ചേർത്തല: മറുനാടൻ മലയാളി വാർത്ത കെഎസ് നായർക്ക് ആശ്വാസമായി. ഊണിലും ഉറക്കത്തിലും കോൺഗ്രസിന് വേണ്ടി മാത്രം ജീവിച്ച കെഎസ് നായരെ സഹായിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ടു. ഡൽഹിയിലെ കോൺഗ്രസിന്റെ പരാജയത്തെ തുടർന്ന് വഴിയാധാരമായ കോൺഗ്രസ് കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി കെ.എസ് നായർക്കും കുടുംബത്തിനും ആശ്വാസമാണ് ഉമ്മൻ ചാണ്ടിയുടെ സഹായ ഹസ്തം.

ജോലി നഷ്ടപ്പെട്ടതോടെ അഞ്ച് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബവുമായി ചേർത്തലയിലെ ഒറ്റമുറി ലോഡ്ജിൽ അന്തിയുറങ്ങുന്ന കുടുംബത്തിനു വാടക വിട് എടുത്തു നൽകും. വീട്ടുപകരണങ്ങളും നായരുടെ കുടുംബത്തിനു ലഭ്യമാക്കും. നേരത്തെ ഇവർ താമസിച്ചിരുന്ന കടുത്തുരുത്തിയിലെ വാടക വീടിന്റെ ഉടമയ്ക്ക് നൽകാനുള്ള പണം കുടിശിക തീർത്ത് നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കെ.സി വേണുഗോപാൽ എംപി. ഇടപെട്ട് വയലാറിലെ സ്വകാര്യ റിസോർട്ടിൽ നായർക്ക് ജോലിയും തരപ്പെടുത്തി. ഇതോടെ നായരുടെ പ്രശ്‌നങ്ങൾക്ക് താൽക്കാലിക പരിഹാരവുമായി. മറുനാടൻ മലയാളിയുടെ വാർത്തയാണ് നായർക്കും കുടുംബത്തിനും തുണയായത്.

ഡൽഹിയിലെ ആംആദ്മി ഭരണം പിടിമുറുക്കിയതോടെ കോൺഗ്രസിന് കഷ്ടകാലമാണ്. ഇതിന്റെ ദുരിതമാണ് നായർക്കുമുണ്ടായത്. പാർട്ടി ഡൽഹി ഘടകത്തെ ഹൈക്കമാണ്ട് പുനഃസംഘടിപ്പിച്ചു. ഓഫീസിലുള്ളവരെ പുറത്താക്കുകയും ചെയ്തു, അങ്ങനെ ഡൽഹിയിലെ കോൺഗ്രസ് ഓഫീസിൽ വർഷങ്ങളോളം ജോലിചെയ്ത കെ.എസ്. നായർക്ക് ജോലി പോയി. ഇതോടെ ഓർഗനൈസിങ് സെക്രട്ടറിയും കുടുംബവും 'വഴിയാധാര'വുമായി.

ഇതോടെ ഡൽഹിയിലെ കോൺഗ്രസ് ഓഫീസിൽ വർഷങ്ങളോളം ജോലിചെയ്ത കെ.എസ്. നായരും (48) ഭാര്യയും അഞ്ചുമക്കളും അടങ്ങുന്ന കുടുംബം അന്തിയുറങ്ങുന്നത് ചേർത്തലയിലെ ഒറ്റമുറി ലോഡ്ജിലാമായി. 12 വർഷമായി ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഓർഗനൈസിങ് സെക്രട്ടറി കൂടിയായിരുന്ന കെ.എസ്. നായരെ ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്ക് നേരിട്ട് അറിയാമായിരുന്നു. ഇതു മനസ്സിലാക്കി മൂന്നുപതിറ്റാണ്ടോളം പാർട്ടിക്കുവേണ്ടി ജീവിച്ച നായരുടെയും കുടുംബത്തിന്റെയും ദയനീയസ്ഥിതി മുഖ്യമന്ത്രിയുൾപ്പടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകർ നീക്കം തുടങ്ങി. ഒപ്പം മറുനാടനും. അത് ഫലം കണ്ടും.

30 വർഷമായി ഡൽഹിയിലായിരുന്ന കെ.എസ്. നായർ, ഇളയ കുട്ടിക്കു ശ്വാസകോശ രോഗമുണ്ടായതോടെ നാട്ടിലേക്കു മടങ്ങിയത്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കു വിധേയമാക്കി. കുടുംബത്തെ വാടകവീട്ടിൽ താമസിപ്പിച്ചശേഷം നായർ ഡൽഹിക്കു മടങ്ങി. ഇതിനിടെ, നാട്ടിലെ വീടും സ്ഥലവും വ്യാജരേഖയുണ്ടാക്കി ബന്ധു കൈവശപ്പെടുത്തിയതോടെ പൊലീസിൽ പരാതിയും നൽകി. ഇതിനെതിരേ ഗുണ്ടകളുടെ ഭീഷണിയുമുണ്ടായി. ഇതിനിടെയാണു ഇരുട്ടടി പോലെ ഡൽഹിയിലെ കനത്ത പരാജയത്തെത്തുടർന്നു ജീവനക്കാരെ കോൺഗ്രസ് നേതൃത്വം പിരിച്ചുവിട്ടത്.

നാട്ടിൽ തിരിച്ചെത്തിയതോടെ വരുമാനവും ഇല്ലാതെയായി. കുടിശിക കുടിയതിനെ തുടർന്നു വാടക വീട്ടിൽനിന്നും ഇറക്കിവിട്ടു. പാഠപുസ്തകങ്ങളും യൂണിഫോമും വീട്ടുടമ പിടിച്ചുവച്ചതിനാൽ കുട്ടികൾക്കു പരീക്ഷപോലും എഴുതാൻ കഴിയാത്ത സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിൽതേടി ചേർത്തലയിലെത്തിയ നായരെയും കുടുംബത്തെയും പരിചയക്കാരനും ഐ.എൻ.ടി.യു.സി. പ്രാദേശിക നേതാവുമായ കെ. ഗോപിനാഥൻ നായരാണു ഭക്ഷണവും വസ്ത്രങ്ങളും നൽകി ലോഡ്ജിൽ മുറി തരപ്പെടുത്തിക്കൊടുത്തത്.

മലയാളം അറിയാത്ത ഭാര്യയും മക്കളുമായി ഏറെ അലഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ രണ്ടു ദിവസമായി കുടുംബം പട്ടിണിയിലായിരുന്നു. കഴിഞ്ഞ തവണ ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസംഗം ഹിന്ദിയിലേക്കു മൊഴിമാറ്റിയതു നായരായിരുന്നു.