- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രാമങ്ങളിൽ നാലിരട്ടി വില കിട്ടുമെന്ന സർക്കാർ വാദം തള്ളി കെ റെയിൽ എഡിയുടെ ശബ്ദരേഖ; നഷ്ടപരിഹാരം സംബന്ധിച്ച പൊരുത്തക്കേടുകൾ കൂടുതൽ പുറത്താകുമ്പോൾ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷവും; റെയിൽവേയുടെ അഭിഭാഷകന്റെ വാദം അസംബന്ധമെന്ന് കെ സുധാകരൻ; കമ്മീഷൻ കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഡോക്ടറേറ്റെന്ന് കെപിസിസി അധ്യക്ഷൻ
കൊച്ചി: കെ റെയിൽ നഷ്ടപരിഹാരത്തിൽ അടക്കം സംസ്ഥാന സർക്കാർ വാദങ്ങൾ കൂടുതൽ പ്രതിരോധത്തിൽ. ഇക്കാര്യം ശരിവെക്കുന്ന വിധത്തിൽ കെ റെയിൽ എംഡി അജിത് കുമാറിന്റെ ശബ്ദരേഖ പുറത്തുവന്നു. മുഖ്യമന്ത്രി പൗരപ്രമുഖരുടെ യോഗത്തിൽ പ്രഖ്യാപിച്ചതു പോലെ അത്രയ്ക്ക് എളുപ്പമുള്ളതല്ല കാര്യങ്ങളെന്നാണ് വ്യക്തമാകുന്നത്. ഗ്രാമങ്ങളിൽ നാലിരട്ടിവരെ വില കിട്ടുമെന്ന സർക്കാർ വാദം തള്ളുന്നതാണ് ശബ്ദരേഖ.
കെ.റെയിൽ നഷ്ടബാധിതർക്ക് വമ്പൻ പാക്കേജെന്നാണ് രാഷ്ട്രീയ പ്രചരണത്തെയും പൊളിക്കുന്നതാണ് വാദങ്ങൾ. 2013ലെ ഭൂമി ഏറ്റെടുക്കൽ വ്യവസ്ഥ പ്രകാരം മാത്രമേ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ആകൂ. ഇതോടെയാണ് ഗ്രാമങ്ങളിൽ നാലിരട്ടിവരെ നഷ്ടപരിഹാരം ലഭിക്കുമെന്ന വാദവും തെറ്റാണെന്ന് തെളിയുന്നത്. ദേശീയ സാഹചര്യം പരിഗണിക്കുമ്പോൾ കേരളത്തിന്റെ സ്ഥിതി വ്യത്യസ്തമാണ്. കേരളത്തിൽ ഗ്രാമ-നഗരങ്ങൾ തമ്മിലുള്ള വ്യത്യാസം കുറവാണ്. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്ന ഒരാളുമായാണ് എംഡി സംസാരിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകുകയും ചെയ്യുന്നു.
ഇതോടെ നഗരത്തിൽ നിന്നും 50 കിലോ മീറ്റർ അപ്പുറമുള്ള പദ്ധതി പ്രദേശങ്ങളിൽ മാത്രമാകും നാലിരട്ടി വിലകിട്ടുകയെന്ന് വ്യക്തമാകുന്നത്. നഗങ്ങളിൽ നിലവിൽ കണക്കാക്കിയ വിലയുടെ ഇരട്ടികൂടി ലഭിക്കും. മറ്റ് ഗ്രാമപ്രദേശങ്ങളിൽ 2013ലെ ഭൂമി ഏറ്റെടുക്കലിലെ വ്യവസ്ഥകൾ പ്രകാരമേ ഭൂ ഉടമകൾക്ക് പണം ലഭിക്കൂ. സാമൂഹിക ആഘാത പഠനം നടത്തിയ വിദഗ്ദ സമിതി റിപ്പോർട്ട് നൽകിയ ശേഷമേ റവന്യൂവകുപ്പ് നഷ്ടപരിഹാരം സംബന്ധിച്ച അന്തിമ കണക്കൂകളിലേക്കു കടക്കുക.
