തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം ഉയർത്തിയ സംഭവത്തിൽ മുൻ എംഎൽഎ കെ എസ് ശബരിനാഥൻ അറസ്റ്റിൽ. വധശ്രമ കേസിലെ ഗൂഢാലോചനയിലാണ് ശബരിനാഥിനെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഇന്ന് ചോദ്യം ചെയ്യലിന് പൊലീസിന് മുന്നിൽ ഹാജരായ ഘട്ടത്തിലാണ് ശബരിനാഥിനെ അറസ്റ്റു ചെയ്തിരിക്കുന്നത്. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലാണ് ശബരി ഹാജരായത്. ശബരിനാഥിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി കോടതിയിലാണ് സർക്കാർ അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്.

പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയെന്നും പ്രതിഷേധത്തിനുശേഷം വിവരം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നും ശബരീനാഥൻ വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് ശബരിനാഥനെ ശംഖുമുഖം എസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു.

നേരത്തെ വിമാനത്തിലെ പ്രതിഷേധത്തിന് നിർദ്ദേശം നൽകിയത് ശബരിനാഥനെന്ന് സൂചിപ്പിക്കുന്ന വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് പുറത്ത് വന്നിരുന്നു. പിന്നാലെയാണ് നടപടി. വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം സമാധാനപരമാണെന്ന് ശബരീനാഥൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്തത് മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് കാണിക്കുന്നതെന്നും പ്രതിഷേധിച്ച പ്രവർത്തകർക്ക് എല്ലാ നിയമസഹായവും യൂത്ത് കോൺഗ്രസ് നൽകുമെന്നും ശബരീനാഥൻ പറയുകയുണ്ടായി.

'ജനാധിപത്യ സമൂഹത്തിൽ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. സമാധാനപരമായിട്ടുള്ള പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് നടത്തിയത്. സ്വർണക്കടത്തിൽ സമരം തുടങ്ങിയത് തന്നെ യൂത്ത് കോൺഗ്രസാണ്. അത്തരത്തിൽ സമാധാനപരമായിട്ടുള്ള പ്രതിഷേധമാണ് വിമാനത്തിലും നടത്തിയത്. എന്നാൽ അതിനെ വക്രീകരിച്ച് വധശ്രമമാക്കി മാറ്റുന്നത് ഭീരുത്വമാണ്.

ഊരിപ്പിടിച്ച വടിവാളുമായല്ല, ഒരു റെയിനോൾഡ്സ് പേനപോലുമില്ലാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ചതിനെ വധശ്രമമായി കാണുന്നത് മുഖ്യമന്ത്രിയുടെ ഭീരുത്വമാണ്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നിയമപരമായി എല്ലാ സഹായവും നൽകും. ഇന്ന് പൊലീസിനോട് സഹകരിക്കും.' ശബരീനാഥ് വിശദീകരിച്ചിരുന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പ്രതിഷേധം നടന്നതെന്നാണ് ഈ വാട്സ്ആപ്പ് ചാറ്റുകൾ സൂചിപ്പിക്കുന്നതെന്നാണ് പൊലീസ് നിഗമനം. ജൂൺ 12ന് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി സഞ്ചരിച്ച ഇൻഡിഗോ വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ കെ നവീൻ എന്നിവരായിരുന്നു വിമാനം ലാൻഡ് ചെയ്യുമ്പോൾ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി അദ്ദേഹം ഇരുന്നിരുന്ന സീറ്റിലേക്ക് അടുത്തത്. ഇവരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പിടിച്ചു തള്ളിയിരുന്നു.