തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തിന് പ്രവർത്തകരെ പ്രേരിപ്പിക്കുന്ന വിധത്തിൽ ചില വാട്‌സാപ്പ് സന്ദേശങ്ങൾ അയച്ചത് പ്രചരിച്ചതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ അറസ്റ്റു ചെയ്തത് അതിവേഗത്തിൽ. മിന്നൽ വേഗത്തിലാണ് ഇക്കാര്യത്തിൽ പൊലീസ് സംവിധാനം പ്രവർത്തിച്ചതെന്ന് കരുതേണ്ടി വരും.

ഇന്ന് രാവിലെ നോട്ടീസ് നൽകി ശബരിനാഥിനെ വിളിച്ചു വരുത്തിയത് സെക്ഷൻ 160 പ്രകാരമുള്ള നോട്ടീസ് നൽകിയാണ്. സാക്ഷിയെന്ന നിലയിലാണ് ശബരിനാഥിനെ വിളിച്ചു വരുത്തിയത്. ഇതനുരിച്ചു 10.30തോടെ ശബരിനാഥ് സ്‌റ്റേഷനിൽ ഹാജരായി. പിന്നാലെ 10.50ന് അറസ്റ്റു രേഖപ്പെടുത്തുകയും ചെയ്തു. 11 മണിക്ക് ശബരിനാഥിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ശബരിനാഥിനെ അറസ്റ്റു ചെയ്ത വിവരം കോടതിയിൽ അറിയിച്ചത്.

അറസ്റ്റ് വിവരം പുറത്തുവിടാതിരുന്ന പൊലീസ്, ശബരീനാഥന്റെ മുൻകൂർ ജാമ്യാപേക്ഷ പരഗണിച്ച തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ അഭിഭാഷകൻ മുഖേനെ അറിയിക്കുകയായിരുന്നു. ശബരിനാഥന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സർക്കാർ അഭിഭാഷകൻ അറസ്റ്റ് വിവരം അറിയിച്ചത്. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്ത സമയം അടക്കമുള്ള രേഖകൾ ഉടൻ ഹാജരാക്കണമെന്ന് കോടതി അഭിഭാഷകനോട് നിർദേശിച്ചു. മുൻകൂർ ജാമ്യാപേക്ഷ ഉടൻ തന്നെ കോടതി പരിഗണിക്കും.

അതേസമയം ശബരിയുടെ അറസ്റ്റു നടപടി തന്നെ വ്യാജമാണെന്് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. പൊലീസ് രാഷ്ട്രീയ താൽപ്പര്യത്തിന് വഴങ്ങി പ്രവർത്തിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. ശബരീനാഥന്റേതെന്ന് സംശയിക്കുന്ന വാട്സ്ആപ്പ് ചാറ്റിന്റെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ശബരിനാഥന് പൊലീസ് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് വിമാനത്തിൽ വരുന്നുണ്ടെന്ന് യൂത്ത് കോൺഗ്രസിന്റെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബരിനാഥന്റെ പേരിലുള്ള സന്ദേശം വന്നത്. വിമാനത്തിനുള്ളിൽവെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാമെന്ന ആശയം ഇതിൽ പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെ വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെ ശംഖുമുഖം എ.സി ശബരിനാഥന് നോട്ടീസ് നൽകിയതിനെത്തുടർന്ന് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. വിമാനത്തിൽ പ്രതിഷേധത്തിനു നിർദ്ദേശം നൽകിയത് ശബരീനാഥനാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇതിന്റെ വാട്‌സ്ആപ് സ്‌ക്രീൻ ഷോട്ടുകൾ പൊലീസിന് ലഭിച്ചു. യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക വാട്‌സ്ആപ് ഗ്രൂപ്പിൽ നിന്നുള്ള വിവരങ്ങളാണ് പുറത്തു പോയത്.

മുഖ്യമന്ത്രി കണ്ണൂർ -തിരുവനന്തപുരം വിമാനത്തിൽ വരുന്നുണ്ടെന്നും രണ്ടു പേർ വിമാനത്തിൽ കയറി കരിങ്കൊടി കാണിച്ചാൽ എന്തായാലും വിമാനത്തിൽ നിന്ന് പുറത്തിറക്കാൻ കഴിയില്ലല്ലോ എന്നുമുള്ള സന്ദേശമാണ് ശബരീനാഥന്റേതായി പ്രചരിക്കുന്നത്. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. വിമാനത്തിൽ നടന്നത് സമാധാനപരമായ പ്രതിഷേധമാണെന്നും സമരം ചെയ്യാൻ ആർക്കും അവകാശമുണ്ടെന്നും ശബരീനാഥൻ പ്രതികരിച്ചിരുന്നു.