തലശേരി: പിണറായി സർക്കാരിന്റെ സിൽവർ ലൈൻ സ്വപ്നപദ്ധതിക്കെതിരെ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ നിന്നും തന്നെ കടുത്ത പ്രതിഷേധമുയരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് കെ.റെയിൽ സർവേക്കുറ്റിയിടാൻ വന്ന ഉദ്യോഗസ്ഥന്മാർക്കെതിരെ വീട്ടമ്മമാർ ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ കടുത്ത രോഷമുയർന്നതോടെ കുറ്റിയിടാനാവാതെ അധികൃതർ മടങ്ങി. ഇവർ സ്ഥാപിച്ച കുറ്റികളിലൊന്ന് വീട്ടമ്മമാർ പിഴുതുമാറ്റി.

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മുല്ലപ്പുറത്തത്താണ് കടുത്ത എതിർപ്പ് നേരിടേണ്ടി വന്നത്. അനുമതിയില്ലാതെ വീട്ടിനടുത്ത് കുറ്റി സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടയുന്നതിനിടെയിൽ പൊലീസുമായുണ്ടായ സംഘർഷത്തിൽ ഒരു വയോധിക കുഴഞ്ഞുവീണു. വീട്ടിലുണ്ടായിരുന്ന ഒരുകുട്ടിക്കും നിസാര പരുക്കേറ്റു.

മുല്ലപ്പുറം സ്വദേശിനി അഫ്സത്താണ് കുഴഞ്ഞുവീണത്. ഇവരോടൊപ്പം കുറ്റിയിടലിനെ എതിർത്ത യു.ഡി. എഫ് വാർഡ് മെമ്പർമാരായ അർഷാദ്, നജീബ്, കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറി പി.ടി സനൽകുമാർ, മുൻബ്ളോക്ക് വൈസ് പ്രസിഡന്റ് ദാസൻ എന്നിവരെ എടക്കാട് പൊലിസ് അറസ്റ്റു ചെയ്തു നീക്കി.

മുല്ലപ്പുറത്ത് ബിജെപി പ്രവർത്തകർ ഉൾപ്പെടെ നൂറോളം പേരാണ് സർവേകല്ല് സ്ഥാപിക്കൽ തടഞ്ഞത്. ഒരുവീട്ടിലൊഴികെ മറ്റിടങ്ങളിൽ ഇതുകാരണം കുറ്റിയിടൽ നടത്താനായില്ല. പലരും ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് തങ്ങളുടെ വീടിനടുത്ത് കുറ്റിയിടുന്നുണ്ടെന്ന് അറിഞ്ഞത്. ഇതോടെ വീട്ടമ്മമാർ ഉൾപ്പെടെ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

മുഴപ്പിലങ്ങാട് പഞ്ചായത്തിലെ കല്ലിടൽ പൂർത്തിയായതിന് ശേഷം ഇന്നലെ പന്ത്രണ്ടരയോടെയാണ് ഉദ്യോഗസ്ഥർ കല്ലിടാനായി ധർമടം പഞ്ചായത്തിൽ പ്രവേശിച്ചത്. എന്നാൽ നിരവധി കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി കല്ലിടൽ തടയുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം ഉദ്യോഗസ്ഥർ വീണ്ടുമെത്തിയെങ്കിലും സമര സമിതി കൂടുതൽ പ്രവർത്തകരെ സ്ഥലത്തെത്തിച്ച് പ്രതിഷേധം ശക്തമാക്കി. ഇതിനെ തുടർന്ന് കുറ്റിയിടൽ തടസപ്പെടുകയായിരുന്നു. ശനിയും ഞായറും പെരുന്നാൾ അവധി ദിവസങ്ങളും വരുന്നതിനാൽ അടുത്ത നാല് ദിവസം കല്ലിടൽ ഉണ്ടാകില്ല. ഇനി 16 കിലോമീറ്റർ കൂടിയാണ് കണ്ണൂർ ജില്ലയിൽ കല്ലിടാൻ ബാക്കിയുള്ളത്.