ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് ജില്ലാ (ഡിസിസി) പ്രസിഡന്റുമാരുടെ പട്ടികയ്ക്ക് അന്തിമ രൂപം ഇന്നുണ്ടായേക്കം. പട്ടികയിൽ കെപിസിസി അധ്യക്ഷൻ സുധാകരന്റെ നിർദ്ദേശങ്ങൾക്ക് പ്രാമുഖ്യം കിട്ടുമെന്നാണ് സൂചന. ഡിസിസികളെ ചലിപ്പിക്കേണ്ടത് കെപിസിസി അധ്യക്ഷന്റെ ഉത്തരവാദിത്തമാണ്. അതിന് പുനഃസംഘടനയിൽ തനിക്ക് പൂർണ്ണ സ്വാതന്ത്ര്യം വേണമെന്നാണ് സുധാകരന്റെ നിലപാട്.

സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി സുധാകരൻ കൂടിക്കാഴ്ച നടത്തും. പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരിൽ സുധാകരൻ കടുത്ത നിലപാട് നേരത്തെ തന്നെ എടുത്തിരുന്നു. ഇതെല്ലാം ഹൈക്കമാണ്ട് അംഗീകരിക്കുമെന്നാണ് സൂചന. സുധാകരനെ പിണക്കാതെ പട്ടിക പ്രഖ്യാപിക്കാനാണ് തീരുമാനം.

പട്ടിക സംബന്ധിച്ച് കൂടിയാലോചനകൾ നടത്താൻ കെപിസിസി നേതൃത്വം തയാറാവാത്തതിൽ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമുള്ള പരിഭവം ഇനിയും മാറിയിട്ടില്ലെന്നാണ് സൂചന. അതിനിടെ പട്ടിക പുറത്തിറക്കുമ്പോൾ ഗ്രൂപ്പുകൾ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. സൈബർ പോരുകളെ ഹൈക്കമാണ്ട് ഗൗരവത്തിൽ എടുത്ത സാഹചര്യത്തിലാണ് ഇത്.

അതിനിടെ ഡി.സി.സി. പുനഃസംഘടനയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ പോസ്റ്റർ പ്രതിഷേധവും തുടങ്ങി. എറണാകുളം ഡി.സി.സി ഓഫീസിനു മുന്നിൽ പോസ്റ്റർ ഒട്ടിച്ചു. വി.ഡി.സതീശന്റെ ഗ്രൂപ്പ് കളി അവസാനിപ്പിക്കുക, സതീശന്റെ കോൺഗ്രസ് വഞ്ചന തിരിച്ചറിയുക, മുതിർന്ന നേതാക്കളെ അവഗണിക്കുന്ന സതീശന്റെ പൊയ്മുഖം തിരിച്ചറിയുക. സതീശൻ പുത്തൻ ഗ്രൂപ്പുണ്ടാക്കുന്നു എന്നു മാണ് പോസ്റ്ററുകളിൽ ആരോപിക്കുന്നത്.

സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും 3 കെപിസിസി വർക്കിങ് പ്രസിഡന്റുമാരും മുൻപ് ഡൽഹിയിൽ നടത്തിയ ചർച്ചയിൽ ഡിസിസി പ്രസിഡന്റുമാരുടെ ചുരുക്കപ്പട്ടികയ്ക്കു രൂപം നൽകിയിരുന്നു. പാലക്കാട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം, തൃശൂർ, കാസർകോട് ജില്ലകളിൽ ഒന്നിലധികം പേരുകൾ അന്ന് ഉയർന്നിരുന്നു. ജില്ലകളിൽ ഒറ്റപ്പേര് തീരുമാനിക്കാൻ പിന്നാലെ സുധാകരനെ ഹെക്കമാണ്ട് ചുമതലപ്പെടുത്തി.

പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതായി സൂചനയുണ്ട്. ആലപ്പുഴയിൽ ബാബുപ്രസാദും പാലക്കാട് എവി ഗോപിനാഥും ഡിസിസി അധ്യക്ഷന്മാരാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഏതായാലും സുധാകരനും ഹൈക്കമാണ്ടും തമ്മിലുള്ള ചർച്ചയോടെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയ്ക്ക് അന്തിമ രൂപമാകും. ഈ ചർച്ചകളിൽ വിഡി അടക്കമുള്ളവരില്ലെന്നതും നിർണ്ണായകമാണ്.

രാഹുൽ ഗാന്ധിയുടെ തീരുമാനവും പട്ടികയെ സ്വാധീനിക്കും. സ്ത്രീകൾക്കും ദളിതർക്കും പട്ടികിയിൽ സ്ഥാനമില്ലെന്നാണ് റിപ്പോർട്ടുകൾ.