- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈനിന്റെ ശരാശരി വേഗം 135 കിലോമീറ്റർ മാത്രം; 220 കിലോ മീറ്റർ സ്പീഡെന്ന പറഞ്ഞത് കള്ളത്തരം; 160 കിലോമീറ്റർ വേഗത്തിലുള്ള വന്ദേഭാരത് ഒരു രൂപ പോലും ചെലവില്ലാതെ കിട്ടുമ്പോൾ എന്തിനു വേണ്ടി സിൽവർലൈൻ എന്ന ചോദ്യം ബാക്കി; ജനസമക്ഷം സംവാദത്തിൽ കെ-റെയിൽ എം.ഡിയുടെ തുറന്നുപറച്ചിൽ പുറത്തു വരുന്ന വിവരങ്ങൾ
തിരുവനന്തപുരം: 63,940 കോടി രൂപ മുടക്കി നിർമ്മിക്കുന്ന സിൽവർ ലൈനിന്റെ ശരാശരി വേഗം 135 കിലോമീറ്റർ മാത്രമായിരിക്കുമെന്ന് കെ-റെയിൽ എം.ഡി വി.അജിത് കുമാർ തുറന്നു സമ്മതിച്ചതോടെ, ജനങ്ങളിൽ നിന്ന് ബലമായി ഭൂമി പിടിച്ചെടുത്ത് നടപ്പാക്കുന്ന പദ്ധതിയുടെ പൊള്ളത്തരം വെളിച്ചത്തായി. 220കിലോമീറ്റർ വേഗത്തിൽ യാത്രചെയ്യാമെന്നാണ് ഇതുവരെ കെ-റെയിൽ തെറ്റിദ്ധരിപ്പിച്ചിരുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ 11 സ്റ്റേഷനുകളുള്ളതിൽ 9 ഇടത്തും സിൽവർലൈനിന് സ്റ്റോപ്പുണ്ടെന്നും ഒരു സ്റ്റോപ്പിൽ രണ്ടു മിനിറ്റ് നിറുത്തിയിടണമെന്നും എം.ഡി പറഞ്ഞു. നിറുത്താനും മുന്നോട്ടെടുക്കാനും വേഗം കുറയ്‌ക്കേണ്ടി വരും. ഇതെല്ലാം കണക്കുകൂട്ടുമ്പോൾ 135 കിലോമീറ്റർ ആണ് ശരാശരി വേഗത. ഇത് കൂട്ടിയാണ് 3.54 മിനിറ്റ് യാത്രാസമയമെടുക്കുന്നത്. 160കിലോമീറ്റർ വേഗത്തിൽ ഓടുന്ന വന്ദേഭാരത് ട്രെയിനുകൾ കേരളത്തിന് അനുവദിച്ചിരിക്കെയാണ് 135 കിലോമീറ്റർ സ്പീഡുള്ള ട്രെയിനിനായി കോടാനുകോടികൾ പൊടിക്കാനുള്ള കള്ളക്കളി.
സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സംശയങ്ങൾക്ക് കെ-റെയിൽ മറുപടി നൽകുന്ന 'ജനസമക്ഷം സിൽവർ ലൈൻ' എന്ന തത്സമയ സംവാദ പരിപാടിയിലാണ് ഇതുവരെ മൂടിവച്ച കള്ളത്തരം പൊളിഞ്ഞത്. പദ്ധതിയെ പൊളിച്ചടുക്കി ജനങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾ ഒഴിവാക്കി, പരമാവധി അനുകൂല ചോദ്യങ്ങൾക്കാണ് കെ റെയിൽ മറുപടി പറഞ്ഞത്. കെ-റെയിൽ എം.ഡി വി.അജിത്കുമാർ, കൺസൾട്ടന്റായ സിസ്ട്രയുടെ പ്രോജക്ട് ഡയറക്ടർ എം.സ്വയംഭൂലിംഗം, സെക്ഷൻ എൻജിനിയർ പ്രശാന്ത് സുബ്രഹ്മണ്യം എന്നിവരാണ് സംവാദത്തിൽ പങ്കെടുത്തത്. ഓൺലൈൻ സംവാദത്തിന്റെ സമ്പൂർണ രൂപം ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു.
