കൊച്ചി: സിൽവർ ലൈൻ പദ്ധതിക്കു വേണ്ടിയുള്ള അതിരടയാള കല്ലിടലിനെതിരെ സംസ്ഥാനത്ത് ഇന്നും പ്രതിഷേധം. കോട്ടയം നാട്ടാശ്ശേരിയിൽ രാവിലെ എട്ടരയോടെയാണ് വൻ പൊലീസ് സന്നാഹത്തോടെ കല്ലിടൽ നടപടികൾ പുനഃരാരംഭിക്കാൻ ഉദ്യോഗസ്ഥരെത്തിയത്. സർവേ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ഇതേത്തുടർന്ന് നാട്ടുകാരും പൊലീസും ഏറ്റുമുട്ടി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

ജനപ്രതിനിധികളെ ഉൾപ്പെടെ സ്ഥലത്തേക്ക് കടത്തിവിടാതെ പൊലീസ് വഴി തടഞ്ഞു. നഗരസഭാ കൗൺസിലർമാർ എത്തിയിട്ടും പൊലീസ് കടത്തിവിട്ടില്ല. വഴിതടഞ്ഞ് ആരെയും അറിയിക്കാതെ എന്താണ് നടക്കുന്നതെന്ന് അറിയണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഇത് പാറമ്പുഴയാണെന്നും പാക്കിസ്ഥാൻ അതിർത്തി അല്ലെന്നും ജനപ്രതിനിധികൾ വ്യക്തമാക്കി.

സിൽവർലൈൻ കല്ലിടലിനെതിരെ കോട്ടയം നട്ടാശേരിയിൽ നടക്കുന്ന പ്രതിഷേധത്തിനു നേതൃത്വം നൽകി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും സ്ഥലത്തെത്തി. പൊലീസുകാർ ജനപക്ഷത്തു നിൽക്കണമെന്നും നാട്ടുകാരെ ഉപദ്രവിക്കരുതെന്നും തിരുവഞ്ചൂർ പറഞ്ഞു. ഒരു ലക്ഷം രൂപ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരാണ് സർവേയ്ക്കെത്തുന്നത്. രാവിലെ കഞ്ഞി പോലും കുടിക്കാതെയാണ് സ്ത്രീകൾ ഉൾപ്പെടെ സ്വന്തം കിടപ്പാടത്തിനായി പ്രതിഷേധിക്കാനെത്തുന്നത്.

ഈ പാവങ്ങൾ നൽകുന്ന നികുതി കൊണ്ടാണ് ഉദ്യോഗസ്ഥന്മാർക്കു ശമ്പളം കൊടുക്കുന്നത്. പാവങ്ങളെ ഉപദ്രവിക്കാതെ ഉദ്യോഗസ്ഥർ സ്ഥലത്തുനിന്നു പോകണം. യാതൊരു ഉത്തരവും ഇല്ലാതെ വീടുകളുടെ അടുക്കളയിൽ വരെ കല്ലിടുകയാണ്. ഇവിടെ താഴെ ഒരു കല്ലിട്ടെന്നാണ് കേട്ടത്. അത് സാരമില്ല. നിങ്ങൾ എല്ലാവരും കൂടെ അതെടുത്തു കളഞ്ഞാൽ മതി. കല്ലിന് ഹൃദയമില്ലല്ലോ. കല്ലിനേക്കാൾ കടുപ്പമുള്ള ഹൃദയമുള്ളവരാണു തിരുവനന്തപുരത്തിരുന്ന് ഉത്തരവിടുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.

പൊലീസ് നടപടിയെ തുടർന്ന് സ്ത്രീകളടക്കം നാട്ടുകാർ സിൽവർലൈൻ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. നാട്ടാശ്ശേരിയിൽ പ്രതിഷേധത്തെത്തുടർന്ന് ഇന്നലെ കല്ലിടൽ തടസ്സപ്പെട്ടിരുന്നു. കോട്ടയം പെരുമ്പായിക്കോടും കല്ലിടുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ഇടാൻ കൊണ്ടു വന്ന കല്ലുകൾ പ്രതിഷേധക്കാർ എടുത്തു കളഞ്ഞു. കുഴി കുത്താൻ കൊണ്ടുവന്ന ഉപകരണവും സമരക്കാർ തിരികെ എടുപ്പിച്ചു.

കോഴിക്കോടും എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലും ഇന്നത്തെ സിൽവർ ലൈൻ കല്ലിടൽ സർവേ മാറ്റിവെച്ചു. പ്രതിഷേധത്തെത്തുടർന്നാണ് സർവേ മാറ്റിവെച്ചത്. കോഴിക്കോട് ജില്ലയിൽ ഇന്നലെ സർവേ നടപടികൾ പ്രതിഷേധത്തെ തുടർന്ന് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. കോഴിക്കോട് കല്ലിടൽ ഒഴിവാക്കി സർവേ മാത്രം നടത്തുമെന്നാണ് സൂചന.

സർവേ നടത്തുന്ന ഭൂമിയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കാനാണ് കല്ലിടൽ താൽക്കാലികമായി മാറ്റിവെച്ചതെന്നാണ് വിശദീകരണം. സർവേ കല്ലിടാൻ ഉദ്യോഗസ്ഥർ ഇന്ന് എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം തിരുനാവായയിലും നാട്ടുകാർ പ്രതിഷേധവുമായി തമ്പടിച്ചിട്ടുണ്ട്. ഇന്നലെ പ്രതിഷേധത്തെ തുടർന്ന് സർവേ നടപടികൾ നിർത്തിവച്ചിരുന്നു.