തിരുവനന്തപുരം: സിപിഎമ്മിന് കൊടി സുനിയെയും സംഘത്തെയും ഭയമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കൊടി സുനിക്കും കിർമാണി മനോജിനുമെതിരെ സിപിഎം നടപടി എടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. കുറ്റവാളികളെ സിപിഎം പുറത്താക്കുമോ ?. നടപടി എടുക്കാൻ സിപിഎമ്മിന് ധൈര്യമുണ്ടോ ?. വെല്ലുവിളിക്കുകയാണ്. കൊടി സുനിയേയും ആകാശ് തില്ലങ്കേരിയേയുമൊക്കെ സിപിഎമ്മിന് പേടിയാണ്. ദുഷിച്ചുനാറുന്ന ഒരുപാട് രഹസ്യങ്ങൾ അവർക്കറിയാം, അതാണ് കാരണം. ആകാശ് തില്ലങ്കേരി വെല്ലുവിളിച്ചപ്പോൾ ഡിവൈഎഫ്ഐ പോയി കാലുപിടിച്ചില്ലേ എന്നും സുധാകരൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ചോദിച്ചു.

ജയിലുകളെ നിയന്ത്രിക്കുന്നതുകൊടി സുനിയാണ്. കണ്ണൂർ ജയിൽ സൂപ്രണ്ടു പോലും കൊടി സുനിയുടെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. സെല്ലിന് മുന്നിൽ ആരൊക്കെ കാവൽ നിൽക്കണമെന്നു പോലും തീരുമാനിക്കുന്നത് ഇവരാണ്. ഇവർക്ക് ഇതിനുള്ള ധൈര്യം ലഭിക്കുന്നത് എവിടെ നിന്നാണ് ?. ഇവരുടെ റോൾ മോഡൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊക്കെയാണെന്ന് കെ സുധാകരൻ പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയിരുന്നു. യുഎഇ കോൺസൽ ജനറൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് അതിൽ പറയുന്നു. വിയറ്റ്നാമിൽ സ്വർണക്കടത്ത് നടത്തിയതിന് പുറത്താക്കിയ ആളാണ് കോൺസൽ ജനറൽ. എന്തിനാണ് മുഖ്യമന്ത്രി ജോൺസൽ ജനറലിനെ കണ്ടത് ?. ഉള്ളിക്കച്ചവടത്തിനാണോ ?. സ്വപ്ന പറഞ്ഞപ്പോൾ മുഖ്യമന്ത്രി കോൺസുൽ ജനറലിനെ കണ്ടത് പ്രോട്ടോക്കോൾ ലംഘനമല്ലേയെന്നും കെ സുധാകരൻ ചോദിച്ചു.

പരീക്ഷകൾ മനുഷ്യത്വത്തിന്റെ പേരിലെങ്കിലും മാറ്റിവെക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ജീവനാണ് മുഖ്യമെന്ന് സർക്കാർ മനസ്സിലാക്കണം. പരീക്ഷകൾ നിർത്തിവെക്കണം. കോവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ പരീക്ഷ നടത്തണമെന്ന് സർക്കാർ വാശി പിടിക്കുന്നത് എന്തിനാണെന്നും കെ സുധാകരൻ ചോദിച്ചു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്ക സർക്കാർ മനസ്സിലാക്കണം. പരീക്ഷയ്ക്ക് വരുന്ന കുട്ടികൾക്ക് കോവിഡ് വരില്ലെന്ന് സർക്കാരിന് ഉറപ്പു പറയാനാകുമോ. ഇത് ഏകാധിപത്യ നിലപാടാണ്. കേരളത്തിൽ മാത്രം കോവിഡ് കുറയുന്നില്ല. എന്നിട്ടും ധിക്കാരം തുടരുന്നു.

പരമാവധി ആളുകൾക്ക് വാക്സിൻ നൽകുക. ഇതിന് പ്രായത്തിന്റെ അതിർ വരമ്പ് വെക്കുന്നതിന്റെ യുക്തി എന്താണ്. എല്ലാവർക്കും നൽകേണ്ടതല്ലേ എന്നും കെ സുധാകരൻ ചോദിച്ചു. കോവിഡ് ബാധിച്ച് മരിച്ച പലരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കോവിഡ് മരണങ്ങൾ സർക്കാർ പുനഃപരിശോധിക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.