കണ്ണൂർ : വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിട്ട സർക്കാർ നടപടി അനുചിതമാണെന്നും അത് പിൻവലിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.

മുസ്ലിം സംഘടനകൾ ഉയർത്തിയ ആശങ്കകൾ കണക്കിലെടുക്കാതെ വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിട്ട നടപടി പ്രതിഷേധാർഹമാണ്. മുസ്ലിം സമുദായത്തിന് ലഭിക്കുന്ന പരിരക്ഷ നഷ്ടപ്പെടാൻ ഇടയാക്കുന്നതാണ് സർക്കാർ തീരുമാനം. വഖഫ് ബോർഡ് നിയമനം സുതാര്യവും കാര്യക്ഷമവുമാക്കാൻ പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കണമെന്ന മുസ്ലിം സമുദായ സംഘടനാ നേതാക്കളുടെ ബദൽ നിർദ്ദേശം പൂർണ്ണമായി അവഗണിച്ച സർക്കാർ നടപടി അപലപനീയമാണ്.വഖഫ് നിയമനം പിഎസ് സിക്ക് വിടുക വഴി സിപിഎം വിവേചനമാണ് കാട്ടിയത്. മുസ്ലിം സമുദായങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ഈ നടപടി പുനപരിശോധിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കോൺഗ്രസ് കടക്കുമെന്നും സുധാകരൻ പറഞ്ഞു.

മതം എന്നു പറയുന്നത് ഒരു സ്വകാര്യ പ്രസ്ഥാനമാണ്. എല്ലാ മതങ്ങൾക്കും ഭരണഘടനാ പ്രകാരം അനുവദനീയമായ അവകാശങ്ങളുണ്ട്. അതിൽ പ്രധാനം ഒരു മതത്തെ നിയന്ത്രിക്കുന്നത് ആ മതവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നവരാകണമെന്നതാണ്. അങ്ങനെയുള്ളതാണ് വഖഫ് ബോർഡ്.അതിൽ സർക്കാരിന് നിയന്ത്രണമില്ലെന്നത് വസ്തുതയാണ്. മുസ്ലിം സമുദായ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഭരണഘടനാ അധികാരമുള്ള സമിതിയാണ് വഖഫ് ബോർഡ്. ഇങ്ങനെ പ്രവർത്തിക്കുന്ന വഖഫ് ബോർഡിൽ പിഎസ് സി വഴി ആളുകളെ നിയമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു.

ദൂരവ്യാപകമായ ഭവിഷ്യത്തുകൾക്ക് വഴിവെയ്ക്കുന്ന വീണ്ടുവിചാരമില്ലാത്ത നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. മതസൗഹാർദത്തെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ സർക്കാർ കൂടുതൽ അവധാനത കാട്ടണം.നിയമനം പിഎസ് സിക്ക് വിട്ടതുവഴി തുല്യ നീതി,അവസര സമത്വം തുടങ്ങിയ വാദഗതികൾ ഉയർത്തി വഖഫ് ബോർഡിലെ നിയമനങ്ങളിൽ മറ്റ് ഇതരവിഭാഗങ്ങൾ അവകാശവാദം ഉന്നയിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.ഇത് മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ സംഘപരിവാറിന് കളമൊരുക്കുമെന്നും സുധാകരൻ പറഞ്ഞു.