- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോസ്ലിനെ പുരുഷ പൊലീസ് സംഘം ടാറിട്ട റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുമ്പോൾ പേടിച്ചു പൊട്ടിക്കരഞ്ഞു മകൾ; അമ്മയെ ഇന്നു തന്നെ കൊണ്ടുവരണേയെന്ന് പൊട്ടിക്കരഞ്ഞു കുട്ടി; ലാത്തിയുടെ കാവലിൽ കെ റെയിൽ കല്ലിട്ടു സർക്കാർ ഹുങ്ക്; കിടപ്പാടം പോകുന്നവർ രണ്ടും കൽപ്പിച്ചു ജീവന്മരണ പോരാട്ടത്തിന്
ചങ്ങനാശേരി: കെ റെയിൽ വിരുദ്ധ സമരം വീണ്ടും കൊടുമ്പിരി കൊള്ളുകയാണ്. സമരത്തിന്റെ രൂപം വരും ദിവസങ്ങളിൽ മാറുമെന്ന് ഉറപ്പാണ്. കിടപ്പാടം നഷ്ടമാകുന്നവർ രണ്ടും കൽപ്പിച്ചാണ് സമരമുഖത്തേക്ക് നീങ്ങുന്നത്. ഇതോടെ വരും ദിവസങ്ങളിൽ സമരരംഗം കൂടുതൽ കലുഷിതമാകുമെന്ന് ഉറപ്പാണ്. ഇന്നലെ ചങ്ങനാശ്ശേരിയിലെ മാടപ്പള്ളിയിൽ കണ്ടത് ഇതിന്റെ ഒരു ടെസ്റ്റ് ഡോസ് മാത്രമായിരുന്നു എന്നു വേണമെങ്കിൽ പറയാം. പലയിടത്തും സമാനമായ പ്രതിഷേധ സംഭവങ്ങളാണ് ഉണ്ടാകാൻ പോകുന്നത്.
ഇന്നലെ മാടപ്പള്ളിയിൽ സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവരെ പൊലീസ് നേരിട്ടത് ലാത്തി കൊണ്ടായിരുന്നു. പ്രതിഷേധിച്ച സ്ത്രീകളെ ഉൾപ്പെടെയുള്ളവരെ പൊലീസ് വലിച്ചിഴച്ചുകൊണ്ടുപോയതു വ്യാപക പ്രതിഷേധത്തിനിടയാക്കി. നാല് സ്ത്രീകളെ ഉൾപ്പെടെ 23 പേരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിഷേധിക്കുന്നതിനിടെ അമ്മയെ പൊലീസ് പിടിച്ചുകൊണ്ടുപോയതിനാൽ പൊട്ടിക്കരയുന്ന കുട്ടിയുടെ ദൃശ്യങ്ങൾ സമരസ്ഥലത്തെ സങ്കടക്കാഴ്ചയായി. അമ്മയെ പൊലീസ് വലിച്ചിഴയ്ക്കുന്നത് നോക്കിയായിരുന്നു കുഞ്ഞിന്റെ കരച്ചിൽ. അമ്മയെ ഇന്നു തന്നെ കൊണ്ടുവരണമെന്നും കരയുന്നതിനിടെ കുഞ്ഞ് ആവശ്യപ്പെട്ടിരുന്നു.
അമ്മ റോസ്ലിനെ പൊലീസുകാർ ടാറിട്ട റോഡിലൂടെ വലിച്ചിഴക്കുമ്പോൾ 8 വയസ്സുകാരി സോമിയയാണ് പൊട്ടിക്കരഞ്ഞുത്. പൊലീസ് നടപടിയിൽ സോമിയ ശരിക്കും ഭയന്നിരുന്നു. 'എന്റെ അമ്മയെ കൊണ്ടു താ... എനിക്കെന്റെ അമ്മയെ വേണം പ്ലീസ്...'' സിൽവർലൈൻ പദ്ധതി വരുമ്പോൾ പൊളിച്ചു മാറ്റേണ്ടി വരാവുന്ന കുടുംബ വീടിനു മുന്നിൽനിന്നു പ്രതിഷേധിക്കുമ്പോഴാണു റോസ്ലിൻ ഫിലിപ്പിനെ പുരുഷ പൊലീസ് അടങ്ങുന്ന സംഘം മകളുടെ കൺമുന്നിലൂടെ വലിച്ചിഴച്ചത്.
''ഞാനും കൂടെ വരുന്നു'' എന്നു കരഞ്ഞുകൊണ്ട് സോമിയ പിന്നാലെ ഓടി. മകളെ ചേർത്തു പിടിക്കാൻ ഒന്നു രണ്ടു തവണ റോസ്ലിൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. റോഡിൽ ഉരഞ്ഞ് റോസ്ലിന്റെ കൈമുട്ടും കാൽപാദവും പൊട്ടി. സോമിയയുടെ കരച്ചിലിനിടെ റോസ്ലിനെ പൊലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്കു മാറ്റി.
കോട്ടയം ജില്ലാ അതിർത്തിയായ മാടപ്പള്ളിയിൽ സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടാൻ വൻ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് ഇന്നലെ ഉദ്യോഗസ്ഥർ എത്തിയത്. സോമിയയും മാതാപിതാക്കളായ ഈയാലിൽ തെക്കേതിൽ സണ്ണി ഫിലിപ്പും റോസ്ലിനും താമസിക്കുന്ന ഇടപ്പള്ളി കോളനിയിലെ വീടും കുറച്ച് അകലെയുള്ള കുടുംബ വീടും ഇവർ നടത്തുന്ന സ്റ്റേഷനറിക്കടയും സിൽവർലൈനു സ്ഥലമേറ്റെടുക്കുമ്പോൾ നഷ്ടമാകും.
തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ എത്തിച്ച റോസ്ലിനെ പിന്നീട് വിട്ടയച്ചു. വൈകിട്ടോടെ വീട്ടിലെത്തിയ അവരെ രക്തസമ്മർദം കൂടിയതിനെത്തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവന്നു. പ്രതിഷേധം നടന്ന പ്രദേശത്തുനിന്നു നാട്ടുകാർ പോയ ശേഷം ഉദ്യോഗസ്ഥർ കല്ലിട്ടു.
പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിൽ സമര സമിതി ഹർത്താലിന് ആഹ്വാനം ചെയ്തു. സമരക്കാരെ പൊലീസ് കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭാ നടപടികൾ ബഹിഷ്‌കരിച്ചു. എറണാകുളം ജില്ലയിലെ മാമലയിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷം ഉദ്യോഗസ്ഥർ കല്ലുകൾ സ്ഥാപിച്ചു.
പൊലീസ് സ്‌റ്റേഷനിൽ അടക്കം കനത്ത പ്രതിഷേധമാണ് ഉണ്ടായത്. സ്വന്തം വീടു നഷ്ടമാകുമെന്ന് ഉറപ്പുള്ള ഘട്ടത്തിൽ പ്രതിരോധിക്കുന്നവരെ പൊലീസ് നേരിടുന്ന ശൈലിക്കെതിരെ അതി നിശിദമായ വിമർശനമാണ് സൈബർ ഇടങ്ങളിലും ഉണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