- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കെ റെയിലിനായി കോഴിക്കോട് നിർമ്മിക്കുക കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ പാത; പന്നിയങ്കര മുതൽ വെസ്റ്റ്ഹിൽ വരെ 7.9 കിലോമീറ്റർ ദൂരത്തിൽ ടണൽ; ഭൂനിരപ്പിൽനിന്ന് 21 മീറ്റർ താഴ്ചയിൽ 15 മീറ്റർ വീതിയിൽ; കല്ലായിപ്പുഴയുടെ അടിയിലൂടെ പാത കടത്തിവിടുക ലക്ഷ്യം
കോഴിക്കോട്: സർക്കാർ പുറത്തുവിട്ട തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ റെയിൽ വിശദ പദ്ധതിരേഖ പ്രകാരം കോഴിക്കോട് നിർമ്മിക്കുക കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ പാത. പന്നിയങ്കര മുതൽ വെസ്റ്റ്ഹിൽ വരെ 7.9 കിലോമീറ്റർ ദൂരത്തിലുള്ള ഭൂഗർഭ പാത കേരളത്തിലെ ഏറ്റവും വലിയ ടണൽ ആയി മാറും. തലസ്ഥാനത്തുനിന്ന് കോഴിക്കോട്ടെത്താൻ 2.42 മണിക്കൂർ മതിയെന്നാണ് വിലയിരുത്തൽ.
ഭൂനിരപ്പിൽനിന്ന് 21 മീറ്റർ താഴ്ചയിലും നിലവിലുള്ള കെട്ടിടങ്ങളുടെ 18 മീറ്റർ താഴ്ചയിലുമാണ് ടണൽ നിർമ്മിക്കുക. 520 കെട്ടിടങ്ങൾ സംരക്ഷിച്ച് ജനം തിങ്ങിനിറഞ്ഞ മേഖലയിൽ കല്ലായിപ്പുഴയുടെ അടിയിലൂടെ പാത കടത്തിവിടാനാണ് ലക്ഷ്യം. 15 മീറ്റർ വീതിയിലാണ് ടണൽ. കോഴിക്കോട് റെയിൽവേ സ്റ്റേഷനോട് ചേർന്ന് ഭൂഗർഭ സ്റ്റേഷനും ഉയരും. വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷനോടു ചേർന്ന് പ്രത്യേക സ്റ്റേഷൻ ഉണ്ടാവും.
അതിവേഗ വണ്ടി കുതിക്കുമ്പോൾ ഹ്രസ്വദൂര ട്രെയിൻ പിടിച്ചിടാനാണിത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിർദിഷ്ട ലൈറ്റ് മെട്രോ സ്റ്റേഷനുമായി കെ റെയിലിനെ ബന്ധപ്പെടുത്തുന്ന സംവിധാനമൊരുങ്ങും. കെ-റെയിൽ ഉപയോഗിക്കുന്നവരുടെ എണ്ണം കോഴിക്കോട്ട് കൂടുമെന്ന് ഡി.പി.ആറിലുണ്ട്. ഏറ്റവുമധികം സ്വകാര്യ ഭൂമി ഏറ്റെടുക്കുക എലത്തൂർ വില്ലേജിലാണ്. വെങ്ങാലിയിൽ ആരാധനാലയം നിലനിർത്താനാവില്ലെന്നും പദ്ധതി രേഖയിൽ പറയുന്നു.
കോഴിക്കോട് ഭൂഗർഭ സ്റ്റേഷൻ നിർമ്മിക്കുമ്പോൾ കൊച്ചുവേളി, എറണാകുളം ,തൃശൂർ എന്നിവടങ്ങളിൽ ഭൂ നിരപ്പിൽ നിന്നും ഉയരത്തിലാകും സ്റ്റേഷൻ.കൊച്ചി വിമാനത്താവളത്തിൽ ഉൾപ്പെടെ സ്റ്റേഷൻ ഭൂനിരപ്പിലാണ് നിർമ്മിക്കുക. കൊല്ലത്താണ് വർക്ക്‌ഷോപ്പ്. കാസർക്കോട് പരിശോധനാ കേന്ദ്രം ആദ്യം പരിഗണിച്ചത് എന്നാൽ തീര നിയന്ത്രണവും എല്ലാവർക്കും പ്രയോജനം കിട്ടില്ലെന്നുമുള്ള വിലയിരുത്തലാണ് മാറ്റാൻ കാരണം.
