തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ എട്ടുകാലി മമ്മൂഞ്ഞിനെ പോലെയാണ് പിണറായിയെന്ന് സുധാകരൻ വിമർശിച്ചു. 'നാഷണൽ മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്‌സിൽ' ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് അവകാശപ്പെട്ട സംഭവത്തിലാണ് കെ സുധാകരൻ വിമർശനം ഉന്നയിച്ചത്. ഇത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടയുടെ കാലത്തായിരുന്നു എന്നകാര്യം ചൂണ്ടിക്കാട്ടിയാണ് സുധാകരൻ വിമർശിച്ചത്.

മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ, നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്നും സുധാകരൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.

കെ സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

നാട്ടുകാർ കാര്യമായി തന്നെ പരിഗണിക്കുന്നില്ലെന്ന തിരിച്ചറിവാണ് നാട്ടിൽ നടക്കുന്ന സംഭവങ്ങളെല്ലാം നമ്മൾ ഉണ്ടാക്കിയതാണെന്നു പറയാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തിന് പ്രേരണയായത്. കഴിഞ്ഞദിവസം നീതി ആയോഗ് പുറത്തിറക്കിയ 'നാഷണൽ മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്‌സിൽ' ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമെന്ന് കേട്ടയുടൻ 'ഇത് പിണറായി വിജയം' എന്ന് ആരാധക വാഴ്‌ത്തു പാട്ടുകൾ തുടങ്ങിയിട്ടുണ്ട്.

എന്നാൽ നീതി ആയോഗിന്റെ റിപ്പോർട്ട് 2015 -16 വർഷം നടത്തിയ നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ 4 ഡാറ്റയുടെ അടിസ്ഥാനത്തിലുണ്ടാക്കിയ ഇൻഡക്‌സും, റാങ്കിങ്ങുമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. 2015 - 16 വർഷം കേരളം ദാരിദ്ര്യനിർമ്മാർജനത്തിൽ നേടിയ പുരോഗതിയുടെ ക്രെഡിറ്റ് അന്നത്തെ ജനകീയനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണ് നൽകേണ്ടതെന്നും, അല്ലാതെ അന്ന് സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോ മെമ്പറായിരുന്ന പിണറായി വിജയന് അല്ലെന്നും ബോധം ഉള്ളവർക്കെല്ലാമറിയാം.

ഇതിനെക്കാളേറെ എന്നെ അത്ഭുതപ്പെടുത്തുന്നത് നീതി ആയോഗ് ഇപ്പോൾ പുറത്തിറക്കിയ 'നാഷണൽ മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്‌സിന്റെ 'രാഷ്ട്രീയം പിണറായി വിജയന് മനസ്സിലാകുന്നില്ലെന്നതാണ്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഈ റിപ്പോർട്ട് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്.

2015 -16 ലെ ഡാറ്റയാണ് ഇതിലുള്ളതെന്നും അതിനു ശേഷം നരേന്ദ്ര മോദി , ഡോ.മന്മോഹൻ സിംഗിന്റെ കാലത്ത് നിന്നും കടമെടുത്ത് പേര് മാറ്റി ഇറക്കിയ പ്രധാനമന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ, സ്വച്ച് ഭാരത് മിഷൻ, പ്രധാനമന്ത്രി ഉജ്ജ്വല യോജന എന്ന് തുടങ്ങിയ നിരവധി പദ്ധതികൾ കേന്ദ്രസർക്കാർ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ടെന്നും, അവയുണ്ടാക്കിയ മാറ്റങ്ങൾ ഇനി വരുന്ന റിപ്പോർട്ടുകളിൽ 2019-20 ഡാറ്റയെ അടിസ്ഥാനപ്പെടുത്തി ഉണ്ടായിരിക്കുമെന്നും ഇപ്പോഴത്തെ റിപ്പോർട്ടിലുണ്ട്.

പുതിയ ഇൻഡെക്‌സിൽ വളരെ വലിയ പുരോഗതി ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ ഇന്ത്യ കൈവരിച്ചെന്നും ഇതിനു കാരണം പ്രധാനമന്തിയുടെ 'ഫ്‌ളാഗ് ഷിപ്' പദ്ധതികളാണെന്നും വ്യാപകമായ പ്രചാരണമുണ്ടാകുമെന്നുറപ്പ്! അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 'ഇന്ത്യ ഷൈനിങ്' പോലൊരു പ്രചാരണ പരിപാടിയുടെ കളമൊരുക്കലാണ് ഈ റിപ്പോർട്ടും, ഇൻഡെക്‌സുമെല്ലാം.

വ്യക്തിപരമായ നേട്ടങ്ങൾക്കും, തന്റെ മുഖം മിനുക്കാനുമായി ബിജെപിയുടെ പ്രചരണ പരിപാടിയിലേക്ക് നടന്നു ചെല്ലുന്ന പിണറായി വിജയന്റെ വ്യാജ അവകാശവാദം കോൺഗ്രസ് നേതാക്കൾ ജനങ്ങളുടെ മുന്നിൽ കൃത്യമായി തുറന്നു കാണിച്ചിരിക്കുന്നു. അതോടൊപ്പം ഇത്തരം റിപ്പോർട്ടുകളുടെ രാഷ്ട്രീയ ലക്ഷ്യവും രഹസ്യ അജണ്ടയും രാജ്യത്തെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ജനങ്ങളിലെത്തിക്കുക തന്നെ ചെയ്യും.

മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ,നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ.