കണ്ണൂർ: ലോക സമാധാനത്തിന് വേണ്ടി രണ്ട് കോടി രൂപയാണ് ഈ ബജറ്റിൽ സംസ്ഥാന ധനമന്ത്രി നീക്കി വെച്ചിരിക്കുന്നത്. എന്നാൽ, കേരളത്തിന്റെ സമാധാനം കെ റെയിലിൽ തട്ടി പൊലിഞ്ഞ അവസ്ഥയിലാണ് ഇപ്പോഴത്തെ കാര്യങ്ങൾ. കെ റെയിൽ വിഷയത്തിൽ പിന്നോട്ടില്ലെന്ന് വ്യക്തമക്കി മുഖ്യമന്ത്രിയും മന്ത്രിമാരും വെല്ലുവിളിച്ചു രംഗത്തുണ്ട്. പദ്ധതി ബാധിക്കുന്നവരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് പകരം അവരെ വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനം. ഇത് സമരങ്ങളെ കൂടുതൽ സംഘർഷഭരിതമാക്കും. കെ റെയിൽ കുറ്റികൾ പിഴുതെറിയുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചതിനാൽ അത്തരം നടപടികളിലേക്കാകും കോൺഗ്രസും കൂടുതലായി കടക്കുക.

സിൽവർ ലൈനിന്റെ കാര്യത്തിൽ ആരു പറയുന്നതാണ് ജനം കേൾക്കുകയെന്നു നോക്കാമെന്ന് സിൽവർ ലൈൻ വിരുദ്ധ സമരക്കാരെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. പദ്ധതിയുമായി മുന്നോട്ടുതന്നെ പോകും. നാടിന്റെ താൽപര്യവും വികസനവും സംരക്ഷിക്കാനാണ് സർക്കാർ ഊന്നൽ നൽകുന്നത്. തെറ്റായ എതിർപ്പുകൾക്കു മുൻപിൽ വഴങ്ങില്ല. കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം ആളുകളുടെയും അഭിപ്രായം പദ്ധതിക്ക് അനുകൂലമാണ്.

പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാതലങ്ങളിൽ നടത്തിയ യോഗത്തിൽ ഒരു അപസ്വരം പോലും ഉയർന്നിട്ടില്ല. യുഡിഎഫ് വിചാരിച്ചാൽ പദ്ധതിക്കെതിരെ കുറച്ച് ആളുകളെ ഇറക്കാൻ കഴിയുമെങ്കിലും അത് നടക്കാൻ പോകുന്നില്ല. സർക്കാർ പൂർണ തോതിൽ രംഗത്തിറങ്ങി ജനങ്ങളോട് പദ്ധതി വിശദീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഭൂമി നഷ്ടപ്പെടുന്നവർക്ക് സ്വാഭാവികമായും വിഷമമുണ്ടാകും. അവരെ വിഷമിപ്പിക്കുകയല്ല, സാധാരണ വിലയുടെ നാലിരട്ടി നൽകിയാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇത് വെറുംവാക്കല്ലെന്ന് ദേശീയപാതയുടെ കാര്യത്തിൽ കണ്ടതാണ്. ദേശീയപാത, മലയോര പാത, തീരദേശപാത എന്നിവയും സിൽവർ ലൈനും കൂടിയാകുമ്പോൾ ഉണ്ടാകുന്ന പുരോഗതി വമ്പിച്ചതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർവേക്കല്ല് പിഴുതെറിഞ്ഞതു കൊണ്ടൊന്നും സിൽവർലൈൻ പദ്ധതി ഇല്ലാതാകില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 8 സംസ്ഥാനങ്ങളിൽ റെയിൽവേ വികസനം നടക്കുന്നുണ്ടെങ്കിലും അവിടെയൊന്നും സമരത്തിനു കോൺഗ്രസില്ല. മാർക്കറ്റ് വിലയേക്കാൾ നാലിരട്ടി വിലയാണ് ഭൂമിക്കു സർക്കാർ നൽകുന്നത്. ബോധപൂർവം പ്രശ്‌നമുണ്ടാക്കാനുള്ള സമരമാണു നടക്കുന്നതെന്നു കോടിയേരി പറഞ്ഞു.

സജി ചെറിയാനെതിരെ രോഷം

അതേസമയം സജി ചെറിയാനെതിരെ രോഷം ആളിക്കത്തുകയാണ്. മന്ത്രി നടത്തിയ തീവ്രവാദ പരാമർശമാണ് വിവാദം കത്തിക്കുന്നത്. സിൽവർലൈനിന് ഒരു കിലോമീറ്റർ ബഫർ സോൺ ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണ് തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ജനങ്ങളെ ഇളക്കിവിടുന്നതെന്നു മന്ത്രി സജി ചെറിയാൻ ആരോപിച്ചത്. വൈകാരികത ഇളക്കിവിട്ടും പണം ഉൾപ്പെടെ നൽകിയും സർക്കാരിന്റെ നേട്ടങ്ങളെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്.