50 വർഷം കഴിഞ്ഞ് പദ്ധതി കേന്ദ്രത്തിന് കൈമാറുമോ?
പദ്ധതിയുടെ ഉടമസ്ഥാവകാശം അന്തിമമായി കേന്ദ്രസർക്കാരിനാണ്. റെയിൽവേ കേന്ദ്രവിഷയമായതിനാലാണിത്. റെയിൽവേയെ സഹായിക്കാനാണ് സംസ്ഥാനങ്ങളിൽ സംയുക്ത കമ്പനികൾ രൂപീകരിച്ചത്. പദ്ധതിക്കെടുക്കുന്ന വായ്പ 50വർഷം കൊണ്ട് വരുമാനത്തിൽ നിന്ന് അടച്ചു തീർക്കണം. അമ്പതുകൊല്ലം കൊണ്ട് തിരിച്ചടയ്ക്കാൻ പറ്റിയില്ലെങ്കിൽ കാലാവധി നീട്ടും. അവസാനം കെ-റെയിലിന് കടബാദ്ധ്യതയുണ്ടാവില്ല. ഈ 50വർഷം കൊണ്ട് കേരളത്തിന് സാമ്പത്തിക നേട്ടങ്ങളേറെയുണ്ടാവും. നിരവധി വ്യവസായങ്ങൾ, നിക്ഷേപം, ജോലി എന്നിവയുണ്ടാവും. 50വർഷം കഴിഞ്ഞ് കേന്ദ്രത്തിന് കൈമാറിയാലും കേരളത്തിന് നേട്ടമേയുണ്ടാവൂ.
വായ്പാ ബാദ്ധ്യത സംസ്ഥാനത്തിന് വരില്ലേ?
സർക്കാരിന് ലാഭമുണ്ടാക്കാനല്ല സിൽവർലൈൻ. വായ്പയുടെ മുതലും പലിശയും തിരിച്ചയ്‌ക്കേണ്ടത് കെ-റെയിലാണ്. കെറെയിൽ പരാജയപ്പെട്ടാൽ സർക്കാർ തിരിച്ചടവ് ബാദ്ധ്യത വഹിക്കും.കൊച്ചി മെട്രോയുടെ നഷ്ടം കെ-റെയിലിനും വരാമോ എന്ന് താരതമ്യപ്പെടുത്താൻ പറ്റില്ല. തിരുവനന്തപുരം- എറണാകുളം യാത്രയ്ക്ക് ഇപ്പോൾ അഞ്ച് മണിക്കൂറെടുക്കുമ്പോൾ സിൽവർലൈനിൽ ഒന്നര മണിക്കൂർ മതി. യാത്രാസുഖം കൂടുതലാണ്.
എല്ലാ എയർപോർട്ടുകളുമായി ലാസ്റ്റ് മൈൽ കണക്ടിവിറ്റി വേണം. ഇത് ബസ് സർവീസ് വഴിയാക്കാം. അതിനുള്ള ടിക്കറ്റ് സിൽവർലൈൻ ടിക്കറ്റിൽ തന്നെ ഉൾപ്പെടുത്തും.
ഹൈസ്പീഡ് ട്രെയിനല്ലേ അനുയോജ്യം?
തിരുവനന്തപുരം- കാസർകോട് 11 സ്റ്റോപ്പ്. കേരളത്തിൽ എല്ലായിടത്തും ഒരുപോലെ ജനസാന്ദ്രതയുണ്ട്. ട്രെയിൻ എല്ലാ സ്റ്റേഷനിലും നിർത്തണം. തിരുവനന്തപുരം- കൊല്ലം 55കിലോമീറ്റർ ദൂരത്ത് 350 കി.മി വേഗത്തിലോടുന്ന ട്രെയിനോടിച്ചാൽ ശരിയാവില്ല. ഹൈസ്പീഡ് സംവിധാനം ഫലപ്രദമായി ഉപയോഗിക്കാനാവില്ല. ഹൈസ്പീഡ് റെയിൽ ഒരു കിലോമീറ്റർ നിർമ്മിക്കാൻ 250കോടിയിലേറെ ചെലവ്. സെമി ഹൈസ്പീഡിന് 120 കോടി. ടിക്കറ്റ് നിരക്ക് പകുതിയാവും. സിൽവർലൈനിന് കിലോമീറ്ററിന് 2.75 രൂപയാണ്. ഹൈസ്പീഡിനാണെങ്കിൽ 5 മുതൽ 6രൂപ വരെയാവും. ടിക്കറ്റ് നിരക്ക് കൂടിയാൽ യാത്രക്കാർ കുറയും. വിഴിഞ്ഞം അടക്കം തുറമുഖങ്ങൾ തുറക്കുന്നതോടെ കൂടുതൽ ചരക്ക് ഗതാഗതം വരും. റെയിൽവേ കൂടുതൽ ചരക്കു വണ്ടികൾ ഓടിക്കും. അതിനാൽ സിൽവർ ലൈൻ വന്നാലും റെയിൽവേയുടെ വരുമാനം കുറയില്ല.
ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാത്തതെന്ത്?
കേരളത്തിൽ ബഹുഭൂരിപക്ഷം ജനങ്ങളും അനുകൂലിക്കുന്നു. ഏതൊരു പദ്ധതിയെയും എതിർക്കുന്ന ഒരുകൂട്ടം ആളുകളുണ്ട്. അവരാണ് പ്രതിഷേധിക്കുന്നത്. ജനങ്ങളിൽ നിന്നുള്ള പ്രതികരണം ജനങ്ങൾ ആഗ്രഹിക്കുന്ന പദ്ധതി. അതിവേഗ റെയിൽപാത വേണ്ടെന്ന് ഒരു ചർച്ചയുമില്ല. എല്ലാ ജനങ്ങൾക്കും അതിവേഗ പാത വേണം. ബഹുഭൂരിപക്ഷവും അനുകൂലിക്കുന്നു. ഡി.പി.ആറിലെ കണക്കുകൾ തട്ടിക്കൂട്ടാണെന്നത് ആരോപണം മാത്രം. വിശദമായ പഠനത്തിനു ശേഷമാണ് ഡി.പി.ആർ തയ്യാറാക്കിയത്. ട്രാഫിക് സർവേ നടത്തിയാണ് യാത്രക്കാരുടെ കണക്ക് കണ്ടെത്തിയത്. സാമ്പത്തികമായി ബാദ്ധ്യതയാവില്ല. റവന്യൂ വരുമാനമുള്ള പദ്ധതി. 8.49% മുടക്കുമുതൽ തിരിച്ചുകിട്ടും. വരുമാനം കൊണ്ട് വായ്പ തിരിച്ചടയ്ക്കാം. പൊതുഗതാഗത സംവിധാനം ബിസിനസ് അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടത്. സമൂഹത്തിലുണ്ടാവുന്ന മാറ്റങ്ങൾ വിലയിരുത്തി വേണം. കേരളത്തെ മുന്നോട്ടു നയിക്കുന്ന പദ്ധതിയാണിത്. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ പുതിയ കാൽവയ്‌പ്പ്.
സാധാരണ ജനത്തിന് എന്ത് ഗുണം?
മൂന്നരക്കോടി ജനങ്ങൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന പദ്ധതിയാണിത്. നെടുമ്പാശേരി വിമാനത്താവളം വന്നപ്പോൾ വരേണ്യവർഗ്ഗത്തിനെന്ന് വിമർശനമുണ്ടായി. ഇന്ന് സാധാരണക്കാരും പണക്കാരും ഒരുപോലെ ഉപയോഗിക്കുന്നു. മൊബൈൽ ഫോൺ തുടക്കത്തിൽ സമ്പന്നർക്ക് മാത്രം. ഇന്ന് അതില്ലാതെ കഴിയില്ലെന്ന സ്ഥിതി. പുതിയ സാങ്കേതികവിദ്യയ്ക്ക് അനുസരിച്ച് മാറ്റത്തിന് സമയമെടുക്കും. കുടിയൊഴിപ്പിക്കൽ മുൻപുള്ള സ്ഥിതിയില്ല. ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം മാറ്റിപ്പാർപ്പിക്കുന്നവർക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പിക്കും.
