- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലംപ്രയോഗിച്ച് കുറ്റിയിടുന്നു.. പിഴുതെറിയുന്നു... കേരളത്തിൽ അങ്ങോളമിങ്ങോളം കെ റെയിൽ പ്രതിഷേധം ഇരമ്പുന്നു; സമരക്കാരെ പിഴുതെറിയാൻ തീവ്രവാദികളെന്ന് വിളിച്ചിട്ടും ഐക്യം തകരുന്നുമില്ല; ശബരിമല പ്രക്ഷോഭത്തെയും കടത്തിവെട്ടും വിധം സമരം കനക്കുമ്പോഴും കുലുങ്ങാതെ മുഖ്യൻ
തിരുവനന്തപുരം: പൊലീസിന്റെ സാന്നിധ്യത്തിൽ ബലം പ്രയോഗിച്ചു കുറ്റിയിടാൻ സർക്കാൻ.. അതേ കുറ്റി പിഴുതെറിയാൻ കാത്തു നിന്നു പ്രതിഷേധക്കാരും. ഏതാനും ദിവസമായി കേരളത്തിൽ അങ്ങോളമിങ്ങോളം ആവർത്തിക്കുന്നത് ഈ സമരമാണ്. കെ റെയിൽ പ്രക്ഷോഭം കൊടുമ്പിരി കൊള്ളുമ്പോൾ ശബരിമല സമരത്തെയും കടത്തിവെട്ടുന്ന വിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കെ റെയിൽ പദ്ധതി പ്രദേശത്തെ സാമൂഹികാഘാതം പ്രതീക്ഷിച്ചതിലും വലുതാണെന്ന് വ്യക്തമാകുമ്പോൾ സമരത്തിലേക്ക് എത്തുന്നവരുടെ എണ്ണവും കൂടുകയാണ്. യുഡിഎഫ് മുന്നിൽ നിന്നു നയിക്കുന്ന സമരത്തിൽ കക്ഷി നോക്കാതെ എല്ലാവരും പങ്കെടുക്കുന്നുണ്ട്. സമരത്തിന്റെ വ്യാപ്തി നാൾക്കു നാൾ വർധിച്ചു വരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ അതിനെ കൂസൂന്ന ലക്ഷണമില്ല.
ഇന്നലെും പലയിടത്തം പ്രക്ഷോഭം ശക്തമായിരുന്നു. പലയിടത്തും നാട്ടുകാർ കല്ലു പിഴുതെറിഞ്ഞു. ചിലയിടങ്ങളിൽ കല്ലു സ്ഥാപിക്കാനാകാതെ അധികൃതർ മടങ്ങി. വിവിധ സ്ഥലങ്ങളിലെ സംഭവങ്ങൾ ഇങ്ങനെയാണ്: പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസാണ് സമരം നയിച്ചത്. യൂത്ത് കോൺഗ്രസ് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് തടയാൻ പൊലീസ് ശ്രമിച്ചതോടെ സംഘർഷമുണ്ടായി. തുടർന്നു പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത യോഗം പിരിഞ്ഞതിനു ശേഷമായിരുന്നു സംഘർഷം. പ്രതീകാത്മക സർവേക്കല്ല് സ്ഥാപിക്കാനായി മുദ്രാവാക്യം മുഴക്കി നീങ്ങിയപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ റോഡിലേക്ക് തെറിച്ചുവീണു.
കോട്ടയം നഗരത്തിനു സമീപം നാട്ടിയ സർവേക്കല്ല് നാട്ടുകാരും സമര സമിതിക്കാരും പിഴുതെറിഞ്ഞു. പൊലീസ് വലയം ഭേദിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിൽ പ്രതിഷേധ സൂചകമായി സർവേക്കല്ല് നാട്ടുകയും ചെയ്തു. പാറമ്പുഴ കുഴിയാലിപ്പടിക്കു സമീപം കല്ല് സ്ഥാപിക്കാനുള്ള ശ്രമം തിങ്കളാഴ്ച പരാജയപ്പെട്ടിരുന്നു. ഇന്നലെ രാവിലെ 9ന് അധികൃതർ ഇവിടെ കല്ലിട്ടു. പിന്നീട് ജനപ്രതിനിധികളുടെ നേതൃത്വത്തിലെത്തിയ നാട്ടുകാർ കല്ല് പിഴുതെറിയുകയും വൈകിട്ടു വരെ കാവലിരിക്കുകയും ചെയ്തു.