ടൂറിസ്റ്റ് ട്രെയിനുകളും വരും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകൾക്കായി പ്രത്യേക ട്രെയിൻ ഉണ്ടാകും. പൊളിക്കേണ്ട കെട്ടിടങ്ങളുടേയും ആരാധാനലയാങ്ങളുടേയും ചിത്രങ്ങൾ അടക്കമുള്ള വിശദാംശങ്ങളും ഡിപിആറിലുണ്ട്. നിലവിലെ റോഡ്-റെയിൽ വികസനത്തെക്കാൾ അതിവേഗ പാത നിർമ്മാണം നേട്ടമായിരിക്കും. ഒരു കിലോമീറ്റർ നിർമ്മാണത്തിന് വേണ്ടത് 2.4 ഹെക്ടർ. പക്ഷെ റോഡ്-റെയിൽ വികസനത്തിന് ഒരു കിലോ മീറ്ററിന് വേണ്ടിവരിക 6.5 ഹെക്ടർ എന്നാണ് ഡിപിആർ.
സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് ദിവസ വരുമാനമായി പ്രതീക്ഷിക്കുന്നത് ആറുകോടി രൂപയെന്ന് ഡിപിആർ. 2025-26 സാമ്പത്തിക വർഷത്തിൽ പദ്ധതി കമ്മീഷൻ ചെയ്യും എന്നും ഡിപിആറിൽ വ്യക്തമാക്കുന്നു. രാവിലെ അഞ്ചു മുതൽ രാത്രി 11വരെയാണ് ട്രെയിൻ സർവീസുകൾ ഉണ്ടാവുക. 20 മിനിറ്റ് ഇടവേളകളിൽ 37 സർവീസ് നടത്തും. സ്വകാര്യ വ്യക്തികളിൽ നിന്ന് 1,198 ഹെക്ടർ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കും. ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടവരുന്നതുകൊല്ലത്താണെന്നും റിപ്പോർട്ടിൽ പറയുന്നു.
പരിസ്ഥിതി ആഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ടും ഡിപിആറിലുണ്ട്. തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലെപ്‌മെന്റ് ആണ് ഈ പരിസ്ഥിതി ആഘാത പഠനം നടത്തിയത്. പരിസ്ഥിതി ആഘാതം താരതമ്യേന കുറവാണ്. നിർമ്മാണ ഘട്ടത്തിൽ സ്വാഭാവിക നീരൊഴുക്കിനെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ആദ്യഘട്ടത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നാലും പിന്നീട് ഇത് വർദ്ധിക്കുമെന്നും സാധ്യത പഠനത്തിൽ പറയുന്നു. വരുമാനത്തിന്റെ കാര്യത്തിലും ഇതേ രീതിയിലുള്ള വർധനവ് ഉണ്ടാകും. കുറച്ച് വർഷങ്ങൾ കൊണ്ട് പദ്ധതി ലാഭത്തിലേക്ക് നീങ്ങും. സ്മാർട്ട് സിറ്റിക്കും ഇൻഫോ പാർക്കിനും സമീപത്തായിരിക്കും കൊച്ചിയിലെ സ്റ്റേഷൻ. സ്റ്റേഷനെ നെടുമ്പാശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
ആദ്യഘട്ട നിർമ്മാണം കൊച്ചുവേളി മുതൽ തൃശൂർ വരെയാണ്. രണ്ടാംഘട്ടം കാസർകോട് വരെയും. ഇതിന് ആകെ വേണ്ടത് 1383 ഹെക്ടർ ഭൂമിയാണ്. ഇതിൽ 185 ഹെക്ടർ റെയിൽവേ ഭൂമിയായിരിക്കും. 1198 ഹെക്ടർ സ്വകാര്യ സ്ഥലമായിരിക്കും. തിരൂർ -കാസർകോട് ലൈൻ നിലവിലുള്ള റെയിൽപാളത്തിന് സമാന്തരമാണ്.
മറുനാടന് മലയാളി ബ്യൂറോ