ഒഡെൻസെ: ഡെന്മാർക്ക് ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് തിരിച്ചടി. നിലവിലെ ലോകചാമ്പ്യനും രണ്ടാം സീഡുമായ ജപ്പാന്റെ കെന്റോ മൊമോട്ടയോട് പരാജയപ്പെട്ട് ഫൈനൽ കാണാതെ ശ്രീകാന്ത് പുറത്തായി. കാര്യമായി ഒന്നു പൊരുതിനോക്കാൻ പോലുമാകാനാകാതെയാണ് ഏഴാം സീഡായ ശ്രീകാന്ത് തോൽവിയേറ്റുവാങ്ങിയത്. 42 മിനിറ്റിനുള്ളിൽ മത്സരം അവസാനിച്ചു. സ്‌കോർ: 21-16,21-12.ശ്രീകാന്തും മൊമോട്ടയും തമ്മിൽ പന്ത്രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്. ഒമ്പത് തവണ ജപ്പാനീസ് താരം വിജയിച്ചപ്പോൾ മൂന്നു തവണ മാത്രമാണ് ശ്രീകാന്ത് വിജയം കണ്ടത്.

ആദ്യം 3-5ന് പിന്നിലായിരുന്ന ശ്രീകാന്ത് പിന്നീട് തുടർച്ചായി നാവ് പോയിന്റുകൾ നേടി 7-5ന് ലീഡ് നേടി. പക്ഷേ പിന്നീട് ഇന്ത്യൻ താരത്തിന് അവസരം നൽകാതെ മൊമോട്ട 11-10ന് ലീഡെടുത്തു. ലീഡ് അവസാനം വരെ നിലനിർത്തിയ മോമോട്ട 21-16ന് ഗെയിം സ്വന്തമാക്കി.രണ്ടാം ഗെയിമിലും ജപ്പാനീസ് താരത്തിന്റെ മുന്നേറ്റമാണ് കണ്ടത്. 16-10ന് പിന്നിലായിപ്പോയ ശ്രീകാന്തിന് പിന്നീട് തിരിച്ചുവരാനായില്ല. അവസാനം 21-12ന് ഗെയിമും മത്സരവും സ്വന്തമാക്കി.