ചോറ്റാനിക്കരയിൽ സർവേക്കല്ലുകൾ നശിപ്പിച്ചതിനു അനൂപ് ജേക്കബ് എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ ഉൾപ്പെടെ 13 പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കണ്ടാലറിയാവുന്ന മറ്റ് 25 പേർക്കെതിരെയും കേസുണ്ട്. അടിയാക്കൽ പാടത്ത് സ്ഥാപിച്ച സർവേ കല്ലുകൾ പിഴുതെറിഞ്ഞതിനെ തുടർന്നു കെ റെയിൽ അധികൃതർ നൽകിയ പരാതിയിലാണു കേസ്. പ്രതിഷേധത്തെത്തുടർന്ന് ഇന്നലെ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയില്ല. അടുത്ത ദിവസം നടപടി തുടരുമെന്നാണ് സൂചന.
മലപ്പുറം ജില്ലയിലെ തിരുനാവായിൽ നാട്ടുകാർ പ്രതിഷേധം തീർത്തതോടെ അടയാളക്കല്ല് സ്ഥാപിക്കാനാകാതെ അധികൃതർ മടങ്ങി. സൗത്ത് പല്ലാറിലെ ചൂണ്ടിക്കലിൽ തിരുനാവായ സൗത്ത് പല്ലാർ സിൽവർലൈൻ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ചിരുന്നു. രണ്ടിടത്ത് കല്ലുകൾ സ്ഥാപിച്ചതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം കരിങ്കൊടിയും ബോർഡുകളും ഉയർത്തിപ്പിടിച്ച് മുദ്രാവാക്യം മുഴക്കി.
സമരസമിതി നേതാക്കളും ഡിസിസി പ്രസിഡന്റ് വി എസ്.ജോയിയും അധികൃതരുമായി ചർച്ച നടത്തി. ഒരു മണിക്കൂറോളം നീണ്ട ചർച്ചയ്ക്കു ശേഷം ഉച്ചഭക്ഷണത്തിനായി അധികൃതർ മടങ്ങിയെങ്കിലും പിരിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്ന നാട്ടുകാർ സമരസ്ഥലത്തു തന്നെ ഭക്ഷണം എത്തിച്ചു കഴിച്ചു. രാവിലെ സ്ഥാപിച്ച 2 കല്ലുകൾ ഇതിനിടെ പിഴുതെറിഞ്ഞു.
കല്ലായിയിലെ പ്രതിഷേധത്തെതുടർന്ന് കോഴിക്കോട് ജില്ലയിൽ നിർത്തിവച്ച കെറെയിൽ കല്ലിടൽ ഇന്നലെ നടത്തിയില്ല. കോൺഗ്രസ്, ബിജെപി നേതാക്കൾ തിങ്കളാഴ്ച പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരോട് കല്ലിടാനുള്ള പ്രദേശത്തിന്റെ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടിരുന്നു. വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ സ്‌കെച്ച് തയാറാക്കിയ ശേഷം കല്ലിടൽ പുനരാരംഭിക്കുമെന്നാണ് അറിയിച്ചത്. ഇന്നും കല്ലിടൽ നടക്കാൻ സാധ്യതയില്ലെന്ന് അധികൃതർ പറഞ്ഞു. ബിജെപി ജില്ലാകമ്മിറ്റിയുടെ കെറെയിൽ വിരുദ്ധ പദയാത്ര ഇന്നലെ ആരംഭിച്ചു. സമരത്തിന് നേതൃത്വം നൽകാൻ 11 നേതാക്കളുടെ കരുതൽപ്പടയ്ക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി രൂപം കൊടുത്തിട്ടുണ്ട്.
സിൽവർലൈൻ ഉപേക്ഷിക്കും വരെ സമരമെന്ന് യുഡിഎഫ്
സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കുന്നതു വരെ യുഡിഎഫ് സമരരംഗത്തു തുടരുമെന്നു കൺവീനർ എം.എം.ഹസൻ അറിയിച്ചു. വിമോചന സമരം ഉയർത്തിക്കാട്ടി ആരെയും വിരട്ടേണ്ട. അതു കേട്ടു പിന്മാറുന്നവർ അല്ല യുഡിഎഫും സമരമുഖത്തുള്ളവരും. വിമോചന സമരം വിജയിച്ച സമരമാണെന്നു ഹസൻ പറഞ്ഞു. ഇഎംഎസ് സർക്കാരിന് അതുകാരണം പുറത്തു പോകേണ്ടി വന്നു. മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. ഭൂമി വിട്ടു നൽകേണ്ടാത്തവരുമായാണു സർക്കാർ ചർച്ച നടത്തിയത്. പൊലീസിനെ ഉപയോഗിച്ചു സമരം നേരിട്ടാൽ ചെറുക്കും. നടക്കാത്ത പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവർക്കൊപ്പം യുഡിഎഫ് ഉണ്ടാകും. അതിനെ വിമോചന സമരമെന്നോ മോചന സമരമെന്നോ വിളിക്കാം ഹസൻ പറഞ്ഞു.