ജൈക്ക വായ്പകൾക്ക് ചരടുകളുണ്ടോ, ഗേജ് തീരുമാനിക്കുന്നത് ജൈക്കയാണോ?
ജൈക്ക വായ്പ ചരടുള്ളതും ഇല്ലാത്തതുമുണ്ട്. വായ്പയുടെ 30ശതമാനത്തിന് ജപ്പാനിലെ കമ്പനിക്ക് ഓർഡർ നൽകിയാൽ പലിശ 0.1-0.2 ശതമാനം. ഇതില്ലാത്ത വായ്പയ്ക്ക് 1- 2 ശതമാനം. ഏത് സംവിധാനം വേണമെന്ന് തീരുമാനിച്ചിട്ടില്ല. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രോജക്ടുകളും ടൈഡ് ലോൺ എടുക്കുന്നുണ്ട്. പലിശ വളരെ കുറവാണ്. ഗേജ് തിരഞ്ഞെടുക്കുന്നത് ജൈക്കയല്ല കെ-റെയിലാണ്. വന്ദേഭാരത് വേണ്ടെന്ന് തീരുമാനിച്ചിട്ടില്ല. ഇത്രനാളായി രണ്ട് ട്രെയിനേ ഓടുന്നുള്ളൂ. ഇവിടെ 27സെറ്റ് ട്രെയിൻ വേണം. 220കിലോമീറ്റർ വേഗത്തിലോടണം. വന്ദേഭാരത് ഇത്രയും വേഗത്തിലോടില്ല. വന്ദേഭാരത് റെയിൽവേയ്ക്ക് കിട്ടാൻ വർഷങ്ങളെടുക്കും. നിലവിലെ റെയിൽവേ ലൈനിന് സമാന്തരമായ മൂന്നും നാലും ലൈനുകളാണ് സിൽവർലൈൻ. റെയിൽവേ ബോർഡ് ചെയർമാൻ ഇവിടെ വന്ന് നൽകിയ നിർദ്ദേശ പ്രകാരമാണ് ഇത്തരമൊരു പാത ആസൂത്രണം ചെയ്തത്. ഇന്ത്യൻ റെയിൽവേയുടെ മൂന്നും നാലും പാതയാണിത്.
വളവുകളുള്ളതിനാൽ സ്പീഡ് കിട്ടില്ലേ?
ആകെയുള്ള 196വളവിൽ 16വളവ് വലുതാണ്. 42വളവ് സോഫ്റ്റ് വളവാണ്. 120കി.മി സ്പീഡിൽ ഓടാം. മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണ് വളവുകൾ. പദ്ധതിചെലവ് കുറച്ചു കാണിച്ചിട്ടില്ല. നിരവധി പഠനം നടത്തിയാണ് ചെലവ് കണ്ടെത്തിയത്. നീതി ആയോഗ് ഒരുലക്ഷത്തിന് മേൽ ചെലവ് വരുമെന്ന് പറഞ്ഞത് അതിവേഗ റെയിലിനാണ്. 160കി.മി വേഗത്തിൽ ഒരു കി.മിക്ക് 40കോടി. റെയിൽവേയ്ക്ക്. ഇവിടെ ഒരു കി.മിക്ക് 120കോടി. ജനങ്ങൾക്ക് വേഗത്തിൽ ഗുണം കിട്ടാൻ എത്രയും വേഗം നിർമ്മിക്കും.
സിൽവർലൈൻ കേരളത്തെ രണ്ടായി മുറിക്കില്ലേ?
പാത മുറിച്ചുകടക്കാൻ എംബാംഗ്മെന്റ്, വയഡക്ട്, ടണൽ എന്നിവയുണ്ട്. മനുഷ്യരും മൃഗങ്ങളും മുറിച്ചു കടക്കാതിരിക്കാൻ ഫെൻസിങ് മാത്രം. 500മീറ്ററിൽ മുറിച്ചുകടക്കാൻ സംവിധാനമുണ്ട്. വെള്ളത്തിന്റെ ഒഴുക്ക് തടയില്ല. കേരളത്തെ മുറിക്കില്ല. റെയിൽവേയ്ക്കും എംബാംഗ് മെന്റുണ്ട്. റെയിൽവേയുടെ ട്രാക്കുകൾ 95ശതമാനവും എംബാംഗ്മെന്റിലാണ്. ദേശീയപാതയും റെയിൽപാതയും നാടിനെ വിഭജിക്കില്ല. 140കിലോമീറ്ററിലധികം വേഗത്തിലോടുന്ന ട്രെയിനുകളുടെ ഇരുവശവും വേലി കെട്ടണം. അപകടം തടയാനാണിത്. എംബാംങ്ക്‌മെന്റ് വരുന്നിടത്ത് നിലവിലെ എല്ലാ റോഡും അതുപോലെ നിലനിറുത്തും.
