- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർത്താ താരമായി കണ്ണൂരിലെ തലയെടുപ്പുള്ള കൊമ്പൻ; മനോരമ ന്യൂസ് മേക്കർ പുരസ്ക്കാരം കെ സുധാകരന്; കെപിസിസി അധ്യക്ഷൻ ന്യൂസ് മേക്കറായത് അന്തിമ പട്ടികയിലെ നാലു പേരിൽ ഏറ്റവും കൂടുതൽ വോട്ടു നേടി; കോൺഗ്രസിനുള്ളിൽ ചുരുങ്ങിയകാലം കൊണ്ട് നടപ്പാക്കിയ മാറ്റങ്ങൾക്ക് ജനങ്ങൾ നൽകുന്ന അംഗീകാരമെന്ന് സുധാകരൻ
കൊച്ചി: കോൺഗ്രസ് പ്രവർത്തകരുടെ ആവേശമായ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ 2021ലെ മനോരമ ന്യൂസ് വാർത്താ താരം. അഭിപ്രായവോട്ടെടുപ്പിൽ ഒന്നാമതെത്തിയാണ് കെ.സുധാകരൻ 'മനോരമ ന്യൂസ് ന്യൂസ്മേക്കർ 2021' പുരസ്കാരത്തിന് അർഹനായത്. കോൺഗ്രസിനുള്ളിൽ ചുരുങ്ങിയകാലംകൊണ്ട് നടപ്പാക്കിയ മാറ്റങ്ങൾക്ക് ജനങ്ങൾ നൽകുന്ന അംഗീകാരമായി ന്യൂസ്മേക്കർ തിരഞ്ഞെടുപ്പിനെ കാണുന്നുവെന്ന് സുധാകരൻ പ്രതികരിച്ചു.
ന്യൂസ്മേക്കർ അന്തിമപട്ടികയിലെ നാലുപേരിൽ ഏറ്റവും കൂടുതൽ വോട്ടുനേടിയാണ് കെ.സുധാകരൻ ന്യൂസ്മേക്കറായത്. കോൺഗ്രസ് പ്രവർത്തകർ അർപ്പിക്കുന്ന വിശ്വാസവും ജനങ്ങളുടെ പ്രതീക്ഷയുമാണ് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് പ്രതികരിച്ച സുധാകരൻ, വിമർശനങ്ങളെയും ഉൾക്കൊള്ളുമെന്ന് കൂട്ടിച്ചേർത്തു. കോൺഗ്രസ് അണികൾക്കിടയിൽ ആവേശം പകരുന്ന സുധാകര ശൈലിക്ക് പ്രവർത്തകർ കൈയടിക്കുമ്പോവാണ് സുധാകരൻ മനോരമയുടെ ന്യൂസ് മേക്കറായത്.
സംവിധായകൻ സിദ്ദീഖ്, നടൻ രമേഷ് പിഷാരടി, മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ന്യൂസ് മേക്കർ പ്രഖ്യാപനം. അഭിപ്രായ വോട്ടെടുപ്പിൽ ഒന്നാമതെത്തിയ ആൾ കെ.സുധാകരനായിരുന്നുവെന്ന് ഫലം പ്രഖ്യാപിച്ചു കൊണ്ട് സിദ്ദിഖ് പറഞ്ഞു. വാർത്തയിൽ എപ്പോഴും സുധാകരനുണ്ടെന്ന് ജോണി ലൂക്കോസ് പറഞ്ഞു. സ്റ്റാറ്റസ്കോ കൊടിയടയാളമാക്കിയ കോൺഗ്രസ് പാർട്ടിയിൽ ഒരു മാറ്റത്തിന്റെ പ്രതീകമായി കെ.സുധാകരനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുധാകരനിസം എന്ന വാക്ക് തന്നെ അണികൾ ഉണ്ടാക്കിയിട്ടുണ്ട്. സുധാകരന്റെ ശൈലി ഇഷ്ടമാണെങ്കിലും ഇല്ലെങ്കിലും വാർത്തയിൽ സുധാകരനുണ്ടെന്നും ലൂക്കോസ് പറഞ്ഞു.
കെ സുധാകരനാണ് മനോരമ ന്യൂസ് മേക്കർ എന്നു വ്യക്തമായതോടെ സൈബർ ഇടത്തിലെ കോൺഗ്രസുകാരും ആവേശത്തിലാണ്. സുധാകരന് സൈബർ ഇടങ്ങളിൽ വലിയ പിന്തുണ തന്നെയാണ് ലഭിച്ചത്. രാഷ്ട്രീയ എതിരാളികളോടെ നോ കോംപ്രമൈസ് പറയുന്ന സുധാകര ശൈലിയാണ് അണികൾക്ക് ഇഷ്ടം. കോൺഗ്രസിന്റെ തിരിച്ചു വരവിനായി ഉടച്ചുവാർക്കൽ ആവശ്യമായ ഘട്ടത്തിലാണ് സുധാകരൻ കെപിസിസി അധ്യക്ഷനാകുന്നത്. കോൺഗ്രസിനെ സെമി കേഡർ ശൈലിയിൽ ഉടച്ചു വാർക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഈ പ്രഖ്യാപനം പോലെ കാര്യങ്ങൾ മുന്നോട്ടു പോകുകയാണ് താനും.
ഗ്രൂപ്പുകളെവെട്ടി കെപിസിസി അധ്യക്ഷപദവിയിലെത്തിയ നേതാവായിരുന്നു സുധാകരൻ. തന്റേടം കൊണ്ടും വീറുകൊണ്ടും ശ്രദ്ധേയനായ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായും നേരിൽ കോർത്തു. ബ്രണ്ണൺ കോളേജ് വിവാദത്തിൽ മുഖ്യമന്ത്രിയും പിണറായിയും തമ്മിൽ കോർത്തത് മാധ്യമങ്ങൾക്കും വലിയ വാർത്തയായിരുന്നു. സിപിഎം നേതാക്കളുമായി നിരന്തരം കൊമ്പു കോർക്കുന്ന നേതാവാണ് സുധാകരൻ.
2006ൽ ആരംഭിച്ച മനോരമ ന്യൂസ് മേക്കർ പുരസ്കാരം ആദ്യം ലഭിച്ചത് മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനാണ്. 2007ൽ പിണറായി വിജയനായിരുന്നു ന്യൂസ് മേക്കർ. 2008ൽ ഡോ.ജി മാധവൻ നായർ, 2009ൽ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി, 2010ൽ പ്രീജ ശ്രീധരൻ, 2011ൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, 2012ൽ ഇ.ശ്രീധരൻ, 2013ൽ ഋഷിരാജ് സിങ്, 2014ൽ മഞ്ജു വാര്യർ, 2015ൽ ജേക്കബ് തോമസ്, 2016ൽ മോഹൻലാൽ, 2017ൽ കാനം രാജേന്ദ്രൻ, 2018ൽ പ്രളയരക്ഷകരായ മത്സ്യത്തൊഴിലാളികൾ, 2019ൽ ബൈജു രവീന്ദ്രൻ, 2020ൽ കെ.കെ ശൈലജ എന്നിവർക്കാണ് ന്യൂസ് മേക്കർ പുരസ്കാരം ലഭിച്ചത്.
മറുനാടന് ഡെസ്ക്