തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ ഭൂമി ഏറ്റെടുക്കുകയെന്ന താൽപര്യം മാത്രമാണ് സർക്കാരിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതി എന്താണെന്ന കൃത്യമായ ധാരണ സർക്കാരിനോ മന്ത്രിമാർക്കോ ഇല്ല, മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും വിഡി സതീശൻ പറഞ്ഞു.

'സജി ചെറിയാൻ അബദ്ധങ്ങൾ മാത്രം പറഞ്ഞ് പെട്ടുപോയതാണ്. അദ്ദേഹം വീണിടത്ത് കിടന്ന് ഉരുളുകയാണ്. അതിന്റെ നാണക്കേട് മറക്കാനാണ് കല്ലുമായി വീണ്ടും ഇറങ്ങിയത്.' വി ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആലപ്പുഴ ചെങ്ങന്നൂരിൽ നേരിട്ടെത്തി കെ റെയിലിൽ നഷ്ടപരിഹാരം ഉറപ്പ് നൽകിയിരുന്നു. ചില വീട്ടുകാരുമായി സംസാരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പിഴുത കല്ലുകൾ പുനഃസ്ഥാപിക്കുകയുമുണ്ടായി. പിന്നാലെയാണ് വി ഡി സതീശന്റെ പ്രതികരണം.

കെ റെയിൽ വരുന്നതോടെ ചെങ്ങന്നൂർ മെട്രോപൊളിറ്റൻ സിറ്റിയാവുമെന്ന് നേരത്തെ സജി ചെറിയാൻ പറഞ്ഞിരുന്നു. ചെങ്ങന്നൂരിന്റെ ഏറ്റവും വലിയ വികസനമാണ് കെ റെയിൽ. ആകെ 21 ഹെക്ടർ സ്ഥലമാണ് ചെങ്ങന്നൂരിൽ എടുക്കുന്നത്. ഏതെങ്കിലും രണ്ടോ മൂന്നോ ആളുകൾക്കുണ്ടാവുന്ന മാനസിക പ്രയാസം പരിഹരിക്കുമെന്നും സജി ചെറിയാൻ അറിയിച്ചിരുന്നു.

അതേസമയം കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ നിലപാട് കടുപ്പിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ആര് കല്ലിട്ടാലും അത് പിഴുതെറിയും. ഹൈക്കോടതി, സുപ്രീംകോടതി വിധികൾ സാങ്കേതികം മാത്രമാണ്. സമരം ശക്തമാക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

സാമൂഹിക ആഘാത പഠനത്തിന്റെ മറവിൽ ഭൂമി ഏറ്റെടുക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ല. സാമൂഹിക ആഘാതപഠനത്തിന് കല്ലിടേണ്ട ആവശ്യമില്ല. കെ റെയിൽ കല്ലിട്ട് കേരളത്തെ പണയപ്പെടുത്തി ജൈക്കയിൽ നിന്നും ലോൺ വാങ്ങിക്കാനും അഴിമതി നടത്താനുമാണ് സർക്കാർ തീരുമാനമെന്നും വി ഡി സതീശൻ പറഞ്ഞു.

സ്ഥലം പണയപ്പെടുത്തിയാൽ മാത്രമേ ജൈക്കിയിൽ നിന്നും ലോൺ കിട്ടൂ, കണ്ടീഷണൽ ലോൺ ആണ് ജൈക്കയുടേത്. ആ ചരടിൽ കെട്ടി തൂക്കുകയാണ് കേരളത്തെ. അതിനാണ് ധൃതി. അബദ്ധ പഞ്ചാങ്കമാണ് ഡിപിആർ. പദ്ധതിയെകുറിച്ച് ആശങ്കയില്ല. ലോൺ ആണ് പ്രശ്നം. അതുമായി ബന്ധപ്പെട്ടാണ് കോടികളുടെ അഴിമതി നടത്താൻ പോകുന്നതെന്നും വിഡി സതീശൻ വിമർശിച്ചു. എന്ത് വിലകൊടുത്തും പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞ സർക്കാർ എന്തിനാണ് സാമൂഹിക ആഘാതപഠനം നടത്തുന്നതെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് ചോദിച്ചു.