- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്ഥലം ഏറ്റെടുത്താൽ നമ്മളും പെരുവഴിയാകുമെടി'; ആലുവയിൽ സിപിഎം അനുഭാവി ഹൃദയം പൊട്ടി മരിച്ചത് കെ റെയിൽ സ്ഥലം ഏറ്റെടുപ്പിൽ മനംനൊന്ത്; അനാഥമായത് ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്ന കുട്ടന്റെ കുടുംബം; കുട്ടനെ കൊന്നത് സംസ്ഥാന സർക്കാരെന്ന് ആരോപണം
കൊച്ചി: ആലുവ ചൊവ്വരയിൽ സിപിഎം അനുഭാവി കുട്ടൻ മരണപ്പെട്ടത് കെ റെയിൽ സ്ഥലം ഏറ്റെടുപ്പിൽ സ്വന്തം വീടും സ്ഥലവും നഷ്ടപ്പെടുമെന്ന ഭീതിയിലെന്ന് കുടുംബം. കൊല്ലത്തെ വീട് ജപ്തിയായപ്പോൾ ആ വീട് വിറ്റ് കടം വീട്ടിയ ശേഷമായിരുന്നു കുട്ടനും കുടുംബവും ആലുവയിലേയ്ക്ക് വന്നത്. രണ്ട് സെന്റ് സ്ഥലം വാങ്ങിയാണ് അവരവിടെ താമസം തുടങ്ങിയത്. വളരെ കഷ്ടപ്പെട്ടാണ് ഇന്ന് കാണുന്ന വീട് അവർ നിർമ്മിച്ചത്. അതു നഷ്ടപ്പെടുമെന്ന ആശങ്കയാണ് കുട്ടന്റെ ജീവനെടുത്തതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
കുട്ടൻ കുറച്ചുദിവസമായി സ്ഥലമേറ്റെടുപ്പിന്റെ ആശങ്കയിലായിരുന്നു കുട്ടനെന്ന് ഭാര്യ രത്നമണി പറയുന്നു. ഒരു സ്വസ്ഥതയുമുണ്ടായിരുന്നില്ല. എന്നും കെ റെയിൽ സ്ഥലം ഏറ്റെടുപ്പിനെ പറ്റി മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കെ റെയിൽ വാർത്തകൾ കണ്ടപ്പോൾ 'സ്ഥലം ഏറ്റെടുത്താൽ നമ്മളും പെരുവഴിയാകുമെടി' എന്ന് അദ്ദേഹം പറഞ്ഞു. പിറ്റെന്ന് ഉറക്കമുണരുമ്പോൾ അദ്ദേഹം ഉറക്കത്തിൽ മരിച്ചുകിടക്കുകയായിരുന്നു. ഹൃദയാഘാതമായിരുന്നു. രത്നമണി പറയുന്നു.
ഞാനും മക്കളും ഇപ്പോൾ ഒറ്റയ്ക്കാണ്. എനിക്കവരെ വളർത്താനുള്ള സാമ്പാദ്യമായിട്ട് ഇപ്പോൾ ആകെ ഈ വീട് മാത്രമേ ഉള്ളു. ഇതും കൂടി നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാൻ പോലും കഴിയില്ലെന്നും രത്നമണി പറയുന്നു. ഇനിയുള്ള ജീവിതം എങ്ങനെയെന്ന് അറിയില്ല. എന്നാൽ ഞങ്ങൾക്ക് ഇവിടെ ജീവിക്കണം.
കുട്ടനെ പോലെ ആയിരക്കണക്കിന് മനുഷ്യർ ആശങ്കയിലാണെന്ന് കെ റെയിൽ- സിൽവർ ലെയിൻ വിരുദ്ധ ജനകീയ സമരസമിതിയുടെ സംസ്ഥാനസമിതി കൺവീനർ അഭിപ്രായപ്പെട്ടു. കെ റെയിൽ ഒരു സാമൂഹ്യ ആവശ്യമായാണ് സർക്കാർ കണക്കാക്കുന്നതെങ്കിൽ ആ ആവശ്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ എന്തുകൊണ്ട് സർക്കാർ തയ്യാറാകുന്നില്ല. മാത്രമല്ല റവന്യു ഉദ്യോഗസ്ഥർ പോലുമില്ലാതെ, കുറേ കോൺട്രാക്ട് ജീവനക്കാർ പൊലീസുമായി പോയാണ് സ്ഥലം ഏറ്റെടുക്കുന്നത്. പൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ മതിൽ ചാടികടന്നാണ് സ്ഥലം അളക്കുന്നത്. ജനങ്ങളെ ഭീതിയിലാക്കി സ്ഥലം പിടിച്ചെടുക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുട്ടൻ ലോട്ടറി വിറ്റും രത്നമണി വീട്ടുജോലിക്ക് പോയുമാണ് രണ്ട് സെന്റ് ഭൂമിയിൽ അവർ ഈ വീട് നിർമ്മിച്ചത്. അത് നഷ്ടപ്പെടുമെന്ന് അറിഞ്ഞാൽ ആർക്ക് സഹിക്കാനാകും? സമരസമിതി കൺവീനർ പറഞ്ഞു. കുട്ടന്റെ കുടുംബത്തെ അനാഥമാക്കിയത് സംസ്ഥാനസർക്കാരാണെന്ന് സമരസമിതി പറയുന്നു. സർക്കാരാണ് അദ്ദേഹത്തെ കൊലയ്ക്ക് കൊടുത്തതാണ്. കെ റെയിലിന്റെ ആദ്യത്തെ രക്തസാക്ഷിയാണ് കുട്ടനെന്നും അവർ പറയുന്നു.
ഈ പ്രദേശത്തിന് സമീപത്ത് സീപോർട്ട് - എയർപോർട്ട് റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുത്തിട്ട് 22 വർഷമായെന്ന് നാട്ടുകാർ പറയുന്നു. ഇതുവരെയും ഉടമസ്ഥർക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഉടമസ്ഥരിൽ പലരും ഇപ്പോൾ ജീവനോടെയുമില്ല. അവിടേയ്ക്കാണ് കെ റെയിൽ എന്ന പേരിൽ വീണ്ടും സ്ഥലമേറ്റെടുപ്പിന് ഉദ്യോഗസ്ഥർ എത്തുന്നത്. കെ റെയിലിനെതിരെ വലിയ പ്രക്ഷോഭങ്ങൾക്ക് ഒരുങ്ങുകയാണ് നാട്ടുകാരും സമരസമിതിയും.
മറുനാടന് മലയാളി ബ്യൂറോ