ന്യൂഡൽഹി: കെ സുധാകരൻ ഇനി കെപിസിസിയുടെ അമരക്കാൻ. സുധാകരനെ കെപിസിസി പ്രസിഡന്റായി ഹൈക്കമാൻഡ് പ്രഖ്യപിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലും ഡൽഹിയിലും കേന്ദ്രീകരിച്ച് നടന്ന ചർച്ചകൾക്ക് ഒടുവിലാണ് കെ. സുധാകരന്റെ പേര് ഹൈക്കമാൻഡ് അംഗീകരിച്ചത്.  കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം രാഹുൽ ഗാന്ധി നേരിട്ടാണ് കെ.സുധാകരനെ വിളിച്ചറിയിച്ചത്.

ഒരു മാസത്തിലേറെ നീണ്ടുനിന്ന അനിശ്ചിതത്വത്തിനും ആശയക്കുഴപ്പങ്ങൾക്കും ഒടുവിലാണ് കെപിസിസി അധ്യക്ഷനായി കെ.സുധാകരനെ തെരഞ്ഞെടുത്തത്. എ- ഐ ഗ്രൂപ്പുകളുടെ എതിർപ്പിനും കെപിസിസി അധ്യക്ഷസ്ഥാനം മോഹിച്ച് അണിയറ നീക്കം നടത്തിയ സീനിയർ നേതാക്കളേയും മറികടന്നാണ് കെപിസിസി അധ്യക്ഷസ്ഥാനത്തക്ക് കെ.സുധാകരൻ എത്തുന്നത്.

കെ.കരുണാകരൻ നയിക്കുന്ന ഐ ഗ്രൂപ്പിനേയും എ.കെ.ആന്റണിയുടെ എ ഗ്രൂപ്പിനേയും വെല്ലുവിളിച്ച് കണ്ണൂർ ഡിസിസി അധ്യക്ഷനായതോടെയാണ് കെ.സുധാകരൻ കേരള രാഷ്ട്രീയത്തിൽ സ്വന്തം ഇടം നേടിയെടുക്കുന്നത്. അക്രമരാഷ്ട്രീയം ആളിക്കത്തിയ തൊണ്ണൂറുകളിൽ ആർഎസ്എസും സിപിഎമ്മും പരസ്പരം പോരടിച്ചു നിന്നപ്പോൾ അതിനിടയിൽ കോൺഗ്രസ് പാർട്ടിക്ക് പ്രതിരോധമൊരുക്കിയത് സുധാകരനാണ്. ഗാന്ധിയൻ ശൈലി തള്ളി കോൺഗ്രസുകാരെ ആയുധമെടുപ്പിക്കുന്നുവെന്ന ആരോപണം സുധാകരൻ നേരിട്ടെങ്കിലും അണികളുടെ പിന്തുണ എന്നു സുധാകരനുണ്ടായിരുന്നു.