അതേസമയം അധികാരത്തിന്റെ ലഹരി തലയ്ക്കു പിടിച്ച മുഖ്യമന്ത്രിയും സിപിഎം നേതാക്കളും സിൽവർലൈനിന്റെ പേരിൽ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പദ്ധതിയെക്കുറിച്ചു പരസ്പര വിരുദ്ധമായാണു മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി നേതാക്കളും കെ റെയിൽ ഉദ്യോഗസ്ഥരും സംസാരിക്കുന്നത്. ഡിപിആറിലെ വസ്തുതാപരമായ തെറ്റുകൾ എല്ലാവരും ആവർത്തിക്കുന്നു. പിണറായിയുടെ രാജസദസ്സിലെ വിദൂഷകരാണ് ഇ.പി. ജയരാജനും സജി ചെറിയാനും. സമരത്തെ തകർക്കുമെന്നാണു മുഖ്യമന്ത്രിയുടെ ഭീഷണി. പേടിപ്പിച്ചു ഭരിക്കുന്ന അദ്ദേഹത്തെ ചുറ്റുമുള്ളവർക്കു ഭയമുണ്ടാകാം. യുഡിഎഫിന് ഇല്ല സതീശൻ പറഞ്ഞു.
കടുത്ത വാക്കുകളുമായി സിപിഎം പ്രതിരോധം
സമരം കടുക്കുന്നതിനൊപ്പം കടുത്ത വാക്കുകളുമായാണ് സിപിഎം നേതാക്കൾ കെ റെയിലിനെ പിന്തുണച്ചു രംഗത്തുവരുന്നത്. സിൽവർലൈൻ പ്രതിഷേധത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം നടന്നത് അടി കിട്ടേണ്ട സമരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. കലക്ടറേറ്റിനുള്ളിൽക്കയറി കല്ലിടുക, സെക്രട്ടേറിയറ്റിനുള്ളിൽ കല്ലിടുക എന്നിങ്ങനെ ശരിക്കും അടി കിട്ടേണ്ട സമരമാണ് നടന്നത്. പൊലീസ് സംയമനം പാലിക്കുകയായിരുന്നു. സമരക്കാർ എടുത്തുകൊണ്ടു പോയതുകൊണ്ട് കേരളത്തിൽ കല്ലിന് ക്ഷാമമൊന്നുമില്ല. ഇനി കേരളത്തിൽ ഇല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവന്ന് കല്ലിടുക തന്നെ ചെയ്യും. സിൽവർലൈൻ വിഷയത്തിൽ മലപ്പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകിയതിനു ശേഷം മാത്രമേ ഭൂമിയേറ്റെടുക്കുകയുള്ളൂ. കേന്ദ്രം അംഗീകരിച്ച കാര്യങ്ങളേ ഇവിടെ നടക്കുന്നുള്ളൂ. സർവേ നടത്താനും ഡിപിആർ തയാറാക്കാനും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠനം നടത്താനുള്ള അനുമതി ഹൈക്കോടതിയിൽ ചോദ്യം ചെയ്‌തെങ്കിലും നടന്നില്ല. ഇപ്പോൾ നടക്കുന്ന സമരം ഹൈക്കോടതി വിധിക്കെതിരായുള്ള സമരമാണ്. വിമോചന സമരമൊന്നും ഇനി ഇവിടെ നടക്കില്ലെന്നും കോടിയേരി പറഞ്ഞു.
വി.ഡി.സതീശനു വേറെ പണിയൊന്നുമില്ലെങ്കിൽ സർവേക്കല്ല് പിഴുതെടുത്തു നടക്കട്ടെ എന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ പറഞ്ഞത്. കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ജയരാജൻ. കോൺഗ്രസുകാർ രാജ്യത്തിനു വേണ്ടി ചിന്തിക്കുന്നവരല്ല. സമരത്തിനു പിന്നിൽ ആളുകളും ഇല്ല. കുറച്ചു 'റെഡിമെയ്ഡ് ആളുകളെ' കൊണ്ടുവന്ന് പ്രശ്‌നമുണ്ടാക്കി പൊലീസിനെ ആക്ട് ചെയ്യിപ്പിക്കാനും അക്രമം ഉണ്ടാക്കാനും നോക്കുന്നുവെന്നേയുള്ളു. സിൽവർലൈൻ വിരുദ്ധ സമരത്തിൽ ജനങ്ങളില്ല. തെക്കുവടക്കു നടക്കുന്ന കുറച്ചു വിവരദോഷികൾ മാത്രമാണുള്ളത്. കോൺഗ്രസിന്റെ നേതൃത്വം അറുവഷളന്മാരുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു.
