- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രണ്ട് മുദ്രാവാക്യം വിളിച്ചതിനാണ് വധശ്രമക്കുറ്റം ചുമത്തിയിരിക്കുന്നത്; അറസ്റ്റ് രേഖപ്പെടുത്തിയത് 12.30ന്; രാഷ്ട്രീയ പ്രേരിതമായ കേസിൽ തന്നെ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് കാണിക്കുന്നത്; കേസിനെ നിയപരമായും പാർട്ടി രാഷ്ട്രീയപരമായും നേരിടും'; അറസ്റ്റിൽ പ്രതികരിച്ചു ശബരിനാഥൻ; യൂത്ത് കോൺഗ്രസ് നേതാവിനെ എ.ആർ.ക്യാമ്പിലേക്ക് മാറ്റി
തിരുവനന്തപുരം: രണ്ട് മുദ്രാവാക്യം വിളിച്ചതിനാണ് തനിക്കെതിരെ വധശ്രമക്കുറ്റവും ഗൂഢാലോചനയും ചുമത്തിയിരിക്കുന്നതെന്നും താൻ തീവ്രവാദിയൊന്നുമല്ലല്ലോയെന്നും മുൻ എംഎൽഎ കെ.എസ് ശബരിനാഥൻ. അറസ്റ്റിന് ശേഷം വൈദ്യപരിശോധനക്ക് ഹാജരാക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത് മുഖ്യന്ത്രിയുടെ ഭീരുത്വത്തിന്റെ ഭാഗമാണെന്ന് യൂത്ത് കോൺഗ്രസ് വൈസ്.പ്രസിഡന്റ് കെ.എസ്.ശബരിനാഥ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച തന്നെ അറസ്റ്റ് ചെയ്തത് 12.30-നാണെന്നും ശബരിനാഥൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് ശബരിനാഥൻ അറസ്റ്റിലായത്. വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'വിമാനത്തിൽ പ്രതിഷേധിച്ചവരെ അക്രമിച്ച ഇ.പി.ജയരാജനെതിരെ കേസില്ല. എനിക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രാഷ്ട്രീയ പ്രേരിതമായ കേസിൽ തന്നെ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് കാണിക്കുന്നത്. ഭീരുവായ മുഖ്യമന്ത്രിയെ കേരള പൊലീസ് സംരക്ഷിക്കുന്നു. കേസിനെ നിയപരമായും പാർട്ടി രാഷ്ട്രീയപരമായും നേരിടും' ശബരിനാഥൻ പറഞ്ഞു.
നാലാം പ്രതിയായിട്ടാണ് ശബരിനാഥിനെതിരെ കേസെടുത്തിരിക്കുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം ശബരിനാഥിനെ എ.ആർ.ക്യാമ്പിലേക്ക് മാറ്റി. ഇതിനിടെ ശബരിനാഥിനെ അറസ്റ്റ് ചെയ്ത സമയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ കോടതി സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. മുൻകൂർ ജാമ്യം പരിഗണിക്കുന്നതിനിടെയായിരുന്നു ശബരിയെ പൊലീസ് അറസ്റ്റ് ചെയ്ത വിവരം സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. കേസിൽ നടപടിയൊന്നും എടുക്കരുതെന്ന് കോടതി വാക്കാൽ നിർദേശിച്ചതിന് പിന്നാലെ അദ്ദേഹത്തെ ഇതിനോടകം അറസ്റ്റ് ചെയ്തതായി ഗവ.പ്ലീഡർ അറിയിക്കുകയായിരുന്നു.
അറസ്റ്റ് ചെയ്യരുതെന്ന് കോടതി ആവശ്യപ്പെട്ട സമയത്ത് ഒന്നും പറയാതിരുന്ന സർക്കാർ അഭിഭാഷകൻ 11.45-നാണ് അറസ്റ്റ് ചെയ്ത വിവരം അറിയിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ആരോപിച്ചു. കോടതി നടപടി ഉണ്ടായ ശേഷം കേസ് പോലെ തന്നെ വ്യാജമായിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭീരുത്വമാണ് ഇത് തെളിയിക്കുന്നത്. കരിങ്കൊടി കാണിക്കണമെന്ന് ഒരാൾ പറയുന്നതിന്റെ പേരിൽ ഒരാളെ എങ്ങനെയാണ് അറസ്റ്റ് ചെയ്യാൻ സാധിക്കുകയെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
ഒരു കരിങ്കൊടി പ്രതിഷേധം പോലും നേരിടാനുള്ള ആർജ്ജവമില്ലാത്ത കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഭീരുത്വം വിളിച്ചോതുന്ന അറസ്റ്റാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളുടെ വാട്സ് ആപ് ഗ്രൂപ്പിലെ കെ എസ് ശബരിനാഥന്റെ ആഹ്വാനമാണ് വിമാനത്തിലെ പ്രതിഷേധത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആക്രമണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന പ്രോസിക്യൂഷൻ വാദം ശരിയാണെന്ന് വ്യക്തമായതായും പൊലീസ് പറഞ്ഞു. ഇതോടെയാണ് ഇന്ന് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാൻ ശബരിക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