- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിൽ എ ഗ്രൂപ്പിനെ അടിയോടെ വാരി സുധാകരൻ; മലയോരങ്ങളിലെ ശക്തികേന്ദ്രങ്ങളിലും ഉമ്മൻ ചാണ്ടി അനുകൂലികൾക്ക് കാലിടറുന്നു; നടുവിൽ പഞ്ചായത്തിൽ തന്റെ ഇഷ്ടക്കാരനെ പ്രസിഡന്റായി വാഴിച്ച് കെപിസിസി അദ്ധ്യക്ഷൻ

ആലക്കോട്: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിലെ ശക്തികേന്ദ്രങ്ങളിൽ നിന്നും എ ഗ്രൂപ്പിന്റെ വേരു പിഴുതെടുക്കാൻ കെപിസിസി അധ്യക്ഷൻ സുധാകരന്റെ നീക്കം. ഇതോടെ തങ്ങളുടെ ശക്തി പ്രദേശങ്ങളിൽ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് ഉമ്മൻ ചാണ്ടിയെ അനുകൂലിക്കുന്നവർ.എഗ്രൂപ്പിന്റെ അപ്രമാദിത്വം നിലനിന്നിരുന്ന നടുവിൽ പഞ്ചായത്തിൽ സുധാകര വിഭാഗക്കാരനായ ബേബി ഓടംപള്ളിലിനെ പഞ്ചായത്ത് പ്രസിഡന്റാക്കിയതിൽ പ്രതിഷേധിച്ച് ആലക്കോട്ടെ അഞ്ച് എ വിഭാഗം കോൺഗ്രസ് നേതാക്കൾ രാജിവെച്ചു.
കോൺഗ്രസിലെ ഭാരവാഹിത്വങ്ങൾ ഒഴിഞ്ഞ് സാധാരണ അംഗങ്ങളായി തുടരുമെന്ന് ഇവർ അറിയിച്ചു. ആലക്കോട് കോൺഗ്രസ് ബ്‌ളോക്ക് വൈസ് പ്രസിഡന്റ് ബിജു ഓരത്തേൽ, ബ്‌ളോക്ക് സെക്രട്ടറിമാരായ ബാബു കിഴക്കേപറമ്പിൽ, മുൻപഞ്ചായത്ത് പ്രസിഡന്റ് മഹിളാ കോൺഗ്രസ് ജില്ലാജനറൽ സെക്രട്ടറിയുമായ ത്രേസ്യാമ്മ ജോസഫ്, മുൻപഞ്ചായത്ത് പ്രസിഡന്റ് ബിന്ദുബാലൻ,സെക്രട്ടറി കെ.വി മുരളീധരൻ എന്നിവരാണ് വ്യാഴാഴ്‌ച്ച രാവിലെ ബ്‌ളോക്ക് പ്രസിഡന്റിന് രാജിക്കത്ത് നൽകിയത്.
ഇതിനിടെ നടുവിൽ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി യു ഡി എഫിന്റെ ബേബി ഓടംപള്ളിലിനെ തെരഞ്ഞെടുത്തു. 19 അംഗങ്ങളുള്ള പഞ്ചായത്തിൽ യു ഡി എഫിന് 11 വോട്ടും എൽ ഡി എഫിന് 7 വോട്ടും ലഭിച്ചു. സാജു ജോസഫ് ആയിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി. ബേബിയെ പ്രസിഡണ്ടാക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മെമ്പറായ റെജി മോൻ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു.
യു.ഡി. എഫിന് ശക്തമായ സ്വാധീനമുള്ള നടുവിൽ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചത് കോൺഗ്രസിന് ആശ്വാസകരമായിട്ടുണ്ടെങ്കിലും പാർട്ടിക്കുള്ളിൽ വിമതനീക്കം ശക്തമായിട്ടുണ്ട്. മലയോരത്ത് എ ഗ്രൂപ്പിന്റെ സ്വാധീന പ്രദേശങ്ങളിലൊന്നാണ് നടുവിൽ ഗ്രാമപഞ്ചായത്ത്. എന്നാൽ സുധാകരപക്ഷക്കാരനായ ബേബി ഓടംപള്ളിലിനെ സി.പി. എമ്മുമായി കൂട്ടുചേർന്നിട്ടും തിരിച്ചെടുത്ത് വീണ്ടും പ്രസിഡന്റാക്കിയത് എഗ്രൂപ്പിൽ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.
നടുവിൽ സ്വദേശിയും കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് എന്നിവർ ഇടപെട്ടിട്ടും ബേബിയെ വീണ്ടും പ്രസിഡന്റാക്കാനുള്ള നീക്കവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരനും ഡി.സി.സിയും മുൻപോട്ടു പോവുകയായിരുന്നു.