പ്രവർത്തനത്തിലും സംസാരത്തിലും കടുപ്പക്കാരനെങ്കിലും അണികൾക്ക് പ്രിയപ്പെട്ട നേതാവാണ് കെ.സുധാകരൻ. കണ്ണൂരിലും കാസർകോടിലും സുധാകരന് ശക്തമായ സ്വാധീനമുണ്ട്. അതേസമയം കണ്ണൂരിൽ പറയത്തക്ക സ്വാധീനമോ പ്രവർത്തനമോ സുധാകരൻ നടത്തിയിട്ടില്ലെന്നും മറ്റു ജില്ലകളിലെന്ന പോലെ അവിടെയും കോൺഗ്രസ് തകർച്ചയെ നേരിട്ടെന്നും അദ്ദേഹത്തെ എതിർക്കുന്നവർ വിമർശനം ഉന്നയിക്കുന്നുണ്ട്.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരനെ കൊണ്ടു വരുന്നതിൽ മറ്റൊരു പ്രധാന തടസമായി നിന്നത് അദ്ദേഹത്തിന്റെ പ്രായമാണ്. 73 വയസുള്ള സുധാകരനെ കെപിസിസി അധ്യക്ഷനായി കൊണ്ടു വന്നു എന്ത് തലമുറമാറ്റമാണ് കേന്ദ്രനേതൃത്വം നടത്തുന്നതെന്ന ചോദ്യം അദ്ദേഹത്തെ എതിർക്കുന്നവർ ഉന്നയിക്കുന്നു. എന്നാൽ 
ആഗ്രഹിച്ചപ്പോഴെല്ലാം ഗ്രൂപ്പ് തൻപോരിമയുടെ പേരിൽ തട്ടിത്തെറിപ്പിക്കപ്പെട്ട പദവിയാണ്, പാർട്ടി ഏറ്റവും വലിയ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഹൈക്കമാൻഡ് സുധാകരന്റെ ചുമലിൽ വച്ചിരിക്കുന്നത്. 70 കഴിഞ്ഞവർ കെപിസിസി അധ്യക്ഷ സ്ഥാനത്തു വേണോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും, യുവാക്കളെ ആവേശം കൊള്ളിക്കുന്ന സുധാകരന്റെ ശൈലിയിൽ ഹൈക്കമാൻഡ് വിശ്വാസമർപ്പിക്കുകയായിരുന്നു..


മാറ്റത്തിന് തുടക്കം, മുന്നിൽ വലിയ വെല്ലുവിളികൾ

പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിനും യുഡിഎഫിനുമുണ്ടായ പരാജയമാണ് കെ.സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എത്തിച്ചത്. താഴെത്തട്ടിൽ സംഘടന നിർജീവമാണെന്ന അതിരൂക്ഷവിമർശനം ശക്തമായിരിക്കുമ്പോൾ ആണ് പാർട്ടി തലപ്പത്തേക്ക് കെ.സുധാകരൻ എത്തുന്നത്.

2005-ൽ കെ.കരുണാകരന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ടു പോയ സമയത്ത് സംഘടനയിലുണ്ടായ വിള്ളൽ ഇതുവരേയും നികത്താൻ ഒരു കെപിസിസി അധ്യക്ഷനും സാധിച്ചിട്ടില്ല. താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള യാതൊരു നടപടിയും കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഉണ്ടായിട്ടില്ല. ബൂത്ത് തലം മുതലുള്ള സമ്പൂർണ അഴിച്ചു പണിയും സംഘടനാ തെരഞ്ഞെടുപ്പുമെല്ലാം പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള നിർദ്ദേശങ്ങളായി ഉയരാറുണ്ടെങ്കിലും എ, ഐ ഗ്രൂപ്പുകളുടെ കോംപ്രമൈസിന്റെ അടിസ്ഥാനത്തിലാണ് സംഘടനയിൽ അഴിച്ചു പണി നടന്നത്.

രമേശ് ചെന്നിത്തലയ്ക്ക് ശേഷം കെപിസിസി അധ്യക്ഷന്മാരായി എത്തിയ വി എം.സുധീരനും, മുല്ലപ്പള്ളി രാമചന്ദ്രനും പാർട്ടിയെ ഒരു തരത്തിലും മുന്നോട്ട് കൊണ്ടു പോകാനാവാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഗ്രൂപ്പില്ലാതാക്കാൻ വന്ന കെപിസിസി അധ്യക്ഷന്മാർ ഒടുക്കം സ്വന്തം ഗ്രൂപ്പൂണ്ടാക്കുന്ന കാഴ്ചയും ഇക്കാലയളവിൽ അണികൾ കണ്ടു.

കോൺഗ്രസ് നയിക്കുന്ന യുഡിഎഫും സിപിഎം നയിക്കുന്ന എൽഡിഎഫും നേർക്കുനേർ ഏറ്റുമുട്ടിയിരുന്ന കേരള രാഷ്ട്രീയം ഇപ്പോൾ ഏറെ മാറിക്കഴിഞ്ഞു. 45 വർഷത്തിന് ശേഷമുണ്ടായ അധികാര തുടർച്ച കേരളത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്. 1970-80 കാലഘട്ടങ്ങളിൽ യുവാക്കളായി കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് എത്തുകയും പിന്നീട് നീണ്ട പതിറ്റാണ്ടുകൾ അതിന്റെ തലപ്പത്തുണ്ടായിരുന്ന നേതാക്കളാണ് ഇപ്പോഴും കോൺഗ്രസിന്റെ മുഖ്യധാരയിലുള്ളത്.

