തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കെ.ശങ്കരനാരായണൻ (90) അന്തരിച്ചു. പാലക്കാട്ടെ വസതിയിലായിരുന്ന അന്ത്യം. കുറച്ചുകാലമായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശതയെ തുടർന്ന് കഴിയുകയായിരുന്നു അദ്ദേഹം.രണ്ട് വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് കിടപ്പായിരുന്നു.

മരണസമയത്ത് മകളും മരുമകനും പേരക്കുട്ടികളും വി.കെ.ശ്രീകണ്ഠൻ എംപിയും ഒപ്പമുണ്ടായിരുന്നു. ഉച്ചവരെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്കുശേഷം ഛർദിച്ചതോടെ സ്ഥിതി വഷളായി. തുടർന്ന് ഡോക്ടർ എത്തി ചികിത്സ നൽകിയെങ്കിലും വൈകിട്ടോടെ സ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു. രാത്രിയോടെ മരണം സ്ഥിരീകരിച്ചു.

ആറു സംസ്ഥാനങ്ങളിൽ ഗവർണറായിരുന്ന ഏക മലയാളിയാണ് ശങ്കരനാരായണൻ. മഹാരാഷ്ട്ര, നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി. അരുണാചൽ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതലയും വഹിച്ചു.

ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1946-ൽ സ്റ്റേറ്റ് കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷന്റെ പ്രവർത്തകനായിരുന്നു പിന്നീട് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറി.

പാലക്കാട് ഡി.സി.സിയുടെ സെക്രട്ടറിയായും പ്രസിഡന്റായും കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1969-ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നപ്പോൾ കോൺഗ്രസ് (ഒ) വിഭാഗത്തിന്റെ ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1977-ൽ തൃത്താലയിൽ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി.

1980-ൽ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ൽ ഒറ്റപ്പാലത്ത് നിന്നും 2001-ൽ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982-ൽ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ ഇ.പത്മനാഭനോടും 1991-ൽ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് എസിലെ വി സി.കബീറിനോടും പരാജയപ്പെട്ടു.

1985 മുതൽ 2001 വരെ നീണ്ട പതിനാറ് വർഷം യു.ഡി.എഫ് കൺവീനറായിരുന്നു. 989-1991 കാലയളവിൽ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി ചെയർമാനായും 1977-1978-ൽ കെ.കരുണാകരൻ, എ.കെ. ആന്റണി മന്ത്രിസഭകളിൽ കൃഷി,സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എ.കെ. ആന്റണി മന്ത്രിസഭയിലെ ധനകാര്യ-എക്‌സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു.

മലബാറിലെ ശ്രദ്ധേയനായ രാഷ്ട്രീയ നേതാവു കൂടിയായിരുന്നു അദ്ദേഹം. പാലക്കാട ജില്ലയിൽ ഒരു കാലത്തെ് പാർട്ടിയിലെ അവസാന വാക്കായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ കോട്ടയായിരുന്ന പാലക്കാട് കോൺഗ്രസിനെ വളർത്തി സംസ്ഥാന നേതൃത്വത്തിലേക്കെത്തിയ വ്യക്തിയാണ് കെ ശങ്കരനാരായണൻ. മന്ത്രി പദവും ഗവർണർ സ്ഥാനവുമൊക്കെ അലങ്കരിച്ച ശങ്കരനാരായണൻ അവസാന കാലത്തും രാജ്യത്ത് കോൺഗ്രസിന്റെ തിരിച്ചുവരവിനായി അതിയായി ആഗ്രഹിച്ച വ്യക്തി കൂടിയാണ്.

മുഖ്യമന്ത്രിയാകണമെന്നതായിരുന്നു നടക്കാതെ പോയ മോഹം. ഇനി അത്തരമൊരു മോഹമുവില്ല. അന്നതിന് ആത്മാർഥമായി ശ്രമിച്ചിരുന്നെങ്കിൽ നടക്കുമായിരുന്നെന്നാണെന്റെ തോന്നൽ ഉണ്ടായിരുന്നു എന്നാണ് മുഖ്യമന്ത്രി ആകാതിരുന്നതിനെ കുറിച്ച് അദ്ദേഹം ആത്മകഥയിൽ എഴുതിയത്. മുതിർന്ന നേതാവിന്റെ വിയോഗവാർത്ത അറിഞ്ഞ് പ്രവർത്തകർ പാലക്കാട്ടെ വസതിയിൽ എത്തിയിട്ടുണ്ട്. വി കെ ശ്രീകണ്ഠനും എംപി അടക്കമുള്ളവർ പാലക്കാട്ടെ വസതിഎത്തി.

പരേതയായ രാധയാണ് ഭാര്യ. മകൾ: അനുപമ. മരുമകൻ: അജിത് ഭാസ്‌കർ (ബിസിനസ്, കൊച്ചി). പേരക്കുട്ടികൾ: താര അജിത്ത്, പാർവതി അജിത്ത്.