തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നത് ഒരു ഗ്രൂപ്പിലും ഇല്ലാത്ത മുല്ലപ്പള്ളി രാമചന്ദ്രനാണ്. പക്ഷേ അണികളുടെ പിന്തുണയോ പ്രവർത്തക കൂട്ടായ്മയോ മുല്ലപ്പള്ളിക്കൊപ്പമില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതുകൊണ്ടു തന്നെ മുല്ലപ്പള്ളിക്ക് കെപിസിസിയെ വേണ്ട വിധം നയിക്കാനായില്ല. ഇതും പാർട്ടിയെ തോൽവിയിലേക്ക് നയിച്ച പ്രധാന കാരണങ്ങളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ മുല്ലപ്പള്ളിക്ക് ഈ പദവി താമസിയാതെ നഷ്ടമാകും. കെ സുധാകരന് വേണ്ടി കെ എസ് ബ്രിഗേഡ് കണ്ണുവച്ച കസേരയാണ് ഇത്. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷൻ മാറുമ്പോൾ ആരാകും പകരക്കാരൻ എന്നത് ആകാംഷയാണ്. എന്നാൽ പ്രതിപക്ഷ നേതാവിനെ ഉടൻ തെരഞ്ഞെടുക്കേണ്ടതുണ്ട്. രമേശ് ചെന്നിത്തലയ്ക്ക് പകരം മറ്റൊരാൾ എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം.

കോൺഗ്രസ് ഹൈക്കമാണ്ട് തീരെ ദുർബ്ബലമാണ്. അതുകൊണ്ട് തന്നെ കേരളത്തിലേക്ക് അജ്ഞാപിക്കാൻ പഴയതു പോലെ കരുത്ത് സോണിയാ ഗാന്ധിയ്‌ക്കോ രാഹുൽ ഗാന്ധിക്കോ പ്രിയങ്കാ ഗാന്ധിക്കോ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ തീരുമാനങ്ങളെല്ലാം കേരളത്തിൽ എടുക്കേണ്ടി വരും. ഗ്രൂപ്പുകൾക്ക് അതീതമായി ചിന്തിക്കുന്നവർ പല പേരുകളും മുന്നോട്ട് വയ്ക്കുന്നുണ്ട്. ശശി തരൂരിനെ നേതൃത്വം ഏൽപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. ഇതിനൊപ്പമാണ് കെപിസിസി അധ്യക്ഷനാകാൻ കെ സുധാകരനും കെസി വേണുഗോപാലും ആഗ്രഹിക്കുന്നത്. ഗ്രൂപ്പുകൾക്ക് അതീതമായി ചിന്തിക്കുന്നവർ ശശി തരൂരിനൊപ്പമാണ്. അങ്ങനെ കെപിസിസിയിലും പ്രതിപക്ഷത്തും നേതൃമാറ്റം ആഗ്രഹിക്കുന്നവർ കോൺഗ്രസിൽ ഏറെയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ മുഖ്യമന്ത്രിയായിരുന്നത് ഉമ്മൻ ചാണ്ടിയാണ്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പദവികൾ വേണ്ടെന്ന് വച്ച് ഉമ്മൻ ചാണ്ടി ഒഴിഞ്ഞു. രമേശ് ചെന്നിത്തലയും ഈ മാതൃക പിന്തുടർന്ന് പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കണമെന്നാണ് ഉയരുന്ന ആവശ്യം. എന്നാൽ അതിന് ചെന്നിത്തല തയ്യറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഗ്രൂപ്പ് സമവാക്യങ്ങളിൽ ഐ ഗ്രൂപ്പിന് മുൻതൂക്കമുണ്ട്. അതുകൊണ്ട് തന്നെ രമേശ് ചെന്നിത്തലയെ പൂർണ്ണമായും ആ ഗ്രൂപ്പ് തള്ളിപ്പറയില്ല. അങ്ങനെ വന്നാൽ ചെന്നിത്തല വീണ്ടും പ്രതിപക്ഷ നേതാവാകും. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഏറ്റെടുത്ത വിഷയങ്ങളിൽ എല്ലാം ചെന്നിത്തല വിജയം നേടി. എന്നാൽ അത് വോട്ടായി മാറിയില്ല. മികച്ച രീതിയിൽ പ്രവർത്തിച്ച ചെന്നിത്തലയെ എങ്ങനെ മാറ്റുമെന്ന ചോദ്യം കോൺഗ്രസിൽ ചോദിക്കുന്ന ഗ്രൂപ്പ് മാനേജർമാരുണ്ട്.