മാടപ്പള്ളിക്ക് വൻ ആഘാതം, പ്രദേശം തന്നെ മാഞ്ഞുപോകും
സിൽവർലൈൻ പദ്ധതി നടപ്പായാൽ മാടപ്പള്ളി പഞ്ചായത്തിലെ മൂന്നിലൊന്നു പ്രദേശം കുടിയൊഴിപ്പിക്കപ്പെടും. കല്ല് നാട്ടാനുള്ള ശ്രമം മാടപ്പള്ളിക്കാർ സർവശക്തിയുമെടുത്ത് തടഞ്ഞതിന് കാരണവും ഇതുതന്നെ. ചങ്ങനാശേരിക്കു കിഴക്ക് കറുകച്ചാൽ റോഡിൽ 5 കിലോമീറ്റർ പിന്നിട്ടാൽ മാടപ്പള്ളി പഞ്ചായത്ത് അതിർത്തിയായി. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തിൽ നിന്ന് സിൽവർലൈൻ പാത പ്രവേശിക്കുന്നത് മാടപ്പള്ളി പഞ്ചായത്തിലേക്കാണ്.
പഞ്ചായത്തിലെ 20 വാർഡുകളിൽ 7 വാർഡുകളിലൂടെയാണ് ഏഴര കിലോമീറ്റർ പാത കടന്നു പോകുന്നത്. മാടപ്പള്ളി വില്ലേജിൽ മാത്രം 50 സർവേ നമ്പറുകളിലെ ഭൂമിയിൽ സർവേയുണ്ട്. 400 വീടുകൾ ഏറ്റെടുക്കേണ്ടി വരുമെന്ന് സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി രക്ഷാധികാരി വി.ജെ.ലാലിയും ചെയർമാൻ ബാബു കുട്ടൻചിറയും പറഞ്ഞു. ഗ്രാമ പ്രദേശത്തെ 3 പ്രധാന ജംക്ഷനുകൾ ഇല്ലാതാകും. വീടുകളും കടകളും ഒഴിപ്പിക്കുന്നത് ചുരുങ്ങിയത് 2500 പേരെയെങ്കിലും ബാധിക്കും. 2 പള്ളികളും ഒരു കുടുംബ ക്ഷേത്രവും വിദ്യാഭ്യാസ സ്ഥാപനവും ഏറ്റെടുക്കേണ്ടി വരുമെന്നാണ് ആശങ്ക. 10,000 കുടുംബങ്ങളിലായി 40,000 പേരാണ് മാടപ്പള്ളിയിൽ താമസിക്കുന്നത്. ഇവരിൽ ഏറെയും ഇടത്തരം കർഷകരാണ്.
പഞ്ചായത്തിലെ 2 പ്രധാന കോളനികളും കുടിയൊഴിപ്പിക്കേണ്ടിവരും. കോളനികളിലൊന്നിന്റെ നടുവിലൂടെയാണ് പാത കടന്നു പോകുന്നത്. മറ്റേതിന്റെ ഒരു ഭാഗത്തു കൂടിയും. ഓരോ കോളനിയിലും 100 പേർ താമസിക്കുന്നുണ്ട്. രണ്ടു സെന്റ് മുതൽ രണ്ടേക്കർ വരെ സ്ഥലം നഷ്ടപ്പെടുന്നവർ ഗ്രാമത്തിലുണ്ട്. കൂടുതൽ ഭൂമിയുള്ളവരുടെ പുരയിടത്തിന്റെ മധ്യഭാഗത്തു കൂടിയാണ് പാത പോകുന്നത്. ഫലത്തിൽ ഇവരുടെ ഭൂമിയുടെ വില ഇടിയും. കാര്യമായ നഷ്ടപരിഹാരവും ഇല്ല. സിൽവർലൈൻ പദ്ധതിയെ അനുകൂലിക്കുന്നവർക്കു തന്റെ വീട് വിൽക്കാൻ തയാറാണെന്ന് പഞ്ചായത്തിലെ മാമ്മൂട് സ്വദേശി കോണമുടയ്ക്കൽ മനോജ് വർക്കി സമൂഹ മാധ്യമത്തിലിട്ട കുറിപ്പ് ചർച്ചയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