സ്റ്റോപ്പ് കുറച്ചാൽ ആറുമണിക്കൂറിൽ മംഗലാപുരത്തെത്തിക്കൂടേ?
രാജധാനി എക്സ്‌പ്രസിന് തിരുവനന്തപുരം- കാസർകോട് യാത്രയ്ക്ക് 10.14 മണിക്കൂർ. 9 സ്റ്റോപ്പ് മാത്രം. ഏറ്റവും വേഗമേറിയ ട്രെയിനിന്റെ സ്ഥിതിയാണിത്. തിരിച്ചുള്ള രാജധാനിക്ക് 10.55മണിക്കൂർ വേണം. വേഗത കൂട്ടാൻ വളവുകൾ നിവർത്തണം. പഴയ പാലങ്ങൾ പുതുക്കണം. സ്ഥിരം വേഗനിയന്ത്രണം ഒഴിവാക്കണം. ഇന്ത്യൻ റെയിൽവേയുടെ വേഗത കൂട്ടണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. സിൽവർലൈൻ വന്നാൽ നിത്യേന റോഡിൽ യാത്രചെയ്യുന്ന 80,000പേർ യാത്രചെയ്യും.
5 വർഷം കൊണ്ട് പദ്ധതി തീരുമോ?
ഭൂമിയേറ്റെടുക്കാൻ 2വർഷം. ശേഷം 3വർഷം കൊണ്ട് തീരും. കാൺപൂർ മെട്രോ 2വർഷം 3മാസം കൊണ്ട് തീർന്നു. യാത്രക്കാർക്ക് നിരവധി ആധുനികസൗകര്യം. അത്യാധുനിക കോച്ചുകൾ, 360ഡിഗ്രി തിരിയുന്ന സീറ്റ്, വൈ ഫൈ എന്നിവയുണ്ട്. ഭിന്നശേഷിക്കാർക്ക് വീൽ ചെയർസ്വന്തമായി ഓടിച്ച് ട്രെയിനിൽ കയറാം.
ഭൂമിയേറ്റെടുത്ത ശേഷം ഇരുവശത്തും മിച്ചംവരുന്ന ഭൂമി എന്തുചെയ്യും?
സാമൂഹ്യാഘാത പഠനം കഴിഞ്ഞാലേ എത്ര ഭൂമി നഷ്ടമാവൂ എന്നറിയാനാവൂ. ഭൂമിയുടെ മദ്ധ്യഭാഗത്തു കൂടിയാണ് അലൈന്മെന്റെങ്കിൽ ചെറിയ ഭൂമിയിൽ, നടുക്കു കൂടിയാണ് പോവുന്നതെങ്കിൽ ശേഷിക്കുന്ന ഭൂമി ഉടമയ്ക്ക് ഉപകാരപ്പെടില്ലെങ്കിൽ സർക്കാർ ഏറ്റെടുക്കും. അലൈന്മെന്റ് വെബ്‌സൈറ്റിലുണ്ട്. ഗൂഗിൾ എർത്തിൽ ലഭ്യമാണ്. ജില്ലകളിലെ ഭൂമിയേറ്റെടുപ്പ് ഓഫീസിൽ വിവരം കിട്ടും.
തിരുവല്ലയിൽ സ്റ്റോപ്പ് ഇല്ലാത്തതെന്ത്?
ഏറ്റവുമടുത്ത് ചെങ്ങന്നൂരിൽ സ്റ്റോപ്പ് ഉണ്ട്. സ്റ്റോപ്പിനായി നിരവധി ആവശ്യം 50കിലോമീറ്ററിൽ ഒരു സ്റ്റോപ്പ്. യാത്രാസമയം കുറയ്ക്കാനാണിത്.