കെപിസിസി തലപ്പത്ത് നിന്നും തുടങ്ങി മണ്ഡലം കമ്മിറ്റികളിലും ബൂത്തുകളിലും വരെ ഈ വിഭാഗം നേതാക്കളുണ്ട്. ഒരോ പുനഃസംഘടന വരുമ്പോഴും ഇവരെ ഇവരിൽ പകുതി പേരേയും വിവിധ കമ്മിറ്റികളിൽ ഉൾപ്പെടുത്തുകയും ഇതോടെ 140 മണ്ഡലങ്ങളുള്ള കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ നയിക്കാൻ വലിയ ജംബോ കമ്മിറ്റികൾ രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. ആളു കൂടിയാൽ പാമ്പ് ചാവില്ലെന്ന മട്ടിൽ പാർട്ടിയെ നിർജീവമാക്കിയതിൽ വലിയ പങ്കാണ് ഈ ജംബോ കമ്മിറ്റികൾക്കുള്ളത്. അധികാരവും പദവിയുമില്ലാതെ രാഷ്ട്രീയ പ്രവർത്തനം നടത്താനാവില്ല എന്ന ഈ വിഭാഗം നേതാക്കളുടെ മനോഗതിയെ ഏങ്ങനെ സുധാകരന് കൈകാര്യം ചെയ്യാനാവും എന്നതാണ് പ്രധാന ചോദ്യം.

സമീപകാലത്ത് കോൺഗ്രസ് ഏറ്റവും കൂടുതൽ ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കും അവസരം നൽകിയ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു 2021-ലേത്. എന്നാൽ സ്ഥാനാത്ഥി പട്ടികയുടെ മെറിറ്റ് എവിടെയും ചർച്ച ചെയ്യപ്പെടാതിരിക്കാൻ ലതികാ സുഭാഷ് കെപിസിസി ഓഫീസിന് മുന്നിൽ നടത്തിയ മൊട്ടയടി പ്രതിഷേധം കാരണമായി മാറി. നേരത്തെ പറഞ്ഞ പോലെ ഒരേ മുഖങ്ങൾ അധികാരത്തിൽ തുടരുമ്പോൾ തന്നെ നിരന്തരം അവഗണന നേരിട്ട ഒരു വിഭാഗം നേതാക്കളും കോൺഗ്രസിലുണ്ട്. ഇവരേയും കെപിസിസി അധ്യക്ഷനെന്ന നിലയിൽ കെ.സുധാകരന് കൈകാര്യം ചെയ്യേണ്ടതായിട്ടുണ്ട്.

പിണറായി വിജയൻ എന്ന ഒറ്റനേതാവിന് കീഴിൽ എണ്ണയിട്ട യന്ത്രം പോലെയാണ് സിപിഎമ്മും എൽഡിഎഫും ഈ സർക്കാരും മുന്നോട്ട് പോകുന്നത്. യുവാക്കളെ വലിയ തോതിൽ ആകർഷിക്കാൻ ഇക്കഴിഞ്ഞ പതിറ്റാണ്ടിൽ സിപിഎമ്മിനായി. നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിർത്താനുള്ള നയം നടപ്പിലാക്കുക വഴി പാർട്ടിയിലും സർക്കാരിലും തലമുറമാറ്റവും അവർ നടത്തി. ഇങ്ങനെ ഭാവി മുന്നിൽ കണ്ട് സിപിഎം നീങ്ങുമ്പോൾ യുവാക്കൾക്ക് ഇടമില്ലാത്ത അവസ്ഥയാണ് കോൺഗ്രസിൽ. ഈ ആക്ഷേപത്തിന് മറുപടി നൽകാൻ സുധാകരനാവും എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പ്രതീക്ഷിക്കുന്നത്.