കലാപമുണ്ടാക്കി വികസന പദ്ധതിയെ തകർക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത പുലർത്തും. കല്ല് പിഴുതാൽ വിവരമറിയും. ഇപ്പോഴത്തെ കല്ലിടൽ സ്ഥലം ഏറ്റെടുക്കാനല്ല, സാമൂഹികാഘാത പഠനത്തിന്റെ ഭാഗമാണ്. കല്ലിട്ട് ഒന്നുരണ്ട് ആഴ്ചയ്ക്കകം ഉദ്യോഗസ്ഥരെത്തി എത്ര സ്ഥലമെടുക്കുമെന്നും നഷ്ടപരിഹാരം എത്രയെന്നും മറ്റും വിശദീകരിക്കും. സാമൂഹികാഘാത പഠനത്തിനു ശേഷമേ അന്തിമ അലൈന്മെന്റാകൂ മന്ത്രി പറഞ്ഞു.

പ്രതിരോധിക്കാൻ ചങ്ങനാശ്ശേരിയിൽ എൽഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണം

കെ റെയിൽ പദ്ധതിക്കെതിരായി ഉയരുന്ന പ്രതിഷേധങ്ങളെ രാഷ്ട്രീയമായി നേരിടാൻ എൽഡിഎഫും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മാടപ്പള്ളിയിലുയർന്ന കെ റെയിൽ പ്രക്ഷോഭം തണുപ്പിക്കാൻ രാഷ്ട്രീയ വിശദീകരണ യോഗം ചേരാൻ എൽ ഡി എഫ് തീരുമാനിച്ചു. ഇന്ന് വൈകിട്ട് ചങ്ങനാശേരിയിലാകും രാഷ്ട്രീയ വിശദീകരണ യോഗത്തിന് തുടക്കമാകുക. മാടപ്പള്ളി പഞ്ചായത്തിൽ ഉൾപ്പെട്ട തെങ്ങണയടക്കമുള്ള മേഖലയിലാണ് എൽ ഡി എഫ് രാഷ്ട്രീയ വിശദീകരണ യോഗം ചേരുക. ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ, മന്ത്രി വി എൻ വാസവൻ, ജോസ് കെ മാണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. പരിപാടി ശക്തിപ്രകടനമാക്കി മാറ്റാൻ എൽഡിഎഫ് തീരുമാനമുണ്ട്.

പൊലീസ് അതിക്രമം പാർലമെന്റിൽ ഉന്നയിച്ച് യു.ഡി.എഫ്

അതേസമയം സിൽവർലൈൻ വിരുദ്ധ സമരത്തിനെതിരെ പൊലീസ് അതിക്രമം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കെ. മുരളീധരൻ, ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എംപി. അബ്ദുസ്സമദ് സമദാനി, ഹൈബി ഈഡൻ എന്നിവരാണ് വിഷയം സഭയിൽ ഉന്നയിച്ചത്.

സിൽവർ ലൈൻ പദ്ധതി ഇന്ത്യൻ റെയിൽവേയുടെയും കേരള സർക്കാറി!!െന്റയും സംയുക്ത സംരംഭം ആയതിനാൽ കേന്ദ്ര സർക്കാറിന് ഇതിൽനിന്ന് ഒഴിഞ്ഞുമാറാൻ ആവില്ലെന്ന് കെ. മുരളീധരൻ ചൂണ്ടിക്കാട്ടി. ക്രമസമാധാന തകർച്ചയിലേക്ക് നയിച്ച സാഹചര്യം സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ടു.

കേരളത്തിൽ ആപത്കരമായ സാഹചര്യമാണുള്ളതെന്നും കേന്ദ്രം ഇടപെടൽ അനിവാര്യമാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി എന്നിവർ ആവശ്യപ്പെട്ടു. പ്രതിഷേധിച്ചവരെ അതിക്രൂരമായിട്ടാണ് നേരിട്ടതെന്നും ഹൈബി ഈഡൻ അടിയന്തര പ്രമേയത്തിന് അനുമതി തേടി നൽകിയ നോട്ടീസിൽ വ്യക്തമാക്കി.

മാടപ്പള്ളിയിൽ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയവർക്കെതിരെ കേസ്

സിപിഎമ്മിന്റെ ഇടപെടൽ ശേഷിയെ ഭരണവർഗ്ഗം ഭയപ്പെടുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ബംഗാളും ത്രിപുരയും ഇതിന് ഉദാഹരണമാണ്. സി പി എമ്മിനെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നു. രാജ്യത്ത് വിവിധ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നു. ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ബിജെപി ഗവൺമെന്റ് എന്തായി മാറുമെന്ന് മുന്നറിയിപ്പ് നൽകിയ പാർട്ടിയാണ് സി പി എം. സഹോദരങ്ങളിൽ പോലും പകയും വിദ്വേഷവും സൃഷ്ടിക്കാൻ ആർ എസ് എസിന് അറിയാം. ഒറ്റക്കെട്ടായി യോജിച്ച് ഇടപെടുന്നുവെന്നും അദ്ദേഹം പറഞ്ഞുവച്ചു.