ഡെന്മാർക്ക് ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം ഇന്ത്യൻ താരം കെ ശ്രീകാന്തിന്. 25 മിനിറ്റ് മാത്രം നീണ്ടു നിന്ന ഫൈനലിൽ ദക്ഷിണ കൊറിയയുടെ 22-ാം റാങ്കുകാരൻ ലീ ഹ്യൂനിനെ തോൽപ്പിച്ചാണ് എട്ടാം സീഡുകാരനായ ശ്രീകാന്തിന്റെ കിരീടനേട്ടം.

ഏകപക്ഷീയമായിരുന്നു മത്സരം. എതിരാളിയെ ഒരിക്കലും പ്രതിരോധിക്കാൻ പോലും അനുവദിച്ചില്ല. രണ്ടു സെറ്റുകൾക്കായിരുന്നു ശ്രീകാന്തിൻെ വിജയം. ഈ വർഷം ഇന്ത്യൻ താരം നേടുന്ന മൂന്നാമത്തെ സൂപ്പർ സീരീസ് കിരീടമാണിത്.

ആദ്യ ഗെയിം 21-10ന് പിടിച്ചെടുത്ത ശ്രീകാന്തിന് രണ്ടാം ഗെയിമിൽ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. എതിരാളിക്ക് വെറും അഞ്ചു പോയിന്റ് നൽകി 21-5ന് ആധികാരികമായിട്ടായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. സ്‌ക്കോർ 21-10, 21-5

ഈ വർഷം ഇന്തോനേഷ്യൻ സൂപ്പർ സീരീസ് പ്രീമിയർ കിരീടവും ഓസ്‌ട്രേലിയൻ സൂപ്പർ സീരീസ് കിരീടവും ശ്രീകാന്ത് നേടിയിരുന്നു. നേരത്തെ ലോക ചാമ്പ്യൻ വിക്ടർ അസെൽസനെ അട്ടിമറിച്ചാണ് ശ്രീകാന്ത് സെമിയിൽ കടന്നത്. സെമിയിൽ ഹോങ്കോങ് താരം വോങ് വിങ് കി വിൻസെന്റിനെ നേരിട്ടുള്ള ഗെയിമുകൾക്കും ഇന്ത്യൻ താരം പരാജയപ്പെടുത്തി