പുതിയ കെപിസിസി അധ്യക്ഷന് മുന്നിലെ അടുത്ത പ്രധാന വെല്ലുവിളി എ, ഐ ഗ്രൂപ്പുകളെ തനിക്കൊപ്പം ഒരുമിച്ചു നിർത്തുക എന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ പാർട്ടിക്കുള്ളിൽ നിന്നും വലിയ വിമർശനം ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നേരിടേണ്ടി വന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും ഇപ്പോൾ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുമ്പോഴും ഹൈക്കമാൻഡ് ഗ്രൂപ്പുകളുടെ താത്പര്യം പരിഗണിച്ചിട്ടില്ല. പാർട്ടി തന്നെ ഇല്ലാതാവുന്ന അവസ്ഥയിൽ ഇപ്പോൾ കെ.സുധാകരനെതിരെ ഒരു തുറന്ന യുദ്ധത്തിന് എ-ഐ ഗ്രൂപ്പുകൾ ധൈര്യപ്പെട്ടേക്കില്ല. എന്നാൽ തങ്ങളുടെ സ്വാധീനം ഇല്ലാതാവുന്ന നീക്കങ്ങൾക്കെതിരെ സമീപ ഭാവിയിൽതന്നെ ഗ്രൂപ്പുകൾ രംഗത്തു വന്നേക്കും. അപമാനിതനായി പുറത്താക്കപ്പെട്ടു എന്ന വികാരം കൊണ്ടു നടക്കുന്ന ചെന്നിത്തലയെ എങ്ങനെ സുധാകരൻ കൈകാര്യം ചെയ്യും എന്നതും കാണാൻ കൗതുകമുള്ള കാഴ്ചയായിരിക്കും.

മുന്നോട്ടുള്ള യാത്രയിൽ കെ.സുധാകരന് പ്രതീക്ഷയേക്കുന്ന ഒരു കാര്യം പ്രതിപക്ഷ നേതാവായുള്ള വി.ഡി.സതീശന്റെ വരവാണ്. തലപ്പത്ത് വിഡി സതീശൻ വന്നതോടെ നിയമസഭയിലെ പ്രതിപക്ഷത്തിന്റെ ഇടപെടലിലും വലിയ മാറ്റം ഇതിനോടകം വന്നു കഴിഞ്ഞു. സർക്കാരിനെ വിമർശിച്ച് നിയമസഭയിൽ നിന്നും ഇറങ്ങിപ്പോകുന്ന പതിവ് ശൈലി നിർത്തിയ സതീശൻ സർക്കാരിനൊപ്പം നിന്ന് അവരെ തിരുത്തുകഎന്ന ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. കോവിഡ് രോഗികളുടെ മരണം റെക്കോർഡ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാർ നിലപാട് മാറ്റിയത് സതീശന്റെ ഈ തന്ത്രം ഫലം ചെയ്തുവെന്നതിന് സൂചനയാണ്.

സതീശനും സുധാകരനും നേരത്തെ ചെന്നിത്തല നയിച്ച വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. എന്നാൽ ഇനിയങ്ങോട്ട് അങ്ങനെയല്ല. എ -ഐ ഗ്രൂപ്പുകൾക്ക് ബന്ദലായി ഉയർന്നു വരാനാവും ഇരു നേതാക്കളുടേയും ശ്രമം. ബൂത്ത് തലം മുതൽ പാർട്ടിയെ പുനരുജ്ജീവിക്കുക എന്നതാണ് ഇരുവരുടേയും മുന്നിലെ വലിയ ദൗത്യം. പുതിയ ഊർജ്ജം വേണമെങ്കിൽ യുവാക്കളേയും സ്ത്രീകളേയും മുന്നണിയിലേക്ക് കൂടുതലായി കൊണ്ടു വരണം.