തലമുറ മാറ്റം അനിവാര്യമെന്ന് കോൺഗ്രസിലെ യുവതുർക്കികൾ പറയുന്നു. ഷാഫി പറമ്പിലിന്റെ പാലക്കാട്ടെ പോരാട്ട വീര്യം അത്യുജ്ജ്വലമായിരുന്നു. കുണ്ടറയുടെ മനസ്സ് കീഴടക്കിയ വിഷ്ണുനാഥും കാണിച്ചത് അസാധ്യമായ വിജയമാണ്. ഈ വിജയങ്ങൾക്ക് പകരം പ്രതിപക്ഷ നേതൃസ്ഥാനം കൊടുത്ത് ആദരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. അരുവിക്കരയിൽ ശബരിനാഥനും തൃത്താലയിൽ വിടി ബൽറാമും വരെ സിപിഎം പോരിന് മുന്നിൽ തളർന്നു വീണു. അവിടെയാണ് പാലക്കാട് ബിജെപി കാറ്റിനെ തടഞ്ഞു നിർത്തിയ ഷാഫിയുടെ മികവ് കോൺഗ്രിനെ ഞെട്ടിക്കുന്നത്. കുണ്ടറയിൽ വിഷ്ണുനാഥ് എത്തിയത് അവസാന നാളിലാണ്. എന്നിട്ടും മേഴ്‌സികുട്ടിയമ്മ എന്ന മന്ത്രിയെ പിടിച്ചു കെട്ടി. അങ്ങനെ പ്രതിപക്ഷത്തിന് യുവരക്തത്തിന്റെ കരുത്തുകൊടുക്കണമെന്നാണ് ആവശ്യം.

പിണറായിയെ നേരിടാൻ അതിശക്തനായ പ്രതിപക്ഷ നേതാവ് വേണമെന്ന ആവശ്യവും സജീവമാണ്. അങ്ങനെ വന്നാൽ പിടി തോമസാണ് പ്രതിപക്ഷത്തെ നയിക്കാൻ നല്ലതെന്ന ചിന്തയും സജീവമാണ്. കോപ്രമൈസുകൾ നടത്താത്ത നേതാവെന്ന പ്രതിച്ഛയയാണ് പിടിക്കുള്ളത്. അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവാകാൻ നല്ലത് പിടിയാണെന്ന ചിന്ത ചില ക്യാമ്പുകളിൽ സജീവമാണ്. സീനിയോറിട്ടിയിലും പിടിക്ക് മുൻതൂക്കമുണ്ട്. ഉമ്മൻ ചാണ്ടിയുടെ നിലപാട് ഇക്കാര്യത്തിൽ അതിനിർണ്ണായകമാകും.

ചെന്നിത്തല മാറുന്ന സാഹചര്യത്തിൽ മുതിർന്ന നേതാവെന്ന പരിഗണന തിരുവഞ്ചൂർ രാധാകൃഷ്ണന് കിട്ടാൻ ഏറെ സാധ്യതയുണ്ട്. പറവൂരിലെ വിജയ കരുത്തുമായി വിഡി സതീശനും പ്രതിപക്ഷ നേതാവാകാൻ സാധ്യത ഏറെയാണ്. തൃപ്പുണ്ണിത്തുറയിലെ പോരാട്ട മികവ് കെ ബാബുവിനും സാധ്യത നൽകുന്നു. കോൺഗ്രസിലേക്ക് ഈഴവ വിഭാഗത്തെ അടുപ്പിക്കാൻ ബാബുവിനെ പ്രതിപക്ഷ നേതാവാക്കണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാൽ ചെന്നിത്തലയ്ക്ക് തന്നെയാണ് കൂടുതൽ സാധ്യതയെന്നാണ് കോൺഗ്രസ് നേതാക്കൾ ഈ ഘട്ടത്തിൽ പറയുന്നത്. പക്ഷേ കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റം ഉറപ്പാണ്. മുല്ലപ്പള്ളിക്ക് പകരം സുധാകരൻ എത്താൻ കരുനീക്കം നടത്തം. അതിനൊപ്പം കെസി വേണുഗോപാലിനും ആ സ്ഥാനത്തോട് മോഹമുണ്ടാകും.

