കോട്ടയം: 'അവരോട് ദൈവം ചോദിക്കും; എന്റെ ഒരേയൊരു കുഞ്ഞിനെ അവർ കൊണ്ട് പോയി'- മാടപ്പള്ളിയിലെ പൊലീസ് നടപടിയിൽ പൊട്ടിത്തെറിച്ചു കൊണ്ട് ഒരു വയോധികയാ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്. പിണറായിക്കും സർക്കാറിനും എതിരെ നിശിദമായ വിമർശനം ഉയർത്തി കൊണ്ടാണ് മാടപ്പള്ളിയിലെ നാട്ടുകാർ രംഗത്തുവന്നത്. ചങ്ങനാശ്ശേരി മടപ്പള്ളിയിൽ കെ- റെയിൽ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തെ പൊലീസിനെ ഉപയോഗിച്ചു സർക്കാർ അടിച്ചൊതുക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് തൃക്കൊടിത്താനം പൊലീസ് സ്‌റ്റേഷനിലേക്ക് നാട്ടുകാർ എത്തി. ബലം പ്രയോഗിച്ചു കസ്റ്റഡിയിൽ എടുത്തവരെ വിട്ടയക്കണം എന്ന ആവശ്യവുമായാണ് സമരക്കാർ എത്തിയത്.

നാട്ടുകാരും പൊലീസും തമ്മിൽ ഉന്തും തള്ളും ബഹളവുമായി ഇവിടെ ഉണ്ടായിരിക്കുന്നത്. പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ നാട്ടുാർ ശ്രമിച്ചു. മുൻ മന്ത്രി കെ സി ജോസഫിന്റെ നേതൃത്വത്തിൽ ഉള്ളവരാണ് സമരവുമായി രംഗത്തുവന്നത്. അഞ്ചു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ പൊലീസ് സമരക്കാരെ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കുയായിരുന്നു. സ്ത്രീകളെയും മറ്റും റോഡിലൂടെ പൊലീസ് വലിച്ചിഴച്ചാണ് വാഹനത്തിലേക്ക് കയറ്റിയത്. സമരക്കാരെ പൂർണമായും നീക്കം ചെയ്തതിന് പിന്നാലെ കല്ലിടൽ നടപടികൾ പുനഃരാരംഭിച്ചു. നാല് സ്ത്രീകൾ ഉൾപ്പെടെ 23 പേരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ പ്രതിഷേധിച്ച് നാളെ ഹർത്താൽ പ്രഖ്യാപിച്ചു കോൺഗ്രസും ബിജെപിയും കെ റെയിൽ സമര സമിതിയും രംഗത്തുവന്നു. പൊലീസ് ബലപ്രയോഗം നാട്ടുകാരെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. പ്രതിഷേധിച്ച അമ്മയെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോയതു കണ്ട് കരയുന്ന കുഞ്ഞും സമരസ്ഥലത്തുനിന്നുള്ള സങ്കടക്കാഴ്ചയായി. എനിക്കെന്റെ അമ്മയെ വേണം എന്നായിരുന്നു കുഞ്ഞിന്റെ കരച്ചിൽ. ആരോഗ്യപ്രശ്നമുള്ള വയോധിക ഉൾപ്പെടെയുള്ളവർ വൈകാരിക പ്രതികരണവുമായി മാധ്യമങ്ങൾക്കു മുന്നിലെത്തി. സ്ഥലത്തെത്തിയ കേരളാ കോൺഗ്രസ് നേതാക്കളായ ജോസഫ് എം പുതുശ്ശേരിയെയും വി.ജെ. ലാലിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലാലിയെ ചെത്തിപ്പുഴ ആശുപത്രിയിലേക്ക് മാറ്റി.

കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയതോടെ പ്രകോപിതരായ പ്രതിഷേധക്കാർ ഗോ ബാക്ക് വിളികളുമായി രംഗത്തെത്തുകയായിരുന്നു. സർവേക്കല്ലുകളുമായി എത്തിയ വാഹനത്തിന് നേർക്ക് കല്ലെറിയുകയും ചെയ്തിരുന്നു. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമുണ്ടായി. പിരിഞ്ഞുപോകാൻ പൊലീസ് നിർദ്ദേശിച്ചെങ്കിലും ഇവർ പിന്മാറാൻ തയ്യാറായില്ല. ശക്തമായ പ്രതിഷേധത്തെത്തുടർന്ന് കല്ലിടാനാകാതെ ഉദ്യോഗസ്ഥർ തത്കാലത്തേക്ക് മടങ്ങി. എന്നാൽ പൊലീസ് പ്രദേശത്ത് നിന്നും പിന്മാറാതെ തങ്ങൾ പിരിഞ്ഞുപോകില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. തുടർന്നായിരുന്നു അറസ്റ്റ് നടപടി.

ജനങ്ങളെ, സ്ത്രീകളെയും കുട്ടികളെയും മറ്റും പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നെന്ന് പ്രതിഷേധത്തിലെത്തിയ സ്ത്രീകളിലൊരാൾ പറഞ്ഞു. തീവ്രവാദികളോട് എന്ന രീതിയിലാണ് പൊലീസ് പ്രതിഷേധക്കാരോട് ഇടപെടുന്നത്. ജീവിതം നഷ്ടപ്പെട്ടു നിൽക്കുന്നവരാണ് തങ്ങളെന്നും പൊലീസ് നീതികേടാണ് കാണിക്കുന്നത്. അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് തന്നില്ലേ എന്ന ചോദ്യത്തിന്- അക്കാര്യം പൊലീസ് അനൗൺസ് ചെയ്തിരുന്നില്ലെന്നും അവർ സംഘം തിരിഞ്ഞ് രഹസ്യമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു. പ്രതിഷേധക്കാരോട് വ്യക്തമായി ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു.