തിരുവനന്തപുരം: കണ്ണൂരിൽ നടക്കുന്ന രാഷ്ട്രീയകൊലപാതകങ്ങളിൽ പിണറായി വിജയന് പങ്കുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായി അറിയാതെ ഒരില പോലും കണ്ണൂരിൽ അനങ്ങില്ല. സിപിഎം കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതകങ്ങളാണ് കണ്ണൂരിലുടനീളം നടന്നത്. അല്ലാതെ അബദ്ധത്തിൽ സംഭവിച്ചത് ഒന്നോരണ്ടോ മാത്രമേ ഉള്ളു. പിണറായി വിജയന്റെ കൂടി അറിവോടെയാണ് ഈ ആസൂത്രണങ്ങളൊക്കെ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ പ്രീഡിഗ്രിക്ക് ബ്രണ്ണൻ കോളേജിലെത്തുമ്പോൾ പിണറായി വിജയൻ കോളേജിൽ നിന്നും ഇറങ്ങിക്കഴിഞ്ഞിരുന്നു. പിന്നീട് അദ്ദേഹം പരീക്ഷ എഴുതാനോ അവരുടെ പാർട്ടി പരിപാടികൾക്കോ അദ്ദേഹം കോളേജിൽ വരുമ്പോൾ മാത്രമാണ് പരസ്പരം കാണാറുള്ളത്. അന്നുമുതൽക്കെ അദ്ദേഹത്തോട് നല്ല ബന്ധത്തിലായിരുന്നില്ലെന്നും കെ.സുധാകരൻ മറുനാടനോട് പറഞ്ഞു.

പിണറായിയോട് വ്യക്തിപരമായി അഭിപ്രായവ്യത്യാസമില്ല. എന്നാൽ കണ്ണൂരിലെ കൊലപാതകങ്ങൾക്കൊക്കെ നേതൃത്വം നൽകുന്നയാളെന്ന നിലയിൽ പിണറായിയോട് ഹൃദ്യമായി പെരുമാറാൻ കഴിയില്ല. പിണറായിയെ നിരന്തരം എതിർക്കുന്നത് അദ്ദേഹം തന്റെ രാഷ്ട്രീയ എതിരാളിയായതുകൊണ്ടാണ്. അല്ലാതെ സംഭവിച്ചതെല്ലാം യാദൃശ്ചികമാണ്. അതിന് താനല്ല കുറ്റക്കാരൻ. എന്നാൽ പിണറായിക്കെതിരെ പറഞ്ഞതൊക്കെ സത്യമാണ്. അവസ്ഥവമായ ഒരു കാര്യം പോലും താൻ പറയാറില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പിണറായി വിജയനും താനുമായുള്ള പ്രധാന വ്യത്യാസം അതാണ്. അദ്ദേഹം പറയുന്നതും യാഥാർത്ഥ്യവും തമ്മിൽ യാതൊരു ബന്ധവുമുണ്ടാകില്ല.

തങ്ങളുടെ കാലത്ത് ബ്രണ്ണൻ കോളേജിൽ കെഎസ്എഫ് വളരെ ദുർബലമാണ്. അന്ന് തങ്ങളുടെ പ്രധാന എതിരാളികൾ ബ്രണ്ണനൈറ്റ്സ് എന്ന വിദ്യാർത്ഥികളുടെ സ്വതന്ത്രസംഘടനയാണ്. അക്കാലത്തെ സംഭവങ്ങളാണ് അന്നത്തെ വിവാദവിഷയം. അക്കാലത്ത് അവർക്ക് എന്തുചെയ്യാൻ സാധിക്കുമെന്ന് ഒന്ന് ചിന്തിച്ചുനോക്കിയാൽ മതി. അന്നവർ കോളേജിൽ വളരെ ന്യൂനപക്ഷമാണ്.

പിണറായി ബ്രണ്ണൻ കോളജിൽ പഠിക്കുമ്പോൾ അവിടെ എബിവിപിയോ ആർഎസ്എസോ ഉണ്ടായിരുന്നില്ല. താൻ അവിടെ പഠിക്കുമ്പോഴാണ് ആദ്യമായി എബിവിപിയുടെ ഒരു യൂണിറ്റ് ഉണ്ടാകുന്നത്. അന്നുപോലും ഏതാനുംപേർ മാത്രമാണ് എബിവിപിയിൽ ഉണ്ടായിരുന്നത്. പിന്നെ ആരുടെ നിവർത്തിപ്പിടിച്ച വാളിന് മുന്നിലൂടെയാണ് പിണറായി വിജയൻ നടന്നത്. പിണറായി വിജയൻ ബഢായി പറയുന്നത് നിർത്തണം. മുഖ്യമന്ത്രി കസേരയിലിരുന്നെങ്കിലും ബഢായി പറയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിണറായി വിജയന്റെ കഴിവിനെ വിലകുറച്ചുകാണുന്നില്ല. ഇന്ന് കേരളത്തിലെ സിപിഎമ്മിന്റെ തലതൊട്ടപ്പൻ പിണറായിയാണ്. പിണറായിയാണ് ഇന്ന് പാർട്ടി. അതിന് വേണ്ടി എത്ര പ്രഗൽഭന്മാരെയാണ് പാർട്ടിക്കുള്ളിൽ അദ്ദേഹം ശ്വാസം മുട്ടിച്ചുകൊന്നതെന്നും സുധാകരൻ ചോദിച്ചു. മുറിച്ചിട്ടാൽ കഷ്ണം കൂടുന്ന വി എസ് ആച്യുതാനന്ദനെ പോലും അദ്ദേഹം ഒതുക്കി. സിപിഎം രാഷ്ട്രീയത്തിൽ കണ്ണൂർ രാഷ്ട്രീയത്തിന് കിട്ടിയ മേൽക്കോയ്മയാണ് പിണറായിയെ സംസ്ഥാനത്തെ വലിയ നേതാവാക്കി ഉയർത്തിയത്.

ഇന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പോലും പ്രവർത്തിക്കുന്നത് പിണറായിയുടെ ചെലവിലാണ്. വിദേശത്ത് അവർക്കൊരു മുറി ബുക്ക് ചെയ്യണമെങ്കിൽ പോലും കേരളഘടകത്തിന്റെ സഹായം വേണം. കേരള ഘടകമെന്നാൽ പിണറായി വിജയനാണ്. അതുകൊണ്ട് ദേശീയ നേതൃത്വത്തിന് പിണറായിയെ എതിർക്കാനോ വിമർശിക്കാനോ കഴിയില്ല. സിപിഎമ്മിന്റെ കണ്ണൂരിലെ രാഷ്ട്രീയ അസ്ഥിത്വം മറ്റ് ജില്ലകൾക്ക് മുകളിൽ അധീശത്വം പുലർത്തുന്നത് സ്വാഭാവികമാണ്. ആ സ്വാഭാവികതയുടെ ഫലമാണ് പിണറായി വിജയന്റെ പാർട്ടിയിലെ അപ്രമാദിത്വമെന്നും അദ്ദേഹം പറഞ്ഞു.

കെ. മുരളീധരൻ യുഡിഎഫ് കൺവീനറാകാൻ യോഗ്യനാണ്. അദ്ദേഹത്തെ ആ പദവിയിലേയ്ക്ക് പരിഗണിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു. അർഹരായവരെ മാത്രമായിരിക്കും പാർട്ടി ഭാരവാഹിത്വത്തിലേയ്ക്ക് പരിഗണിക്കുക. പുനഃസംഘടനയിൽ കഴിവ് നോക്കാതെ വൽസലശിഷ്യന്മാരെ മാത്രം വാഴിക്കാൻ അനുവദിക്കില്ലെന്നും സുധാകരൻ പറഞ്ഞു.

സോഷ്യൽ മീഡിയ പ്രചരണത്തിൽ കോൺഗ്രസ് പരാജയപ്പെട്ടെന്ന് സമ്മതിക്കുന്ന സുധാകരൻ ആ മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നും മറുനാടനോട് പറഞ്ഞു. ഇനി സാമൂഹ്യമാധ്യമങ്ങളുടെ കാലമാണെന്ന് ദീർഘദൃഷ്ടിയോടെ തിരിച്ചറിഞ്ഞ് മുൻകൂട്ടി ഈ മേഖലയിലിറങ്ങാൻ പാർട്ടിക്ക് കഴിഞ്ഞില്ല. അനിൽ ആന്റണിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹത്തിനാവശ്യമായ പിന്തുണ പാർട്ടിയിൽ നിന്നും ലഭിച്ചില്ല. അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകി ഡിജിറ്റൽമേഖലയിലും കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

മുന്നൂറിലധികം ഭാരവാഹികളുണ്ടായിരുന്ന കെപിസിസിയിൽ 51 അംഗങ്ങളാക്കി ചുരുക്കിയത് കോൺഗ്രസിൽ വിപ്ലവാത്മകരമായ മാറ്റമാണ്. മൂന്ന് മാസത്തിനുള്ളിൽ പാർട്ടി പുനഃസംഘടന പൂർത്തിയാക്കും. പുനഃസംഘടനയ്ക്ക് ഗ്രൂപ്പ്, മതം, ജാതി ഒന്നും ബാധകമായിരിക്കില്ല. പാർട്ടിക്കുള്ളിലെ മെറിറ്റ് മാത്രമായിരിക്കും മാനദണ്ഡം. ഏത് ഗ്രൂപ്പിലുള്ള ആൾക്കും ഭാരവാഹിത്വത്തിലേയ്ക്ക് കടന്നുവരാം. സോഷ്യൽ ബാലൻസിങും ലിംഗസമത്വവും പുനഃസംഘടനയിൽ പരിഗണിക്കുമെന്നും ആതിന്റെ ഭാഗമായാണ് സ്ത്രീകൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയതെന്നും അദ്ദേഹം അറിയിച്ചു.