തിരുവനന്തപുരം: സംസ്ഥാന പൊലീസിലല്ല കേരളത്തിലെ സിപിഎമ്മിലാണ് ആർ.എസ്.എസ് ഗ്യാങ്ങ് പ്രവർത്തിക്കുന്നതെന്ന് കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ എംപി.

കേരളത്തിൽ സ്ത്രീ പീഡനങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർദ്ധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സിപിഐ. ദേശീയ നേതാവ് ആനി രാജ കേരളാ പൊലീസിൽ ആർ.എസ്.എസ് ഗ്യാങ്ങ് ഉണ്ടെന്ന് പ്രസ്താവന നടത്തിയത്.
സിപിഎമ്മിനകത്ത് ആർ.എസ്.എസ് ഉണ്ട് എന്നതിന്റെ തെളിവാണ് സ്വർണ്ണക്കടത്ത് കേസ്സും കൊടകര കുഴൽപ്പണക്കേസും ആവിയായിപ്പോയത്.

കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട രണ്ടു കേസ്സുകളും ഇന്ന് എവിടെയാണ് എത്തി നിൽക്കുന്നത്! കൊടകര കുഴൽപ്പണക്കേസ്സിൽ പ്രതിയാകുമെന്ന് പറഞ്ഞ കെ. സുരേന്ദ്രൻ സാക്ഷിയായി മാറിയതെങ്ങിനെയെന്ന് സിപിഎം. നേതൃത്വം മറുപടി പറയണം.

ഇടതുപക്ഷ ഗവർമെന്റിന്റെ സ്ത്രീവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തതിന്റെ പേരിൽ സിപിഐ. സംസ്ഥാന നേതൃത്വം വനിതാ നേതാവിനെതിരെ ശബ്ദിക്കുന്നത് പിണറായിയെ തൃപ്തിപ്പെടുത്താൻ മാത്രമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും സംസാരിക്കുന്നവർക്ക് അതിനോട് തെല്ലും ആത്മാർത്ഥതയില്ല എന്നതിന്റെ തെളിവാണ് ആനിരാജക്കെതിരായ അഭിപ്രായ പ്രകടനങ്ങളെന്നും സുധാകരൻചൂണ്ടിക്കാട്ടി.

സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കോടതിയിൽ മൊഴി രേഖപ്പെടുത്തിയിട്ടും ഇന്നേവരെ മുഖ്യമന്ത്രിക്ക് ഒരു നോട്ടീസ് പോലും അയക്കാതിരുന്നത് സിപിഎം-ആർ.എസ്.എസ് രഹസ്യ ബാന്ധവത്തിന്റെ തെളിവാണ്. കേരളത്തിൽ വർദ്ധിച്ചുവരുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുവാൻ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.