പ്രതിദിന യാത്രക്കാരുടെ കണക്ക് കള്ളമല്ലേ?
675സീറ്റ് ഒരു ട്രെയിനിലുണ്ട്. തിരുവവന്തപുരം- കാസർകോട് അല്ല എല്ലാവരും യാത്ര ചെയ്യുന്നത്. ശരാശരി യാത്ര 200 കി.മി. തിരുവനന്തപുരം- എറണാകുളം. എറണാകുളം- കോഴിക്കോട് സെക്ടറുകളിലാണ്. 675 സീറ്റുള്ള ട്രെയിനിൽ ഇരട്ടിയിലേറെ യാത്രക്കാർ ഒരു ട്രെയിനിൽ യാത്ര ചെയ്യും. പരിസ്ഥിതി ആഘാത പഠനം, മണ്ണ് സംരക്ഷണ പഠനം, ട്രാഫിക് സ്റ്റഡി, ട്രോപ്പോഗ്രാഫിക് സ്റ്റഡി തുടങ്ങി ആവശ്യമായ എല്ലാ പഠനവും നടത്തിയിട്ടുണ്ട്.
കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടും. കൊച്ചിയിൽ സിൽവർലൈനും മെട്രോയും കൂട്ടിച്ചേർക്കും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്‌മെട്രോയിലും ഇതേ സംവിധാനമൊരുക്കും.
പില്ലറിനു മുകളിൽ വയഡക്ടിൽ റെയിൽപ്പാത സാദ്ധ്യമല്ലേ?
പില്ലറിനു മുകളിൽ വയഡക്ടിൽ റെയിൽപ്പാത സാദ്ധ്യമാണ്. 530കി.മി വേണമെങ്കിലും ചെയ്യാം. പദ്ധതിചെലവ് ഉയരും. ടിക്കറ്റ് നിരക്ക് ഉയരും. നെൽപ്പാടം, ജലസ്രോതസ് സംരക്ഷിക്കാനും നഗരങ്ങളിലും 88കിലോമീറ്ററിൽ വയഡക്ടുണ്ട്. ഇത് കൂട്ടുന്നത് പരിഗണിക്കും.
പദ്ധതി മരവിപ്പിച്ചിരിക്കുകയാണോ?
പദ്ധതി മരവിപ്പിച്ചിട്ടില്ല. അങ്ങനെ സർക്കാർ തീരുമാനമെടുത്തിട്ടില്ല. സാമൂഹ്യാഘാത പഠനം നടക്കുന്നു. കല്ലിട്ട സ്ഥലത്ത് പഠനം നടക്കുന്നു. പൂർത്തിയാമ്പോൾ മറ്റിടത്ത് ജിയോ ടാഗിങ് വഴി പഠനം തുടങ്ങും. പ്രോജക്ടുമായി മുന്നോട്ട് വനമേഖലയിലൂടെയോ വന്യജീവി സങ്കേതത്തിലൂടെയോ പാത പോവുന്നില്ല. കണ്ടൽക്കാട് സംരക്ഷണത്തിന് പദ്ധതിയുണ്ട്.
പ്രോജക്ട് അതിർത്തിയിലേക്ക് നീട്ടിക്കൂടേ?
മംഗലാപുരത്തേക്ക് നീട്ടുന്നത് ആവശ്യമുയരുന്നുണ്ട്. ട്രാഫിക് സ്റ്റഡി നടത്തിയിട്ടുണ്ട്. നിലവിൽ കാസർകോട് വരെ മാത്രം. ഭാവിയിൽ വരുന്ന ഹൈ സ്പീഡ് റെയിലുമായി കണക്ട് ചെയ്യാം. എല്ലാ ഹൈസ്പീഡും സ്റ്റാൻഡേർഡ് ഗേജായതിനാൽ കണക്ട് ചെയ്യാം. ഇതും സ്റ്റാൻഡേർഡ് ഗേജാണ്.
വൈദ്യുതിക്കായി പുതിയ പദ്ധതികളുണ്ടോ?
