തിരുവനന്തപുരം: കെപിസിസി അധ്യക്ഷനാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെ സുധാകരൻ. അശോക് ചവാൻ കമ്മീഷൻ കേരളത്തിൽ കോൺഗ്രസ് തോൽവിയുടെ കാരണങ്ങൾ കണ്ടെത്തിയുള്ള റിപ്പോർട്ട് ഹൈക്കമാണ്ടിന് സമർപ്പിച്ചു കഴിഞ്ഞു. സംഘടനയെ ശക്തിപ്പെടുത്താൻ കെ സുധാകരന് കഴിയുമെന്ന പൊതു വിലയിരുത്തലും സജീവമാണ്. അതുകൊണ്ട് തന്നെ കെപിസിസിയെ നയിക്കാൻ സുധാകരന് താമസിയാതെ നറുക്കു വീഴുമെന്നാണ് വിലയിരുത്തൽ.

സർക്കാരിനെതിരെ എങ്ങനെ സമരമുഖം തുറക്കണമെന്ന വ്യക്തമായ തീരുമാനവും സുധാകരനുണ്ട്. ഇതിൽ ഒന്ന് കോവിഡാണ്. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ കണക്ക് സർക്കാർ തിരുത്തുന്നതിനെതിരെ നിയമസഭയിലും പുറത്തും പോരാട്ടം തുടങ്ങുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കൂടിയായ കെ.സുധാകരൻ പറയുന്നതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ സന്ദേശമുണ്ട്. സുധാകരൻ തന്നെ അധ്യക്ഷനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ അനുകൂലിക്കുന്ന കെ എസ് ബ്രിഗേഡുകളും.

കോവിഡ് മരണം കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിക്കു വേണ്ടി സർക്കാർ മരണങ്ങൾ ഒളിപ്പിക്കുന്നതു മൂലം, കോവിഡ് ബാധിച്ചു രക്ഷിതാക്കൾ നഷ്ടപ്പെടുന്ന കുട്ടികൾക്കു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമെന്ന് സുധാകരൻ പറയുന്നു. അനാഥരായ കുട്ടികളുടെ സംരക്ഷണം കേന്ദ്ര ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രഖ്യാപനം. തനിക്ക് വ്യക്തമായ പദ്ധതികൾ കോവഡിൽ ഉണ്ടെന്ന് പറഞ്ഞു വയ്ക്കുകയാണ് ഈ കോൺഗ്രസ് നേതാവ്.

കോവിഡ് മരണങ്ങളിലെ കൃത്രിമം കണ്ടെത്താൻ കെപിസിസി വിദഗ്ധസമിതിയെ നിയോഗിക്കും. ജനങ്ങൾക്കു പരാതി അറിയിക്കാൻ അവസരം നൽകുമെന്നും സുധാകരൻ പറഞ്ഞു. ഐഎൻസി കേരള സംഘടിപ്പിച്ച ഓൺലൈൻ സംവാദത്തിലാണ് കോവിഡിൽ പ്രതിഷേധ മുഖം തുറക്കേണ്ടതിന്റെ ആവശ്യകത സുധാകരൻ വിശദീകരിച്ചത്. റോജി.എം.ജോൺ എംഎൽഎ, വി.ടി.ബൽറാം, ഡോ.എസ്.എസ്.ലാൽ, ഡോ.എൻ.എം.അരുൺ, ഡോ.പി.സരിൻ എന്നിവർ പ്രസംഗിച്ചു. ഭാവിയിൽ അധ്യക്ഷനായി എത്തുമ്പോൾ എന്തു ചെയ്യുമെന്ന് പറയാതെ പറയുകയാണ് സുധാകരൻ ഈ വരികളിലൂടെ

ആകാംക്ഷകൾക്ക് വിരാമമിട്ട് കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം ഉടനുണ്ടായേക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം ഒഴിഞ്ഞ സാഹചര്യത്തിൽ പ്രഖ്യാപനം നീളില്ലെന്നാണ് സൂചന. എന്നാൽ ആരാകണം പുതിയ അധ്യക്ഷൻ എന്നതിനെക്കുറിച്ച് ഹൈക്കമാൻഡ് കേരള നേതാക്കളുമായി കാര്യമായ കൂടിയാലോചനകൾ ഒന്നും നടത്തിയിട്ടില്ല. നേതാക്കളിൽ കെ സുധാകരനാണ് മുൻതൂക്കമുള്ളത്. പ്രവർത്തകരുടെ പിന്തുണ സുധാകരനാണെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ആരാകണം കെപിസിസി പ്രസിഡന്റ് എന്നതിൽ ഹൈക്കമാൻഡിനു മുന്നിൽ കൂടുതൽ പേർ ഉന്നയിച്ചത് കെ സുധാകരന്റെ പേരായിരുന്നു.

എന്നാൽ ഒരു വിഭാഗം സുധാകരനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ശൈലി ഭാവിയിൽ പാർട്ടിക്ക് വിനയാകുമെന്നാണ് ചില നേതാക്കൾ നേതൃത്വത്തെ അറിയിച്ചത്. സുധാകരനെ എതിർക്കുന്ന ഇമെയിലുകളിൽ അടൂർ പ്രകാശിന്റെയും കെ ബാബുവിന്റെയും പേരുകളാണ് നിർദ്ദേശിക്കുന്നത്. കൊടിക്കുന്നിൽ സുരേഷിന്റെ പേരും പരിഗണയിൽ വന്നിട്ടുണ്ട്.