- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാറിൽ നടക്കുന്നത് രാഷ്ട്രീയവേട്ടയാടൽ; ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരു സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാക്കളെ ഇല്ലാതാക്കാമെന്നത് പിണറായിയുടെ വ്യാമോഹമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരു സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാക്കളെ ഇല്ലാതാക്കാമെന്നത് പിണറായിയുടെ വ്യാമോഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.
കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയവേട്ടയാടലാണ് സോളാർ കേസുമായി ബന്ധപ്പെട്ട് നടക്കുന്നത്. കേസ് സിബി ഐയ്ക്ക് വിട്ടതും ഇപ്പോൾ അന്വേഷണം ആരംഭിച്ചതും രാഷ്ട്രീയ പ്രേരിതമാണ്. പിണറായിയും മോദിയും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇതിലൂടെ പുറത്തവന്നതെന്നും സുധാകരൻ പറഞ്ഞു.
കേന്ദ്ര ഏജൻസികൾക്കെതിരേ ഉറഞ്ഞുതുള്ളുന്ന പിണറായി കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള കരുനീക്കത്തിൽ സിബിഐയോടൊപ്പമാണ്.സോളാർക്കേസ് സിബിഐയ്ക്ക് വിട്ടത് പൊതുജനമധ്യത്തിൽ വികൃതമായ മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള തന്ത്രമാണ്.സ്ത്രീപീഡന, സാമ്പത്തിക പരാതികളാണ് ഇര ഉന്നയിച്ചത്. എന്നാൽ ഇത്തരം ആരോപണത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടായിരുന്നു.അത് സിപിഎം നേതാക്കളുടെ മേൽനോട്ടത്തിലാണ് നടന്നത്.ഒരുഘട്ടത്തിൽ പരാതിക്കാരി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയെ കുടുക്കാൻ സിപിഎം പത്തുകോടി വാഗ്ദാനം ചെയ്‌തെന്ന് ഇര ഇന്ത്യാടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് സോളാർക്കേസിന് സമാനരീതിയിൽ രഹസ്യമൊഴി നൽകിയപ്പോൾ കേന്ദ്ര ഏജൻസികൾ മൗനം പാലിക്കുകയാണ്. പിണറായി വിജയന്റെ കാര്യത്തിൽ ഇരട്ട നീതിയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്.
മൂന്നു പൊലീസ് സംഘങ്ങൾ സോളാർ കേസ് പരിശോധിച്ചെങ്കിലും തെളിവ് കണ്ടെത്താനാകാതെ കേസ് ഉപേക്ഷിച്ചതിനെ തുടർന്നാണ് പിണറായി സർക്കാർ കേസ് സിബിഐക്കു വിടാൻ ശിപാർശ ചെയ്തത്. അതും നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ നില്ക്കുമ്പോൾ കഴിഞ്ഞ ജനുവരി 24നാണ് കേസ് സിബിഐക്കു വിട്ടത്.യുഡിഎഫ് സർക്കാർ നിയമിച്ച ശിവരാജൻ കമ്മീഷൻ, പരാതിക്കാരുടെ വ്യാജകത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ട് ഹൈക്കോടതി നിരാകരിക്കുകയും കത്തും കത്തിലെ ആരോപണങ്ങൾ കോടതി നീക്കം ചെയ്യുകയും ചെയ്തതാണ്.ഈ കത്തിന്റെ അടിസ്ഥാനത്തിലുള്ള സിബിഐ അന്വേഷണത്തിന്റെ ഫലം എന്താണെന്നറിയാൻ പാഴൂർ പടിപ്പുരയ്ക്കൽ വരെ പോകേണ്ടതില്ലെന്നും സുധാകരൻ പരിഹസിച്ചു.
മറുനാടന് മലയാളി ബ്യൂറോ