തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വധശ്രമ ഗൂഢാലോചനക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ശബരിനാഥിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ സർക്കാറിനും പ്രഹരം. വധശ്രമ ഗൂഢാലോചന തെളിയിക്കുന്ന ഒരു തെളിവും ശബരിക്കതിരെ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതി ജാമ്യ ഉത്തരവിൽ ്‌വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് പ്രതികളുടെ ഫോൺ പൊലീസ് മുമ്പ് കസ്റ്റഡിയിലെടുത്തതാണ്. ചാറ്റിൽ മുഖ്യമന്ത്രിയെ വധിക്കുന്നതിനെ കുറിച്ചുള്ള ആലോചനയില്ല. പ്രതിഷേധിക്കാനുള്ള തീരുമാനം ആണ് ചാറ്റിൽ ഉള്ളതെന്നും കോടതി അടിവരയിട്ടു വ്യക്തമാക്കുന്നു. ഇതോടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ കേസുകൾ കെട്ടിച്ചമക്കുന്ന നടപടിയാണ് വിമർശന വിധേയമാകുന്നത്.

ഈ ഫോൺ പരിശോധനയിലും ഗൂഢാലോചന തെളിയിക്കുന പ്രത്യേകിച്ചൊന്നും പൊലിസിന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. മൊബൈൽ ഹാജരാക്കാൻ പ്രതി തയ്യാറാണ്. പ്രോസിക്യൂഷൻ ഹാജരാക്കിയ വാട്‌സ് ആപ്പ് ചാറ്റ് സ്‌ക്രീൻ ഷോട്ടിലും ഗൂഢാലോചന വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു. പൊലീസ് ശബരിനാഥിനെതിരെ ഇട്ട വധശ്രമ ഗൂഢാലോചന കേസിനെ അമ്പേ തള്ളുന്നതാണ് കോടതി വിധിയിലെ പരാമർശങ്ങൾ.

ജനങ്ങളുടെ സാമാന്യബുദ്ധിയെ പരിഹസിക്കുന്ന വിധത്തിൽ നടപടികൾ ഉണ്ടാകരുതെന്ന സന്ദേശമാണ് ഈ വിധി നൽകുന്നതും. പ്രതിഷേധ സമരം മാത്രമാണ് നടത്തിയതെന്നും കൊലപാതക ഗൂഢാലോചനയെന്ന കുറ്റം ചുമത്തിയത് അപഹാസ്യമാണെന്നും ശബരിനാഥൻ മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നു. . 'ഇതൊരു പ്രതിഷേധ സമരമായിരുന്നു. നമ്മുടെ നാട്ടിൽ റോഡിൽ ഒരുപാട് കുഴികളുണ്ടല്ലോ. ഇതിനെതിരെ സമരം ചെയ്യുന്നത് പോലെയാണ് ആ പ്രതിഷേധ സമരവും നടന്നത്. പ്രതിഷേധിക്കുമ്പോൽ, ഗൂഢാലോചന ചുമത്താം, കേസെടുക്കാം. ഇതിലൊക്കെ കൊലപാതകക്കുറ്റം ചുമത്തുമ്പോഴാണ് അപഹാസ്യമാകുന്നത്. അത് മനസിലാക്കിയാണ് ഞാനുൾപ്പെടെയുള്ളവർക്ക് കോടതി ജാമ്യം നൽകിയത്.

ഇൻഡിഗോ എയർലൈൻ പോലും ഇ പി ജയരാജനാണ് ലെവൽ 2ലുള്ള ശിക്ഷ നൽകിയത്. മൂന്ന് മാസമാണ് ശരിക്കും ഇത്തരത്തിലുള്ള കുറ്റത്തിന് വിലക്കേർപ്പെടുത്തുക. ആ മൂന്ന് മാസമെന്നത് മൂന്നാഴ്ചയായി കുറച്ചുനൽകിയതിന് ഇ.പി ജയരാജൻ ഇൻഡിഗോയോട് കടപ്പെട്ടിരിക്കണം. അദ്ദേഹം കൂടുതലായി ഇൻഡിഗോയിൽ യാത്ര ചെയ്യണം'. ശബരിനാഥൻ വ്യക്തമാക്കി.

കരിങ്കൊടി കാണിക്കാൻ ഗൂഢാലോചന നടത്തി എന്നാണെങ്കിൽ അത് അംഗീകരിക്കും. വാട്ട്‌സ്ആപ്പ് ചാറ്റ് ചോർന്നതുകൊണ്ട് നിരപരാധിത്തം തെളിയിക്കാനായെന്നും കെ എസ് ശബരി നാഥൻ പറഞ്ഞു. 'സി എം കണ്ണൂർ ടിവി എം ഫ്‌ളൈറ്റിൽ വരുന്നുണ്ട്. രണ്ടുപേർ ഫ്‌ളൈറ്റിൽ കയറി കരിങ്കൊടി കാണിച്ചാൽ...എന്തായാലും ഫ്‌ളൈറ്റിൽ നിന്ന് പുറത്ത് ഇറക്കാൻ കഴിയില്ലല്ലോ' എന്ന് കെ എസ് ശബരിനാഥൻ യൂത്ത്‌കോൺഗ്രസ് ഔദ്യോഗിക വാട്ട്‌സ്ആപ് ഗ്രൂപ്പിലിട്ട ചാറ്റ് സ്‌ക്രീൻ ഷോട്ടായി പുറത്തു വന്നതോടെയാണ് ശബരിക്കെതിരെ പൊലീസ് വധ ഗൂഢാലോചനക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം നാടകീയമായി അറസ്റ്റ് ചെയ്‌തെങ്കിലും കസ്റ്റഡിയിൽ വേണമെന്ന പൊലീസ് ആവശ്യം തള്ളി കോടതി ശബരിനാഥന് ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്ന് മുതൽ 3 ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണണെന്ന നിർദേശവും നൽകി. ഇതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ശബരി ഹാജരായിട്ടുണ്ട്. ശബരിനാഥനെ ജയിലിൽ അടയ്ക്കാനുള്ള പൊലീസ് നീക്കം പൊളിച്ചടുക്കിയത് അഭിഭാഷകൻ മൃദുൽ ജോൺ മാത്യുവിന്റെ ഇടപെടൽ കൂടിയാിരുന്നു.

രണ്ട് മണിക്കൂറിലേറെ നീണ്ട കോടതി നടപടികളിൽ ഒരു ഇഞ്ച് പോലും വിട്ടുകൊടുക്കാതെയായിരുന്നു മൃദ്യുലിന്റെ വാദം, എന്ത് വിലകൊടുത്തും ശബരിയെ പുറത്തെത്തിക്കുകമാത്രമായിരുന്നു ലക്ഷ്യം. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.