- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കെ റെയിലിന് എതിരെ കടുത്ത പ്രതിഷേധം; കുടുംബം ഒന്നടങ്കം ജീവനൊടുക്കേണ്ടി വരുമെന്ന് സ്ത്രീകൾ ഉദ്യോഗസ്ഥരോട്; ധർമടത്തെ മുഴുപ്പിലങ്ങാട് സർവ്വേ കല്ലുകൾ പിഴുതുമാറ്റി എറിഞ്ഞു; സംഘർഷാവസ്ഥ തുടരുന്നു
കണ്ണൂർ: കെ. റെയിൽ സർവ്വേക്കുറ്റി സ്ഥാപിക്കുന്നതിനെതിരെ ഇന്ന് മുഴപ്പിലങ്ങാട് നടന്ന സമരം സംഘർഷഭരിതമായി. സ്ത്രീകളടക്കമുള്ളവരാണ് ഇന്ന് രാവിലെ മുതൽ വൈകുന്നേരം വരെ നടന്ന സമരത്തിന് നേതൃത്വം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിയോജക മണ്ഡലമായ ധർമ്മടത്തെ മുഴപ്പിലങ്ങാട് കുളം മുതൽ റെയിൽവേ ഓവർ ബ്രിഡ്ജുവരെയാണ് പ്രതിഷേധം നടന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ പൊലിസ് ബലം പ്രയോഗിച്ചാണ് നീക്കിയത്.
തങ്ങളുടെ വീടിന്റെ പരിസരത്ത് കല്ലിടുന്നതിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പുരുഷന്മാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകൾ പൊലീസ് വാഹനം തടഞ്ഞു. പൊലീസ് സുരക്ഷയിൽ സ്ഥാപിച്ച സർവ്വെ കല്ലുകൾ നാട്ടുകാർ അവരുടെ മുൻപിൽ നിന്നു തന്നെ പിഴുതുമാറ്റി ദൂരെയെറിഞ്ഞു.
ഇന്നലെ രാവിലെ കല്ലിടൽ ധർമ്മടം നിയോജക മണ്ഡലത്തിലെ മുഴപ്പിലങ്ങാട് മഠത്തിന് സമീപമെത്തിയപ്പോഴാണ് പ്രതിഷേധം ശക്തമായത്. ഇവിടെ, സർവ്വെ കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ തന്നെ പ്രതിഷേധവുമായി നാട്ടുകാരും, രംഗത്ത് എത്തിയിരുന്നു. വീടിന്റെ പരിസരത്ത് കെ. റെയിൽ സർവ്വെ കല്ല് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് വീടുകളിലെ സ്ത്രീകൾ ഉൾപ്പടെ രംഗത്ത് എത്തിയത്. റമദാൻ വ്രതത്തിനിടെ വീട്ടുമുറ്റങ്ങളിലും പരിസരങ്ങളിലും കല്ലിടുന്നതിന് ഉദ്യോഗസ്ഥർ വൻ പൊലീസ് സന്നാഹവുമായെത്തിയത് പ്രതിഷേധത്തിന് കാരണമായി.
ഇതിനിടെ ജനകീയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ മാധ്യമ പ്രവർത്തകർ ചിത്രീകരിക്കുന്നത് തടയാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായി. സർവ്വെ കല്ല് സ്ഥാപിക്കുന്നത് തടഞ്ഞാൽ കസ്റ്റഡിയിൽ എടുക്കുമെന്ന പ്രഖ്യാപനവുമായി പൊലീസ് രംഗത്ത് എത്തിയതോടെ വീടുകളിൽ നിന്ന് സ്ത്രീകൾ കൂട്ടമായി ഇറങ്ങി വന്ന് സർവ്വേ തടയുകയായിരുന്നു. വീടുകളിൽ നിന്നും കസ്റ്റഡിയിലെടുത്ത പുരുഷന്മാരെ പിന്നീട് പൊലിസ് വിട്ടയച്ചുവെങ്കിലും സമരസമിതി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തുകൊണ്ടുപോയി.
കനത്ത പ്രതിഷേധത്തിന് ഇടയിലും വൻ സുരക്ഷയിൽ സർവ്വെ കല്ല് സ്ഥാപിക്കൽ വൈകുന്നേരം വരെ തുടരുകയായിരുന്നു. തങ്ങളുടെ വീടും പരിസരവും കെ. റെയിലിനായി ഏറ്റെടുത്താൽ കുടുംബം അടക്കം ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ചില വീട്ടുകാർ സർവ്വെയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. എന്നാൽ ഇക്കാര്യം ചെവി കൊള്ളാതെയാണ് ഇവർ കുറ്റി സ്ഥാപിക്കൽനടപടി തുടർന്നത്. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലത്തിൽ കാര്യമായ എതിർപ്പ് ഇല്ലാതെ സർവ്വെ കല്ല് സ്ഥാപിക്കാൻ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും പരമാവധി ശ്രമിച്ചെങ്കിലും പ്രതിഷേധം അലയടിക്കുകയായിരുന്നു. സർവ്വെ കല്ല് സ്ഥാപിച്ച് ഉദ്യോഗസ്ഥർ മടങ്ങിയതിന് ശേഷം ആളുകൾ വീടുകളിൽ നിന്ന് കൂട്ടമായെത്തി സർവ്വെ കല്ലുകൾ പിഴുതുമാറ്റി. വരും ദിവസങ്ങളിലും കെ റെയിൽ സർവ്വെക്കെതിരെ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്