2024-ലാണ് അടുത്ത പൊതുതെരഞ്ഞെടുപ്പ് നടക്കുക. അതിന് മുൻപായി നഷ്ടമായ ന്യൂനപക്ഷ വോട്ടു ബാങ്കിനെ യുഡിഎഫിനെ തിരികെ നേടേണ്ടതായിട്ടുണ്ട്. അധികാരത്തിലിരുന്ന അഞ്ച് വർഷത്തിൽ മുൻപെങ്ങുമില്ലാത്ത വിധം വിവിധ മതസമുദായങ്ങളെ ഒപ്പം നിർത്താൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ യുഡിഎഫിനൊപ്പം ഉറച്ചു നിന്ന മതവിഭാഗങ്ങൾ ഇപ്പോൾ എൽഡിഎഫിനോട് അനുഭാവം കാണിക്കുന്നുണ്ട്. പിണറായിയുടെ സോഷ്യൽ എഞ്ചിനീയറിങ് വൈഭവത്തെ നേരിടാൻ മറുതന്ത്രം കണ്ടെത്തുകയെന്നതു ംവെല്ലുവിളിയായി അവശേഷിക്കുന്നു.

മുന്നണി എന്ന നിലയിൽ യുഡിഎഫിനെ ഒരുമിച്ചു നിർത്തുക എന്നതാണ് അടുത്ത കടമ്പ. ജോസ് കെ മാണി വിഭാഗവും എൽജെഡിയും മുന്നണിയിൽ നിന്നും പോയത് യുഡിഎഫിന് ക്ഷീണം ചെയ്തിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആർഎസ്‌പി മുന്നണി സംവിധാനത്തിൽ പരാതിയറിയിച്ചു കഴിഞ്ഞു. അവരെ തിരിച്ചെത്തിക്കാൻ എൽഡിഎഫിലും ആലോചനകളുണ്ട്. ഇടതുവലതു മുന്നണികൾ മാറി മാറി നിന്നിട്ടുള്ള പിജെ ജോസഫിന്റെ കേരള കോൺഗ്രസാണ് യുഡിഎഫിലെ മറ്റൊരു പാർട്ടി.

മലബാറിൽ മുന്നണിയുടെ അടിത്തറ തന്നെ മുസ്ലിം ലീഗിന്റെ വോട്ടുബാങ്കാണ്. എന്നാൽ ലീഗ് വരച്ച വരയിൽ കോൺഗ്രസ് നിൽക്കുന്നുവെന്ന കടുത്ത ആരോപണം ഇനിയും നേതാക്കൾക്ക് തള്ളിക്കളയാനാവില്ല. ലീഗ് കോൺഗ്രസ് വഴങ്ങുന്നുവെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്ലിം ലീഗ് ഭരിക്കുമെന്നമുള്ള പ്രചരണം കഴിഞ്ഞു പോയ തെരഞ്ഞെടുപ്പുകളിൽ പരസ്യമായും രഹസ്യമായും എൽഡിഎഫും ബിജെപിയും ഉന്നയിച്ചിരുന്നു.

കോൺഗ്രസ് നയങ്ങൾക്കൊപ്പം ലീഗിനെ നിലനിർത്തി കൊണ്ടു പോകുക എന്നത് പ്രധാനമാണ്. ന്യൂനപക്ഷ സ്‌കോളർഷിപ്പ് അടക്കമുള്ള വിഷയങ്ങളിൽ ലീഗിനും കോൺഗ്രസിനും വ്യത്യസ്ത വികാരമുണ്ട്. ലീഗ് നയം കോൺഗ്രസിന്റേതായി ചിത്രീകരിക്കപ്പെടുന്ന അവസ്ഥയെ മറികടന്ന് ലീഗിനെ ശക്തനായ പങ്കാളിയായി കൂടെ നിർത്താനാവും സതീശന്റേയും സുധാകരന്റേയും ശ്രമം. താഴെത്തട്ടിൽ സംഘടനയെ പുനരുജ്ജീവിപ്പിച്ച് മലബാറിൽ ലീഗിനെ പോലെ സജീവമായി തങ്ങളുടെ അണികളേയും പ്രചരണമുഖത്തിറക്കാൻ കോൺഗ്രസിന് സാധിക്കേണ്ടതുണ്ട്.