തിരുവനന്തപുരം: സംസ്ഥാന സർക്കാർ കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ കടബാദ്ധ്യതയും ഏറ്റെടുക്കാൻ തയ്യാറാണെന്ന് കേന്ദ്രത്തെ അറിയിച്ചു. വായ്പയ്ക്ക് ഗ്യാരന്റി നിൽക്കില്ലെന്നും സംസ്ഥാനം തന്നെ ബാദ്ധ്യത മുഴുവനും ഏറ്റെടുക്കണമെന്നുമുള്ള കേന്ദ്ര നിർദ്ദേശത്തിനു മറുപടിയായാണ് കേരളം നിലപാട് വ്യക്തമാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞമാസം മുഖ്യമന്ത്രിയും കേന്ദ്ര റെയിൽവേമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശവായ്പയുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത്. വിദേശ ഏജൻസികളിൽ നിന്ന് വായ്പ എടുക്കാൻ ഉദ്ദേശിക്കുന്ന 33 ,700 കോടി രൂപ കേരളം വഹിക്കണമെന്ന് റെയിവെ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.

കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് മുഖേന എഡിബി അടക്കമുള്ള ഏജൻസികളിൽ നിന്ന് ഇത്രയും തുക വായ്പയെടുക്കാനായിരുന്നു കേരളത്തിന്റെ ശുപാർശ. എന്നാൽ വായ്പാ ബാധ്യതയും പദ്ധതിയുടെ പ്രായോഗികതയും ചൂണ്ടിക്കാട്ടി കേന്ദ്രം എതിർപ്പറിയിക്കുകയായിരുന്നു.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി ഹൈ സ്പീഡ് റെയിൽ ലൈൻ പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കുന്നത് 63,941 കോടിയാണ്. ഇതിൽ കേന്ദ്രവിഹിതം 2150 കോടി രൂപയാണ്

കെ റെയിൽ വികസനത്തിന് അനിവാര്യമെന്ന് സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. . കെ റെയിൽ വേണ്ടെന്ന പ്രതിപക്ഷ നിലപാട് ദൗർഭാഗ്യകരമാണ്. സർക്കാരിന്റെ പോരായ്മ കൊണ്ടല്ല പ്രകൃതി ദുരന്തം ഉണ്ടാകുന്നത്. പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. .

എതിർപ്പുകളെ അവഗണിച്ച് സർക്കാർ മുന്നോട്ട്

വൻകിട പദ്ധതികളെ എതിർക്കുന്നത് നാടിന്റെ വികസന വിരോധികളാണെന്ന് കഴിഞ്ഞയാഴ്‌ച്ച കണ്ണൂരിൽ വിവിധ പരിപാടികൾക്കെത്തിയ മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും സർക്കാർ ജാമ്യം നിന്ന് കടമെടുത്തയാലും രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിൽ-സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ.

ന്യൂമാഹി മുതൽ പയ്യന്നൂർ വരെ 63 കിലോമീറ്ററിലാണ് ജില്ലയിൽ കെ റെയിൽ കടന്നുപോകുന്നത്. കണ്ണൂർ താലൂക്കിലെ കണ്ണൂർ ഒന്ന്, കണ്ണൂർ രണ്ട്, എളയാവൂർ, ചെറുകുന്ന്, ചിറക്കൽ, എടക്കാട്, കടമ്പൂർ, കണ്ണപുരം, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശേരി, വളപട്ടണം, കല്യാശേരി, പയ്യന്നൂർ താലൂക്കിലെ ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂർ, തലശേരി താലൂക്കിലെ ധർമടം, കോടിയേരി, തലശേരി, തിരുവങ്ങാട്, ന്യൂമാഹി വില്ലേജുകളിലൂടെയാണ് കെ റെയിൽ.

നാലു വില്ലേജുകളിൽ അലൈന്മെന്റിൽ കല്ലിടൽ പൂർത്തിയായതായി സ്പെഷ്യൽ തഹസിൽദാർ വി കെ പ്രഭാകരൻ പറഞ്ഞു. ഈ ഭൂമിയിലൂടെയാകും ലൈൻ പോകുന്നുവെന്നതിന്റെ അറിയിപ്പാണിത്. സ്വകാര്യ കമ്പനികളെയാണ് കല്ലിടുന്നതിന് ചുമതലപ്പെടുത്തിയത്. ജില്ലയിൽ 2800 കല്ലുകളാണ് സ്ഥാപിക്കേണ്ടത്. സംസ്ഥാനത്താകെ 1,221 ഹെക്ടറാണ് പദ്ധതിക്കായി ഏറ്റെടുക്കുക. വയനാട്, പാലക്കാട്, ഇടുക്കി ജില്ലകൾ ഒഴിച്ചുള്ള 11 ജില്ലകളിലൂടെയാണ് കെ റെയിൽ കടന്നു പോവുക. സംസ്ഥാന വികസനത്തിന്റെ നാഴികക്കല്ലായി മുഖ്യമന്ത്രി വിശേഷിപ്പിക്കുന്ന പദ്ധതിക്ക് 63,941 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്ക് ഹെക്ടറിന് 9.6 കോടി രൂപയാണ് നഷ്ടപരിഹാരം നൽകുന്നത്.

നിലവിലുള്ള റെയിൽ പാതയ്ക്ക് സമാന്തരമായാണ് ഭൂരിഭാഗം ദൂരവും കെ റെയിൽ വരുന്നത്. വലിയ വളവുകൾ ഉള്ള സ്ഥലങ്ങളിൽ മാത്രമാണ് നിലവിലുള്ള പാത വിട്ട് സഞ്ചരിക്കുക. പ്രവൃത്തിയുടെ പുരോഗതി എല്ലാ ആഴ്ചയും വിലയിരുത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ വൻ പരിസ്ഥിതി വിനാശവും കുടിയിറക്കലുമുണ്ടാകാൻ സാധ്യതയുള്ള പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല, സിപിഎം സഹയാത്രികരായ ശാസ്ത്രസാഹിത്യ പരിഷത്തും സിപിഐയുടെ സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതിയും രംഗത്തുവന്നിട്ടുണ്ട്