വൈദ്യുതി സോളാർ, കാറ്റാടി, ജലവൈദ്യുതി ആവാം. വൈദ്യുതിയുണ്ടാക്കാൻ പുതിയ പദ്ധതിയില്ല. കെ.എസ്.ഇ.ബിയിൽ നിന്ന് വാങ്ങും. സമാന്തരമായി വൈദ്യുതിയുണ്ടാക്കുന്നത് ചർച്ചകൾ നടക്കുന്നു. കുറഞ്ഞ ചെലവിൽ സോളാർ വൈദ്യുതി കിട്ടും. മറ്റിടങ്ങളിൽ നിന്ന് വാങ്ങുന്നത് പരിഗണനയിലാണ്.
വാങ്ങുന്ന ട്രെയിൻ പഴഞ്ചനായിപ്പോയാലോ?
റെയിൽവേ സാങ്കേതികവിദ്യ പക്വതയുള്ളതാണ്. ട്രെയിനിന്റെ ലൈഫ് 25 വർഷമാണ്. വാങ്ങാനുദ്ദേശിക്കുന്ന സമയത്തെ ലേറ്റസ്റ്റ് ടെക്‌നോളജി. ഉയർന്ന വേഗം, സുരക്ഷ, കുറഞ്ഞ ഊർജ്ജോത്പാദനം എന്നിവയെല്ലാം പരിഗണിച്ചാവും ട്രെയിൻ വാങ്ങുക.
പൂണെ -നാസിക് വേഗപ്പാത ബ്രോഡ്‌ഗേജിലാണല്ലോ?
പൂണെ-നാസിക് ബ്രോഡ്‌ഗേജിലാണ്. ഭാവിയിൽ 200കിലോമീറ്ററിൽ ഓടിക്കാവുന്ന പാതയാണിത്. ഇപ്പോൾ 200കിലോമീറ്ററിൽ ഓടിക്കാൻ സാങ്കേതികവിദ്യയില്ല. റെയിൽവേ പാതയുടെ നട്ട്, ബോൾട്ട് മാറ്റണമെങ്കിലും റെയിൽവേ കോഡുണ്ട്. ഇതെല്ലാം അപ്‌ഗ്രേഡ് ചെയ്യണം. ബ്രോഡ്‌ഗേജിൽ 160 കി.മി വേഗത്തിൽ പാത പണിതാൽ ഇപ്പോഴുള്ളതിലും നേരിയ വേഗമേ കൂടൂ. നിലവിലെ റോഡ് യാത്രക്കാരെ അതിലേക്ക് മാറ്റാൻ പര്യാപ്തമല്ല. മറ്റെല്ലാം ഹൈസ്പീഡ് റെയിലും സ്റ്റാൻഡേർഡ് ഗേജിൽ. ഇന്ത്യൻ റെയിൽവേയുടെ ബ്രോഡ്‌ഗേജ് ലൈനിനെയാണ് പൂണെ- നാസിക് ബന്ധിപ്പിക്കുന്നത്. പൂണെ- നാസിക് പ്രധാനലക്ഷ്യം ചരക്കുനീക്കമാണ്. അതിന് ഇന്ത്യൻ റെയിൽവേയുമായി കണക്ട് ചെയ്യണം. സിൽവർലൈൻ പാസഞ്ചർ ട്രെയിനാണ്.
ജനങ്ങളെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കുമോ?
പൂർണ നഷ്ടപരിഹാരം നൽകിയ ശേഷമേ വീടോ ഭൂമിയോ ഏറ്റെടുക്കൂ. പുനരധിവാസം ഉറപ്പാക്കിയ ശേഷമേ ഏറ്റെടുക്കൂ. ഓപ്പറേഷണലായാൽ മൂന്നാം വർഷം മുതൽ ലാഭകരമായിരിക്കും. വായ്പയുടെ മുതലും പലിശയും തിരിച്ചടയ്ക്കാം. 20വർഷം കൊണ്ട് വായ്പ പൂർണമായി തിരിച്ചടയ്ക്കാം. കേരള, കേന്ദ്ര സർക്കാരുകളുടെ പലിശയില്ലാത്ത വായ്പയും തിരിച്ചടയ്ക്കണം. അത് 20വർഷത്തിനു ശേഷമായിരിക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്