തിരുവനന്തപുരം: തിങ്കളാഴ്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ജീവൻ മരണ പോരാട്ടം. ക്രിസ്മസ് അവധിക്കുശേഷമുള്ള പ്രവൃത്തിദിവസമായ തിങ്കളാഴ്ച കലക്ഷൻ റെക്കോർഡിലെത്തിക്കാനാണ് കെ.എസ്.ആർ.ടി.സി ഒരുങ്ങുന്നത്. 8.5 കോടി രൂപയുടെ കളക്ഷൻ തിങ്കളാഴ്ച ഉണ്ടാക്കാനാണ് തച്ചങ്കരിയും കൂട്ടരും ലക്ഷ്യമിടുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങൾ മേഖലതലത്തിലും യൂണിറ്റ് തലത്തിലും നടത്തി കഴിഞ്ഞു. വ്യക്തമായ പദ്ധതികൾ തയ്യാറാക്കി കളക്ഷൻ എട്ടരക്കോടിയിൽ എത്തിക്കാൻ കഴിയുമെന്ന് തന്നെയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആത്മവിശ്വാസം.

എല്ലാ ഡിപ്പോകൾക്കും ടാർജറ്റ് നിശ്ചയിച്ച് നൽകിയും പരമാവധി സർവിസുകൾ നിരത്തിലിറക്കിയുമാണ് റെക്കോഡ് കലക്ഷനായുള്ള തയ്യാറെടുപ്പുകൾ കെ.എസ്.ആർ.ടി.സി നടത്തിയിരിക്കുന്നത്. ജീവനക്കാരെല്ലാം തന്നെ നാളെ കളക്ഷൻ വർദ്ധനയ്ക്കായി മത്സരിച്ച് ജോലി ചെയ്യും. അവധിക്ക് ശേഷമുള്ള പ്രവൃത്തിദിനം എന്നതിനൊപ്പം തിങ്കളാഴ്ച കൂടിയായതോടെ വലിയ വരുമാനവർധനയാണ് മാനേജ്മന്റെ് പ്രതീക്ഷിക്കുന്നത്.

ഇതിനായി മേഖലതലത്തിലും യൂണിറ്റ് തലത്തിലുമാണ് ക്രമീകരണങ്ങൾ. യൂനിറ്റ് ഓഫിസർമാരും കൺട്രോളിങ് ഇൻസ്‌പെക്ടർമാരും തലേദിവസം തന്നെ തയാറാറെടുപ്പുകൾ നടത്തണമെന്ന് ഓപറേഷൻസ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡിപ്പോകൾക്കയച്ച സർക്കുലറിൽ നിർദേശിക്കുന്നു. ഓരോ യൂനിറ്റും പോയന്റ് ഡ്യൂട്ടികൾ നിശ്ചയിച്ച് പരമാവധി യാത്രക്കാരെ ബസിലെത്തിക്കണം. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലാണ് ഏറ്റവും കൂടുതൽ ടാർജറ്റുള്ളത്; 38 ലക്ഷം രൂപ. കണ്ടക്ടർ ക്ഷാമത്തെതുടർന്ന് സർവിസുകൾ കുറഞ്ഞിട്ടും വരുമാനം കൂടിയെന്നാണ് മാനേജ്മന്റെിന്റെ വാദം.

എന്നാൽ, ശബരിമല സീസണിലെ അധികവരുമാനം കൂടി ചേർത്താണ് ഈ വരുമാനവർധനയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ശരാശരി 60-70 ലക്ഷം രൂപയാണ് ശബരിമലയിൽനിന്ന് വരുമാനമായി ലഭിച്ചത്. ഇതുകൂടി ചേർക്കുമ്പോഴാണ് 7.4 കോടി പ്രതിദിന വരുമാനം രേഖപ്പെടുത്തുന്നത്. അതേസമയം ഷെഡ്യൂൾ റദ്ദാക്കൽ ഇല്ലായിരുന്നെങ്കിൽ സ്വാഭാവികമായും വരുമാനം എട്ടുകോടിക്ക് മുകളിലെത്തേണ്ടതായിരുന്നു.

എംപാനൽ ജീവനക്കാരെ പിരിച്ചു വിട്ടതിനെ തുടർന്ന് ഉണ്ടായ കെഎസ്ആർടിസിയിലെ കണ്ടക്ടർ ക്ഷാമത്തിന് പരിഹാരം കാണുന്നതിന് മുമ്പേയാണ് മാനേജ്മെന്റിന്റെ ടാർജറ്റ് നിശ്ചയിച്ചുള്ള പുനക്രമീകരണം. ക്രിസ്തുമസ് അവധിക്ക് ശേഷം നാളെ മുതൽ ട്രിപ്പുകൾ ക്രമീകരിച്ച് കൂടുതൽ വരുമാനം ഉണ്ടാക്കണം എന്നാണ് നിർദ്ദേശം.

നാലായിരത്തോളം താൽകാലിക ജീവനക്കാരെ പിരിച്ചുവിട്ടതിന് പകരമായി പിഎസ് സി നിയമനോപദേശം നൽകിയ 1500ഓളം കണ്ടക്ടർമാരെ മാത്രമേ നിയമിക്കാൻ കെ എസ് ആർ ടിസിക്ക് കഴിഞ്ഞിട്ടുള്ളു. പുതിയ ജീവനക്കാർക്ക് സ്വതന്ത്ര ഡ്യൂട്ടി നൽകി തുടങ്ങിയെങ്കിലും ഇപ്പോഴും കണ്ടക്ടർ ക്ഷാമം നിലനിൽക്കുന്നുണ്ട്.