കൊല്ലം: കെ റെയിൽ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഉറപ്പിച്ചിരിക്കയാണ് പിണറായി സർക്കാർ. ഇതിന്റെ തുടർച്ചയെന്നോണം ഇനി ഉണ്ടാകുന്ന സമരങ്ങളെയും അടിച്ചമർത്തുക എന്ന ശൈലിയാകും സർക്കാർ സ്വീകരിക്കുക. എന്നാൽ, പൊലീസ് നടപടികളെയും പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം. ഇതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതീകാത്മകമായി സിൽവർലൈൻ സർവേക്കല്ലിട്ട് കെഎസ്‌യു പ്രതിഷേധം.

പാവപ്പെട്ടവരുടെ വീടുകളിൽ കല്ലിടുന്നതിനു സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നതിലൂടെ സർക്കാരിനു വേണ്ടി പൊലീസ് ദാസ്യപ്പണി ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. കെഎസ്‌യു ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലാണു കല്ലിട്ടത്.

20 പേർക്കെതിരെ കേസെടുത്തു. സമരം കഴിഞ്ഞപ്പോൾ പൊലീസുകാർ സ്റ്റേഷനിലേക്കു തിരിച്ചുപോയതോടെ, കല്ല് തിരിച്ചെടുത്തു കാറിൽ കൊണ്ടുപോകാൻ കെഎസ്‌യു പ്രവർത്തകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ കാർ അതിവേഗം മുന്നോട്ടുപോയി. കല്ല് അവിടെത്തന്നെ ഉപേക്ഷിച്ചു പ്രവർത്തകരും തിരിച്ചുപോയി.പ്രവർത്തകർ കൊണ്ടുവന്ന കല്ല്, സിൽവർലൈൻ പദ്ധതിക്കായി എവിടെയോ കുഴിച്ചിട്ടിരുന്നതാകാമെന്നു സംശയമുള്ളതിനാൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതു പരിശോധിക്കാൻ കെ റെയിൽ ഉദ്യോഗസ്ഥരുടെ സഹായവും തേടിയിട്ടുണ്ട്.

അതിനിടെ അതിരടയാളക്കല്ല് പിഴുതെറിഞ്ഞുള്ള പ്രതിഷേധങ്ങൾ നേരിടാൻ നിയമനടപടിക്ക് സർക്കാറും ഒരുങ്ങുകയാണ്. സമരക്കാർക്കെതിരെ പൊതുമുതൽ നശിപ്പിക്കലിനെതിരായ നിയമപ്രകാരമുള്ള നടപടികളാകും സ്വീകരിക്കുക. ഇതുപ്രകാരം കേസെടുത്തു സമരക്കാരെ അറസ്റ്റ് ചെയ്യാനാണു നീക്കം. അറസ്റ്റിലാകുന്നവർ, നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മൂല്യത്തിനു തുല്യമായ തുക കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ.

സ്ഥാപിച്ച കല്ലുകൾ പിഴുതു മാറ്റിയിട്ടുണ്ടെകിൽ കെറെയിൽ, അക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിനു നോട്ടിസ് നൽകും. അതു പ്രകാരമാകും പൊലീസ് കേസെടുക്കുക. ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു പ്രത്യേകം കേസെടുക്കും. ഇപ്രകാരം 2000 രൂപ മുതൽ 5000 രൂപ വരെ പിഴ ചുമത്താനാണ് ആലോചന.

അതിരടയാളക്കല്ലുകൾ പിഴുതെറിഞ്ഞുള്ള പ്രക്ഷോഭം സർക്കാരിനു തലവേദനയായ പശ്ചാത്തലത്തിലാണു കടുത്ത നടപടികൾ. പ്രതിഷേധം കാരണം പദ്ധതിയുടെ സാമൂഹികാഘാത പഠനം നീളുകയാണ്. സിൽവർലൈനിന്റെ അതിരു നിർണയിച്ചാലേ അതിൽനിന്ന് എത്രമാത്രം അകലത്തിലുള്ളവരെ പദ്ധതി ബാധിക്കുമെന്ന സാമൂഹികാഘാത പഠനം നടത്താൻ പറ്റൂ. ഈ പഠനം പൂർത്തിയാക്കാതെ പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ല.

സിൽവർലൈൻ അടയാളക്കല്ലുകൾ പിഴുതെറിയുന്ന സമരം കോൺഗ്രസ് ഇന്നു പ്രഖ്യാപിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു. സമരത്തിന്റെ അവസാന മാർഗമാണ് കല്ലു പിഴുതെറിയൽ എന്നു കോൺഗ്രസ് പറഞ്ഞിരുന്നു. ഞങ്ങൾ പറയാതെ തന്നെ കേരളത്തിലെ ജനസമൂഹം അതേറ്റെടുത്തു. കേരളമാകെ ഈ പിഴുതെറിയൽ നടക്കുകയാണ്. ഈ സമരമുഖത്തേക്കു കടന്നുവരാൻ കെപിസിസി ഇന്ന് ഔപചാരിക ആഹ്വാനം നടത്തും സുധാകരൻ പറഞ്ഞു.

ആകെ 530 കിലോമീറ്ററാണ് സിൽവർലൈൻ ദൂരം. ഇതിൽ 182 കിലോമീറ്റർ ദൂരത്തിൽ 6083 കല്ലുകൾ മാത്രമാണ് ഇതുവരെ സ്ഥാപിച്ചത്. റവന്യു വകുപ്പിനാണു കല്ലിടലിന്റെ ചുമതല. സംരക്ഷണം പൊലീസ് നൽകും. 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമാണു സാമൂഹികാഘാത പഠനം നടത്തുക.