എഐസിസി ജനറൽ സെക്രട്ടറിയാണ് നിലവിൽ കെസി. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസിനുണ്ടാകുന്ന തിരിച്ചടികളുടെ പേരു ദോഷം സംഘടനാ ജനറൽ സെക്രട്ടറിയായ കെസിക്കുണ്ട്. അതുകൊണ്ട് കേരളത്തിലേക്ക് മടങ്ങാൻ കെസിക്കും താൽപ്പര്യമുണ്ട്. അങ്ങനെ വന്നാൽ സുധാകരന്റെ മോഹങ്ങൾ വീണ്ടും തകരും. ഇത് കെ എസ് ബ്രിഗേഡ് എന്ന് അറിയപ്പെടുന്ന കണ്ണൂരിലെ കോൺഗ്രസുകാർക്ക് രുചിക്കുമോ എന്നതും കോൺഗ്രസിന് തലവേദനയാകും. കെസിയും സുധാകരനും വിശാല ഐഗ്രൂപ്പിന്റെ ഭാഗമാണ്. പക്ഷേ രണ്ടു പേർക്കും വ്യത്യസ്ത ഗ്രൂപ്പുകളുമുണ്ട്. അതുകൊണ്ട് തന്നെ രണ്ടു പേരേയും സമവായത്തിൽ എത്തിച്ച് കെപിസിസിയിലെ നായകനെ കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടി വരും.

കേരള ചരിത്രത്തിൽ ആദ്യമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് തുടർഭരണത്തിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ, തുടർച്ചയായി പ്രതിപക്ഷത്തിരിക്കാനുള്ള ആദ്യാവസരം സ്വന്തമാക്കാനേ യുഡിഎഫിനു കഴിഞ്ഞുള്ളൂ. കഴിഞ്ഞ തവണത്തേക്കാൾ സീറ്റു നേടി ആധികാരികമാണ് ഇടതുജയം. ഭരണം പിടിക്കുക പോയിട്ട്, ഇടതിനെ പോറലേൽപ്പിക്കാൻ പോലും യുഡിഎഫിനു സാധിച്ചില്ല. നേമത്തെ പരീക്ഷണം പാളിയപ്പോൾ വടകരയിലും പാലായിലും പാലക്കാടും ജയിച്ചത് ആശ്വാസമായി. 6 സീറ്റ് നഷ്ടമായി യുഡിഎഫ് 41 മണ്ഡലങ്ങളിൽ ഒതുങ്ങി. 8 സീറ്റ് അധികം നേടിയ യുഡിഎഫ് 99 സീറ്റിലേക്ക് കുതിച്ചു. ജീവന്മരണ പോരാട്ടമായിട്ടും അതിന്റെ ഭാവമൊന്നുമില്ലാതെ 'ഈസി വാക്കോവർ' പ്രതീക്ഷിച്ചതിനു ജനം നൽകിയ തിരിച്ചടി.

കേരളത്തിൽ മാത്രമല്ല, ദേശീയ തലത്തിൽ വരെ അലയൊലി സൃഷ്ടിക്കുന്ന പരാജയമാണിത്. പ്രകടമായ ഭരണവിരുദ്ധ തരംഗമില്ലാതിരുന്നതും സ്ഥാനാർത്ഥി നിർണയം വൈകിയതുമെല്ലാം യുഡിഎഫിനുമേൽ ഇടതുപക്ഷത്തിനു മേൽക്കൈ നൽകിയിരുന്നു. പക്ഷേ, തുടർഭരണം ആവശ്യമാണെന്ന ഇടതുപ്രചാരണത്തെ പ്രതിരോധിക്കാനും ബദലായി മാറാനുള്ള ഇച്ഛാശക്തി ജനങ്ങളെ ബോധ്യപ്പെടുത്താനും ഐക്യ ജനാധിപത്യ മുന്നണിക്കു സാധിച്ചില്ല.