അതേ സമയം കെ- റെയിലിനെതിരകായ സമരം സമരസമിതി ശക്തമാക്കുകയാണ്. പ്രതിപക്ഷവും കേസിൽ ശക്തമായ നിലപാടിലേക്കാണ്. സിൽവർ ലൈനിന് കേന്ദ്രസർക്കാറിന്റെ അനുമതിയുണ്ടെന്ന് ഹൈക്കോടതിയിൽ വാദിച്ച റെയിൽവേയുടെ അഭിഭാഷകനെതിരെ കേസ് കൊടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ വ്യക്തമാക്കി. ശുദ്ധ അസംബന്ധമാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്. ബിജെപിയുമായുള്ള സംസ്ഥാന സർക്കാറിന്റെ ഒത്തുതീർപ്പിന്റെ ഭാഗമായാണ് ഈ വാദമെന്ന് സുധാകരൻ ആരോപിച്ചു.
കെ-റെയിലിന്റെ പാരിസ്ഥിതിക ആഘാതം ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രശസ്ത ശാസ്ത്രജ്ഞരെ കോൺഗ്രസ് രംഗത്തിറക്കും. കെ-റെയിലിനെതിരായ നിയമപോരാട്ടത്തിന് പാർട്ടി പിന്തുണ നൽകും. ഉമ്മൻ ചാണ്ടി സർക്കാർ പദ്ധതി വേണ്ടെന്നുവെച്ചത് അതിനെക്കുറിച്ച് പഠിച്ചശേഷമാണ്. പല്ലുപറിക്കുമെന്ന ജയരാജന്റെ പ്രസ്താവനക്ക് മറുപടി പറയുന്നില്ല. അത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞാൽ മതിയാകുമെന്നും സുധാകരൻ പ്രതികരിച്ചു. കമ്മീഷൻ കാര്യത്തിൽ ഡോക്ടറേറ്റ് വാങ്ങിയ ആളാണ് മുഖ്യമന്ത്രിയെന്നും കെ.സുധാകരൻ കൊച്ചിയിൽ ആരോപിച്ചു.
അതേസമയം മേധാപട്കർ ഉൾപ്പടെയുള്ള ദേശീയ നേതാക്കൾ സമരത്തിന്റെ ഭാഗമാവും. ഈ മാസം 26 മുതൽ അടുത്ത മാസം 21വരെ കെ.റെയിൽ വിരുദ്ധ സമിതി കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സമര ജാഥ സംഘടിപ്പിക്കുന്നുണ്ട്. അതേസമയം കെ റെയിൽ പദ്ധതി കേരളത്തെ വിഭജിക്കില്ലെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തള്ളി മെട്രോമാൻ ഇ ശ്രീധരനും രംഗത്തുവന്നിരുന്നു. ഇതിനോടകം തന്നെ അനുമതി ലഭിച്ച പദ്ധതികൾ നടപ്പിലാക്കാതെ കെ-റെയിൽ നടപ്പിലാക്കണമെന്നത് സർക്കാരിന്റെ പിടിവാശിയാണെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയിൽ പദ്ധതിയുടെ ഡി.പി.ആർ പുറത്തുവിടാത്തത് ദുരൂഹമാണ്. വലിയ നിർമ്മാണച്ചെലവ് വരുന്ന പദ്ധതിയുടെ ചെലവ് കുറച്ചു കാണിക്കാനാണ് സർക്കാരിന്റെ ശ്രമം. പ്രോജക്ട് റിപ്പോർട്ട് പുറത്തുവിടാത്തതിനു കാരണം ജനങ്ങൾ പദ്ധതി ചെലവ് മനസിലാക്കുമെന്നതാണെന്നും ഇ. ശ്രീധരൻ ആരോപിച്ചു. കേന്ദ്രം കെ-റെയിലിന് അനുമതി നൽകുമെന്ന് കരുതുന്നില്ല. കേന്ദ്രാനുമതി ഇല്ലാതെ റെയിൽവെ പദ്ധതികൾ നടപ്പാക്കാൻ കഴിയില്ല. അക്കാര്യങ്ങളൊന്നും സംസ്ഥാനം പരിശോധിച്ചിട്ടില്ല. ഉദ്യോഗസ്ഥർ വേണ്ടവിധം മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുന്നില്ല. പദ്ധതിയിലെ സാങ്കേതിക പ്രശ്നങ്ങൾ താൻ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് ഇ. ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