- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവൻ ഇങ്കത്തെ ആളല്ല..കേരളാ...മമ്മൂട്ടി എന്ന് ഒരു ഹീറോ ഇരിക്ക്': കോടികൾ വാങ്ങി ഏഴ് അസിസ്റ്റന്റുമാരെ വരെ വച്ച് നിർമ്മാതാവിനെ മുടിക്കുന്ന താരങ്ങളുള്ള നാട്ടിൽ ഇതാ ഒരു വ്യത്യസ്ത മനുഷ്യൻ; മലയാളത്തിന്റെ പ്രിയ താരത്തെ വാഴ്ത്തുന്ന തമിഴ് നിർമ്മാതാവ് കെ.രാജന്റെ വാക്കുകൾ വൈറലാകുന്നു
തിരുവനന്തപുരം: സിനിമ പല തരം കലകൾ മേളിക്കുന്ന ക്രാഫ്റ്റായിരിക്കെ തന്നെ, വലിയൊരു വ്യവസായം കൂടിയാണ്. അതിന്റെ നിലനിൽപ്പിന് വലിയ സാമ്പത്തിക അച്ചടക്കം അനിവാര്യം. അക്കാര്യം ഊന്നി പറയാത്ത നിർമ്മാതാക്കളില്ല. തമിഴ് നടനും, തിരക്കഥാകൃത്തും, സംവിധായകനും, നിർമ്മാതാവുമായ കെ.രാജൻ അടുത്തിടെ ഒരുചടങ്ങിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലാവുകയാണ്. കാരണം വേറൊന്നുമല്ല, കേരളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം പറഞ്ഞ നല്ല വാക്കുകൾ തന്നെ.
കോടികൾ ഒഴുകുന്ന സിനിമാ വ്യവസായത്തിന് സാമ്പത്തിക അച്ചടക്കം ഇല്ലാതെ മുന്നോട്ടുപോകുക അസാധ്യം. 100 കോടി മുതൽമുടക്കിയ മരക്കാറിന് മിനിമം ഗ്യാരന്റി വേണമെന്ന് ആന്റണി പെരുമ്പാവൂർ വാശി പിടിച്ചതിനും കാര്യമില്ലാതില്ല. കാരണം നിർമ്മാതാവ് കുത്തുപാള എടുക്കരുതല്ലോ. അത്തരം കഥകൾ സിനിമാ വ്യവസായ രംഗത്ത് ഏറെയാണ്. ആരും അവരെ തിരിഞ്ഞുനോക്കുകയുമില്ല. കെ.രാജൻ പറയുന്നതും അവശ്യം വേണ്ട സാമ്പത്തിക അച്ചടക്കത്തെ കുറിച്ച് തന്നെയാണ്.
തെന്നിന്ത്യയിലെ മലയാളത്തിൽ നിന്നും താരമായി മാറിയ നടിയെ കുറിച്ചാണ് ആദ്യ പരാമർശം. ഏഴ് അസിസ്റ്റുമാർ ഉണ്ട് ഈ നടിക്ക്. സാധനങ്ങൾ എടുത്തുകൊടുക്കാൻ, ജ്യൂസ് കൊടുക്കാൻ എന്നു വേണ്ട ..ഓരോത്തിനും. ഇവരുടെ ചെലവെല്ലാം വഹിക്കേണ്ടത് നിർമ്മാാതാവും. ഓരോ അസിസ്റ്റന്റിനും 15,000 രൂപ ശമ്പളം. അങ്ങനെ 10 ദിവസം ജോലി ചെയ്താൽ, 10 ലക്ഷം ചെലവ്. 50 ദിവസം ആയാൽ 50 ലക്ഷം. ഇങ്ങനെ പോകുന്നു ചെലവ്. ഇതിന് പുറമേ നടിക്ക് ഏഴുകോടിയും കൊടുക്കണം. മറ്റൊരു നടിക്ക് മെയ്ക്കപ്പ് മാൻ മുംബൈയിൽ നിന്ന് തന്നെ വരുത്തണം. എന്തൊരു അധിക ചെലവ്.
താരങ്ങളാകുന്നത് വരെ ഇവരൊക്കെ ഓച്ഛാനിച്ച് നിൽക്കും. സർ എന്നൊക്കെ വിളിച്ച്..താരമായാൽ കഥ മാറി. ചില നടീനടന്മാർ, സെറ്റിൽ എത്തിയാൽ, പിന്നെ മൊബൈലും പിടിച്ച് ഒരു നടപ്പാണ്. ഷോട്ട് റെഡിയായാലും വരില്ല. അസിസ്റ്റന്റുമാർ പോയി കാലിൽ പിടിക്കണം, അഭിനയിക്കാൻ വരാൻ. രജനി സാറൊക്കെ എത്ര സിമ്പിളാണ്. ഷോ്ട്ട് കഴിഞ്ഞാലും സെറ്റിൽ തന്നെയിരിക്കും.
ചിലർക്കാകട്ടെ ഭക്ഷണകാര്യങ്ങളിൽ വലിയ നിർബന്ധമാണ്. ആരും പഴയകാലത്തെ പോലെ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാറില്ല. എംജിആറിന്റെ ഒക്കെ കാലത്ത്, വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം 15 ആൾക്ക് തികയും. ഇന്നാകട്ടെ, ആ ഫൈസ്റ്റാർ ഹോട്ടലിൽ നിന്ന് മീൻ, ഇവിടുന്ന് ചിക്കൻ, ഇങ്ങനെ ഓഡർ ചെയ്യുകയാണ്, ചില നടീനടന്മാർ.
എന്നാൽ, ചെലവിന്റെ കാര്യത്തിൽ, മാതൃക ആക്കാവുന്ന ഒരു സൂപ്പർ സ്റ്റാർ ഉണ്ടെന്ന് പറയുന്നു കെ.രാജൻ. അത് മലയാളത്തിന്റെ അഭിമാനതാരം താരം മമ്മൂട്ടിയാണ്. തമിഴ്നാട്ടിൽ, ഷൂട്ടിങ്ങുണ്ടെങ്കിൽ, അദ്ദേഹം കാരവനുമായി ആണ് വരിക. ഡീസൽ ചാർജ്, ഡ്രൈവർ ബാറ്റ ഒന്നും, അദ്ദേഹം നിർമ്മാതാവിൽ നിന്ന് ഈടാക്കില്ല. എല്ലാം, സ്വന്തം പോക്കറ്റിൽ, നിന്ന് അദ്ദേഹം എടുക്കും-കെ.രാജൻ പറഞ്ഞു. എന്തായാലും, കോവിഡ് കൂടി തളർത്തിയ സിനിമാ വ്യവസായത്തെ ഉണർത്തിയെടുക്കാൻ സാമ്പത്തിക അച്ചടക്കം അനിവാര്യമെന്ന് നിർമ്മാതാവ് ഓർമിപ്പിച്ചു. താരങ്ങൾക്ക് കിട്ടുന്ന കോടികൾ ശമ്പളത്തിൽ നിന്ന് നയാ പൈസ എടുക്കാതെ നിർമ്മാതാവിനെ വെള്ളം കുടിപ്പിക്കുന്ന പ്രവണത ശരിയോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