടുപോകാൻ കൊങ്കൺ മാതൃകയിൽ റോ-റോ സർവീസ് ആരംഭിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളവുമായി റെയിൽവെപ്പാത ബന്ധിപ്പിക്കുമെന്നും ഡിപിആറിൽ പറയുന്നു.
620 പേജുള്ള സാധ്യതാ പഠനവും ഡി.പി.ആറിന്റെ ഭാഗമായുണ്ട്. പദ്ധതി നടപ്പിലായാൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചാണ് ഈ രൂപരേഖയിൽ പറയുന്നത്. 203 പേജുള്ളതാണ് ട്രാഫിക് സർവേ. പദ്ധതി നടപ്പിലാക്കിയതിലൂടെയുണ്ടാവുന്ന ഇന്ധനലാഭം, സമയ ലാഭം എന്നിവയെല്ലാം ട്രാഫിക് സർവേയിൽ ഉൾപ്പെടുന്നു. പ്രതിദിനം 54,000 യാത്രക്കാരുണ്ടാകുമെന്നും ഡിപിആറിന്റെ ട്രാഫിക് പ്രൊജക്ഷൻ റിപ്പോർട്ടിൽ പറയുന്നു.
974 പേജുള്ള ജിയോ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടാണ് ഡി.പി.ആറിലെ പ്രധാനപ്പെട്ട ഭാഗം. 470 പേജുള്ള ട്രോപ്പോഫിക്കൽ സർവേയാണ് തുടർന്നുള്ളത്. സാമൂഹിക ആഘാത പഠനമാണ് മറ്റൊരു പ്രധാന ഭാഗം. തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലെപ്മെന്റ് ഈ പഠനം നടത്തിയത്. ഡോ. ടി.ആർ വിനോദ് അധ്യക്ഷനായ വദഗ്ധ സംഘമാണ് സാമൂഹിക ആഘാത പഠനത്തിന് നേതൃത്വം നൽകിയത്.
സിൽവർ ലൈൻ കടന്നുപോകുന്ന പ്രദേശത്തെ മുഴുവൻ സസ്യജാലങ്ങൾക്കും എന്ത് സംഭവിക്കാം എന്നുള്ള കണക്കുകൾ ഇതിലുണ്ട്. 320 പേജാണ് ഈ പഠനം. പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചാണ് ഫീസിബിൾ സ്റ്റഡി റിപ്പോർട്ടിൽ പറയുന്നത്. 620 പേജാണ് ഈ റിപ്പോർട്ട്.
നേരത്തെ ഡിപിആർ പുറത്ത് വിടുന്നതിൽ ഒട്ടേറെ സാങ്കേതിക തടസങ്ങളാണ് സർക്കാർ ഉയർത്തിയിരുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടന്ന കെ റെയിൽ വിശദീകരണ യോഗത്തിൽ കൂടി എംഡി പറഞ്ഞത് ഡിപിആർ രഹസ്യ രേഖയാണെന്നും കൊമേഴ്‌സ്യൽ ഡോക്യുമെന്റ് ആണ് എന്നും ആണ്. ടെൻഡർ ആകാതെ ഇത് പുറത്തു വിടാൻ ആകില്ല എന്നും കൊച്ചി മെട്രോയെ പോലും ഉദ്ധരിച്ച് എം ഡി ഇന്നലയും പറഞ്ഞിരുന്നു.
സിൽവർലൈൻ പദ്ധതി വഴി ആർക്കും ഭൂമിയും താമസസ്ഥലവും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൂടി ആവർത്തിക്കുകയും ചെയ്തു. ഡിപിആർ നൽകിയെന്ന തൈറ്റായ മറുപടി നൽകിയതിൽ അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്ക് പരാതി നൽകിയതും കഴിഞ്ഞ ദിവസം തന്നെയാണ്. ഡിപിആർ സിഡിയായി നൽകിയെന്ന് തെറ്റായി മുഖ്യമന്ത്രി മറുപടി നൽകിയെന്നായിരുന്നു അൻവർസാദത്ത് എംഎൽഎയുടെ പരാതി.
മറുനാടന് മലയാളി ബ്യൂറോ