- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് കല്ലായിലും കെ റെയിൽ വിരുദ്ധ പ്രക്ഷോഭം സംഘർഷത്തിൽ; പുരുഷ പൊലീസ് ലാത്തികൊണ്ട് കുത്തിയെന്ന് ആരോപിച്ചു സ്ത്രീകൾ; പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് ജീപ്പിലേക്ക് പിടിച്ച് കയറ്റി; മാടപ്പള്ളിയിൽ ബലംപ്രയോഗിച്ചു നാട്ടിയ സർവേകല്ല് അപ്രത്യക്ഷം
കോഴിക്കോട്: സംസ്ഥാനത്ത് കെ റെയിൽ വിരുദ്ധ സമരം ഇന്നും കൊടുമ്പിരി കൊള്ളുന്നു. ചങ്ങനാശ്ശേരി മാടപ്പള്ളിക്ക് പിന്നാലെ ഇന്ന് കോഴിക്കോട് കല്ലായിലും വലിയ പ്രക്ഷോഭമാണ് കെ റെയിലുമായി ബന്ധപ്പെട്ട് ഉണ്ടായത്. കെ റെയിൽ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥർക്കെതിരെയാണ് പ്രതിഷേധം ശക്തമായത്. പിന്നാലെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ത്രീകൾ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിനിടെ പ്രദേശത്ത് ഉദ്യോഗസ്ഥർ കല്ലുകൾ സ്ഥാപിച്ചു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് ജീപ്പിലേക്ക് പിടിച്ച് കയറ്റി. പുരുഷ പൊലീസ് ലാത്തി കൊണ്ട് കുത്തിയെന്നും പ്രതിഷേധിച്ച സ്ത്രീകൾ പറഞ്ഞു.
കല്ലിടാൻ വരുന്നത് സംബന്ധിച്ച് യാതൊരു അറിവും ലഭിച്ചില്ലെന്നാണ് കല്ലായിലെ ജനങ്ങൾ പറയുന്നത്. കല്ലിടാൻ അനുവദിക്കില്ലെന്ന് കല്ലായിലെ സ്ഥലം ഉടമകൾ പറഞ്ഞു. കെ റെയിലിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിന് പിന്നാലെയാണ് കല്ലായിൽ സംഘർഷാവസ്ഥയുണ്ടായത്. ജനങ്ങളോടൊപ്പം കെ റെയിൽ വിരുദ്ധ സമരസമിതിയും പ്രതിഷേധിക്കുന്നുണ്ട്.
കെ റെയിലിനെതിരെ നേരത്തെ കോഴിക്കോട് മീഞ്ചന്തയിലും പയ്യാനക്കലിലും വലിയ തോതിലുള്ള പ്രതിഷേധം നടന്നിരുന്നു. എറണാകുളം മാമലയിൽ രണ്ട് ദിവസമായി കെ റെയിലിനെതിരെ പ്രതിഷേധം തുടരുകയാണ്. മാമലയിൽ പൊലിസ് സുരക്ഷ ശക്തമായിട്ടുണ്ട്. ചങ്ങനാശ്ശേരിയിൽ കെ റെയിലിനെതിരെ സംയുക്ത സമിതിയുടെ ഹർത്താൽ തുടരുകയാണ്. കെ റെയിൽ വിരുദ്ധസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കെ റെയിലിനെതിരായ സമരം യു.ഡി.എഫ് ഏറ്റെടുത്തിട്ടുണ്ട്. യുഡിഎഫ് സംഘം ഇന്ന് ചങ്ങനാശേരിയിൽ എത്തും. പൊലീസിനെ ആയുധമാക്കി സമരം തീർക്കാൻ ശ്രമമെന്നും സർക്കാർ പിൻവാങ്ങുംവരെ സമരം തുടരുമെന്നും യു.ഡി.എഫ് അറിയിച്ചു.
അതേസമയം ആളിക്കത്തിയ പ്രതിഷേധം അവഗണിച്ച് ചങ്ങനാശേരി മാടപ്പള്ളിയിൽ പൊലീസിന്റെ സാന്നിധ്യത്തിൽ അധികൃതർ സ്ഥാപിച്ച കെ-റെയിലിന്റെ സർവേ കല്ലുകൾ അപ്രത്യക്ഷമായി. കെ-റെയിൽ അധികൃതർ വ്യാഴാഴ്ച സ്ഥാപിച്ച സർവേക്കല്ലുകളാണ് രാത്രിതന്നെ ആരോ പിഴുതെറിഞ്ഞത്. വ്യാഴാഴ്ച കെ-റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ മാടപ്പള്ളിയിലും റീത്തുപള്ളിയിലും വൻ പ്രതിഷേധമാണ് അരങ്ങേറിയത്. സമരം ചെയ്ത സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് പൊലീസിന്റെ മർദനമേറ്റിരുന്നു. സമരസമിതി പ്രവപർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് മാടപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഉദ്യോഗസ്ഥർ കല്ലുകൾ സ്ഥാപിച്ചിരുന്നത്.
സ്ത്രീകളും കുട്ടികളും അടക്കമുള്ള സമരക്കാരെ മർദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി ജില്ലയിൽ കരിദിനാചരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